വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഹായഹസ്തവുമായി താര പ്രമുഖര്‍. മമ്മൂട്ടി, ദുല്‍ഖര്‍, ഫഹദ്, കാര്‍ത്തി, സൂര്യ തുടങ്ങി നിരവധി പേരാണ് സഹായവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
മമ്മൂട്ടി ആദ്യ ഘട്ടമായി 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. ഫഹദ് ഫാസില്‍ 25 ലക്ഷവും ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷവും കൈമാറി.സൂര്യയും കാര്‍ത്തിയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ സംഭാവന നല്‍കി. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി.
താരദമ്പതികളായ പേര്‍ളി മാണിയും ശ്രീനിഷും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് അഞ്ചു ലക്ഷം രൂപയാണ് കൈമാറിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇരുവരും സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു. മാതൃകാപരമായ താരദമ്പതികളുടെ ഇടപെടലിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
ആ ചിത്രത്തിന് പേര്‍ളി നല്‍കിയ കുറിപ്പ് ഇങ്ങനെയാണ്: ദുരന്തമുഖത്ത് കാരുണ്യത്തിന്റെ ഓരോ പ്രവൃത്തിയും തിളങ്ങുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ വളരെ ദുഷ്‌കരമായിരുന്നു, സന്നദ്ധപ്രവര്‍ത്തകര്‍, രക്ഷാപ്രവര്‍ത്തകര്‍, സൈന്യം, ഫയര്‍ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍, ഗവണ്‍മെന്റ്, നമ്മുടെ ആളുകളുടെ ശ്രമങ്ങള്‍. അങ്ങനെ എല്ലാം ഞങ്ങള്‍ കാണുന്നുണ്ട്. ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമമാണിത്. നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടിരിക്കുകയും ചെയ്യുന്ന വയനാടിന് എന്നത്തേക്കാളും ഞങ്ങളുടെ പിന്തുണ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞങ്ങളും സംഭാവന ചെയ്യുന്നു. എത്ര ചെറുതാണെങ്കിലും ഓരോ പൈസയും വലുതാണ്. വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നില്‍ക്കാം, ജീവിതം പുനര്‍നിര്‍മിക്കാന്‍ സഹായിക്കാം. എന്നാണ് പേര്‍ളി കുറിച്ചത്.
ഹൃദയം തകര്‍ന്നു പോകുന്നു എന്നാണ് സൂര്യ വയനാട്ടിലെ ദുരന്തത്തോട് പ്രതികരിച്ചത്. ഉരുള്‍ പൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ദുരിത ബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സര്‍ക്കാര്‍ ഏജന്‍സി അംഗങ്ങളോടും ബഹുമാനം മാത്രം. സമൂഹ മാദ്ധ്യമത്തില്‍ സൂര്യ കുറിച്ചു. ച
വിക്രം കഴിഞ്ഞ ദിവസം 20 ലക്ഷം രൂപ സംഭാവന നല്‍കി. വിക്രമിന്റെ കേരള ഫാന്‍സ് അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. താരങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരാണ് സഹായഹസ്തവുമായി വയനാട്ടിലേക്ക് എത്തുന്നത്. മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും കൈത്താങ്ങാകുന്നു.
ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സിപി സാലിയുടെ സി പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവാരണത്തിനായി വയനാട്ടിലേക്ക് പുറപ്പെട്ടത്.