Latest News

പുതിയ ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ പതിവ് തെറ്റാതെ മമ്മൂക്കയ്ക്ക് ആരാധകന്റെ സന്ദേശം; സന്ദേശത്തില്‍ നിറഞ്ഞത് ഒരു കുടുംബത്തിന്റെ ഹൃദയവേദന; മലപ്പുറത്തെ മൂന്ന് വയസുകാരി നിദയ്ക്ക് പുതുജീവിതം പിറന്നതിങ്ങനെ

Malayalilife
 പുതിയ ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ പതിവ് തെറ്റാതെ മമ്മൂക്കയ്ക്ക് ആരാധകന്റെ സന്ദേശം; സന്ദേശത്തില്‍ നിറഞ്ഞത് ഒരു കുടുംബത്തിന്റെ ഹൃദയവേദന; മലപ്പുറത്തെ മൂന്ന് വയസുകാരി നിദയ്ക്ക് പുതുജീവിതം പിറന്നതിങ്ങനെ

 

പെരിന്തല്‍മണ്ണ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗം ജസീര്‍ ബാബു കഴിഞ്ഞ പത്തുവര്‍ഷമായി ചെയ്യുന്ന കാര്യമാണ് പുതിയ ചിത്രത്തിന്റെ റീലിസ് ദിവസം തങ്ങളുടെ പ്രിയ താരത്തിന് സ്‌ന്ദേശമയക്കല്‍. എന്നാല്‍ ഇക്കഴിഞ്ഞ
ഫെബ്രുവരി 27ന് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പക്ഷേ സിനിമയായിരുന്നില്ല വിഷയം. പതിവ് നിശബ്ദത മാത്രമേ ജസീര്‍ പ്രതീക്ഷിച്ചുള്ളൂവെങ്കിലും പക്ഷേ ഒരുമണിക്കൂറിനുള്ളില്‍ ഒരു ഫോണ്‍വിളിയെത്തി. അതിന്റെ ക്ലൈമാക്‌സില്‍ സ്‌നേഹപൂര്‍വം മമ്മൂട്ടിയെന്നെഴുതിയ കടലാസും പൂക്കളും മുറുകെപ്പിടിച്ച് ഒരു മൂന്നരവയസ്സുകാരി വിടര്‍ന്നുചിരിക്കുകയാണ്.  അവള്‍ക്ക് ഇനി പുതുഹൃദയം. അത് ഇടറാതെ മിടിക്കുകയും ചെയ്യും.

മമ്മൂട്ടിക്കയച്ച വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ ജീവിതം തിരികെക്കിട്ടിയത് മലപ്പുറം തിരൂര്‍ക്കാട് സ്വദേശിനി നിദ ഫാത്തിമയ്ക്കാണ്. ജന്മനാ ഹൃദോഗബാധിതയായ ഈ കുഞ്ഞിന്റെ ശസ്ത്രക്രിയ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയില്‍ പൂര്‍ണമായും സൗജന്യമായാണ് നടത്തിയത്.
 
റിലീസ് ദിവസം തന്നെ മമ്മൂട്ടിയുടെ സിനിമകള്‍ കണ്ട് അദ്ദേഹത്തെ അഭിപ്രായം അറിയിക്കുന്നയാളാണ് ജസീര്‍. മറുപടി പ്രതീക്ഷിച്ചല്ലെങ്കിലും പത്തുവര്‍ഷമായി ഇത് തുടരുന്നു. പക്ഷേ ഫെബ്രുവരി 27ന് അയച്ച സന്ദേശത്തില്‍ നിറഞ്ഞത് ഒരു കുടുംബത്തിന്റെ ഹൃദയവേദനയാണ്. ജസീറിന്റെ സന്ദേശം കിട്ടി ഒരുമണിക്കൂറിനുള്ളില്‍ തന്നെ മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കാരുണ്യപ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ഭാരവാഹികള്‍ ജസീറിനെ നേരിട്ട് വിളിച്ചു. 

തുടര്‍ന്നാണ് ആലുവ രാജഗിരി ആശുപത്രിയില്‍ സൗജന്യശസ്ത്രക്രിയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്. ഏപ്രില്‍ 7 ന് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മുസ്തഫ ജനീലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മൂന്നാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ മമ്മൂട്ടി കൊടുത്തയച്ച സമ്മാനവുമായി കഴിഞ്ഞദിവസം നിദയും, കുടുംബവും നാട്ടിലേക്ക് മടങ്ങി.
ജനിച്ച് മൂന്നര വയസ്സ് ആകുന്നതിനിടയില്‍ രണ്ടു ഹൃദയ ശസ്ത്രക്രിയകളിലൂടെ നിദ ഫാത്തിമ കടന്ന് പോയി. സാധാരണ ഹൃദയത്തിന് താഴെ രണ്ട് അറകള്‍ ഉണ്ടാകും. 

നിഥയ്ക്ക് ജന്മനാ ഹൃദയത്തില്‍ ഒരു അറ മാത്രമേ ( ഇടത് വെന്‍ട്രിക്കിള്‍) ഉണ്ടായിരുന്നുളളു. ജനിച്ച് മൂന്ന് മാസത്തില്‍ തന്നെ ആദ്യ സര്‍ജറി നടത്തി. തുടര്‍ന്ന് നാലാം വയസ്സിന് മുമ്പ് രണ്ടാമത്തെ സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡ്രൈവര്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന പിതാവ് അലിക്ക് മകളുടെ ശസ്ത്രക്രിയക്ക് വേണ്ടിയുളള തുക കണ്ടെത്തുക അസാധ്യമായിരുന്നു.  മാസങ്ങള്‍ക്ക് മുമ്പ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അലിക്ക് ഇത് ഇരട്ടിആഘാതവുമായി. സുഹൃത്തും, ടൈലറുമായ കുഞ്ഞാപ്പു വഴി നിദ ഫാത്തിമയുടെ രോഗവിവരം ജസീര്‍ അറിഞ്ഞതോടെ ആ കുടുംബത്തിന് മുന്നില്‍ മമ്മൂട്ടി കാരുണ്യദൂതനായെത്തി.

രാജഗിരിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.കെ കെ പ്രദീപ്, പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. എസ് വെങ്കടേശ്വരന്‍, പീഡിയാട്രിക് ഐസിയു വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസ് എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിനെ തുടര്‍ന്ന് ശരീരം നീല നിറമാകുന്ന നിഥയുടെ രോഗാവസ്ഥ പൂര്‍ണമായും ഭേദമായെന്ന് ഡോ. എസ് വെങ്കടേശ്വരന്‍ പറഞ്ഞു. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞത് നിഥയുടെ ഭാവിയ്ക്ക് ഗൂണകരമാണെന്ന് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മുസ്തഫ ജനീല്‍ എം പറഞ്ഞു.

ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് കെയര്‍ ആന്റ് ഷെയറിന്റെ വാത്സല്യം പദ്ധതിയിലൂടെ പൂര്‍ണമായും സൗജന്യമായി ചെയ്ത് നല്‍കിയത്. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയ സൌജന്യമായി നടത്തുന്നതിനാണ് കെയര്‍ ആന്‍ഡ് ഷെയര്‍ 'വാത്സല്യം' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ കെ മുരളീധരന്‍ (മുരളിയ ) പറഞ്ഞു 

പഴയ കളിയും, ചിരിയും വീണ്ടെടുത്ത് മടങ്ങാന്‍ ഒരുങ്ങവെ നിദയെ തേടി ഒരു അപ്രതീക്ഷിത സമ്മാനം എത്തി. സാക്ഷാല്‍ മമ്മൂക്ക കൊടുത്തയച്ച ബൊക്കയും, ആശംസ കാര്‍ഡും ആയിരുന്നു അതില്‍. കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികളും, ജസീര്‍ ബാബുവും ചേര്‍ന്ന് അത് കൈമാറി. മകളുമായി മടങ്ങുമ്പോള്‍ മമ്മൂക്കയുടെ ആരാധകന്‍ കൂടിയായ അലിക്ക് ഒരാഗ്രഹം മാത്രം. മമ്മൂക്കയെ കാണണം, കൂടെയൊരു ഫോട്ടോയും എടുക്കണം    

mammootty and care and share with nitha fathima

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES