സുല്‍ത്താന്‍ ബത്തേരി : നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നൂതന സംരംഭമായ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങള്‍ക്കുള്ള വീല്‍ചെയര്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലെ തപോവനം കെയര്‍ ഹോംമില്‍ വച്ച് നടന്നു.
മലങ്കര കത്തോലിക്ക സുല്‍ത്താന്‍ ബത്തേരി രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ തോമസ് ആതുരസ്ഥാപനങ്ങള്‍ക്കുള്ള വീല്‍ചെയറുകളുടെ വിതരണ പദ്ധതിയുടെ ഉദ്ഘാടനം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറെസ്റ്റ് ശ്രീമതി ഷജ്‌ന കരീം, ശാന്തിഗിരി ആശ്രമ മേധാവി ബ്രഹ്മശ്രീ സ്‌നേഹത്മ ജ്ഞാനതപസ്സി സ്വാമി എന്നിവരുടെ സാനിദ്ധ്യത്തില്‍ നിര്‍വഹിച്ചു.
പത്മശ്രീ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ ബഹുമുഖപ്രവര്‍ത്തനങ്ങള്‍ അകലെ നിന്ന് മനസിലാക്കുവാന്‍ മാത്രമേ എനിക്ക് സാധിച്ചിട്ടുള്ളു. എന്നാല്‍ ആദ്യമായിട്ടാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ ഒരു ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുവാന്‍ അവസരമുണ്ടായത്.
മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളായ കുട്ടികള്‍ക്കായുള്ള ഹൃദയ ശാസ്ത്രക്രിയ പദ്ധതി, വൃക്കമാറ്റിവെക്കല്‍ പദ്ധതി, ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപിച്ചുക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെയുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയ അനുകമ്പാപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ കേരളസമൂഹത്തിന് ഏറെ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. കൂടുതല്‍ക്കൂടുതല്‍ ഇത്തരത്തിലുള്ള നന്മപ്രവര്‍ത്തികള്‍ പ്രയാസം അനുഭവിക്കുന്ന മലയാളികള്‍ക്ക് നല്‍കുവാന്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനും കഴിയട്ടെ എന്ന് ആഗ്രഹിക്കുകയും ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപ്പുഴ ചടങ്ങിന്റെ അധ്യക്ഷത വഹിച്ച. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറെസ്റ്റ് ശ്രീമതി ഷജ്‌ന കരീം മുഖ്യപ്രഭാഷണം നടത്തി. സുല്‍ത്താന്‍ ബത്തേരി ശാന്തിഗിരി മഠത്തിപതി ബ്രഹ്മശ്രീ സ്‌നേഹത്മ ജ്ഞാനതപസ്സി സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി.
ഓര്‍ഫനേജ് അസോസിയേഷന്‍ വയനാട് ജില്ലാ അധ്യക്ഷന്‍ ജോണി പള്ളിതാഴത്ത്,ഓര്‍ഫനേജ് അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറി വിന്‍സെന്റ് ജോണ്‍, ഫാ. വിന്‍സെന്റ് പുതുശ്ശേരി,തപോവനം ബോര്‍ഡ് മെമ്പര്‍ വി പി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങള്‍ക്കുള്ള വീല്‍ചെയറുകള്‍ സ്ഥാപനത്തിന്റെ മേധാവികള്‍ ബിഷപ്പില്‍നിന്നു ഏറ്റുവാങ്ങി.