സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍, അഖില്‍ വിശ്വനാഥ് എന്നിവരാണ് റെഡ് കാര്‍പ്പറ്റിലെത്തിയത്. മുണ്ടുടുത്ത് നാടന്‍ ലുക്കിലായിരുന്നു ജോജു എത്തിയത്.
നിറഞ്ഞ കയ്യടികളേടെയാണ് സദസ്സ് ഇവരെ സ്വാഗതം ചെയ്തത്. സിനിമയുടെ ആദ്യ ഷോയാണ് വെനീസില്‍ നടന്നത്.ഏറെ നാളത്തെ ഇടവേളക്ക് ശേഷം വെനീസ് മേളയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് ചോല. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കൂത്ത് എന്നിവയാണ് ഇതിനു മുമ്പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട മലയാള ചിത്രങ്ങള്‍.
ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോന്റി മത്സര വിഭാഗത്തിലാണ് ചോല തെരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ ചിത്രമാണ് ചോല. ജോജു ജോര്‍ജ്, നിമിഷ സജയന്‍, നവാഗതനായ അഖില്‍ വിശ്വനാഥ് എന്നിവരാണ് ചോലയില്‍ പ്രധാന കഥാപാത്രങ്ങളായി തിരശീലയിലെത്തുന്നത്.
കെ.വി മണികണ്ഠന്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാജി മാത്യു, അരുണാ മാത്യു എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍.