Latest News

രഹസ്യങ്ങളുടെ താഴുതുറക്കാന്‍ ഇന്ദ്രജിത്തിന്റെ താക്കോല്‍ എത്തി; ഉടമസ്ഥനെ തേടിയെത്തിയ താക്കോല്‍ നല്‍കുന്നത് വ്യത്യസ്ഥമായ സിനിമ അനുഭവം; ഇതൊരു എന്റെര്‍ടെയിനര്‍ മൂവി അല്ല; പ്രമേയത്തെക്കാള്‍ കഥാപാത്രങ്ങള്‍ മുന്നിട്ട് നില്‍ക്കുന്ന സിനിമ ഒരു ക്ലാസിക്ക് വിഭാഗത്തില്‍ പെടുന്നു..

Malayalilife
രഹസ്യങ്ങളുടെ താഴുതുറക്കാന്‍ ഇന്ദ്രജിത്തിന്റെ താക്കോല്‍ എത്തി; ഉടമസ്ഥനെ തേടിയെത്തിയ താക്കോല്‍ നല്‍കുന്നത് വ്യത്യസ്ഥമായ സിനിമ അനുഭവം; ഇതൊരു എന്റെര്‍ടെയിനര്‍ മൂവി അല്ല; പ്രമേയത്തെക്കാള്‍ കഥാപാത്രങ്ങള്‍ മുന്നിട്ട് നില്‍ക്കുന്ന സിനിമ ഒരു ക്ലാസിക്ക് വിഭാഗത്തില്‍ പെടുന്നു..


രു താക്കോലിന്റെ രഹസ്യം തേടിയുള്ള യാത്രയെ പളളിയുടെയും വിശ്വാസത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിരിക്കുകയാണ് താക്കോല്‍ എന്ന സിനിമയിലൂടെ. ഇന്ദ്രജിത്തും മുരളി ഗോപിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ നിര്‍മ്മിച്ചിരിക്കുന്നത് പാരഗണ്‍ സിനിമയുടെ ബാനറില്‍ സംവിധായകനായ ഷാജി കൈലാസാണ്. നവാഗതനായ കിരണ്‍ പ്രഭാകരന്റേതാണ് തിരക്കഥയും സംവിധാനവും. സിനിമയുടെ ട്രെയിലറുകളില്‍ കാണിച്ചതുപോലെ തന്നെ ക്രിസ്ത്യന്‍ പുരോഹിതന്മാരിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ക്ലാസിക് സിനിമകളുടെ രീതിയില്‍ എടുത്തിരിക്കുന്ന സിനിമയില്‍ ഇന്ദ്രജിത്തിനും മുരളി ഗോപിക്കും പുറമേ രണ്‍ജി പണിക്കര്‍, നെടുമുടി വേണു, ഇനിയ, ഡോ.റോണി, സുദേവ് നായര്‍,സുധീര്‍ കരമന, പി ബാലചന്ദ്രന്‍, മീര വാസുദേവ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇതിനെല്ലാം പുറമേ താക്കോലിലൂടെ ഒരു താരപുത്രന്റെ കൂടി സിനിമാ പ്രവേശം നടന്നിരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാജി കൈലാസ് ആനി ദമ്പതികളുടെ മകന്‍ റൂഷനാണ് ലിറ്റില്‍ ആംബ്രോസിനെ അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലെ പള്ളിയും, അവിടത്തെ പള്ളീലച്ചനും കൊച്ചച്ചനുമാണ് സിനിമയുടെ കഥയെ തുടക്കത്തില്‍ മുന്നോട്ട് കൊണ്ടുപോവുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം കാണിച്ച് തുടങ്ങുന്ന സിനിമ പ്രഥമ ദൃഷ്ടിയില്‍ പള്ളീലച്ചനായ മാങ്കുന്നത്ത് പൈലി ഒരു മുരടനാണ്.  കൊച്ചച്ചനായ ആംബ്രോസിനെ ഒരിക്കലും സ്വതന്ത്രനാകാന്‍ അനുവദിക്കാതെ കൂടെ കൊണ്ട് നടക്കുന്ന മാങ്കുന്നത്ത് പൈലിയോട് ആര്‍ക്കും അല്‍പം ദേഷ്യം തോന്നാം.സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന നന്മയെക്കരുതിയുള്ള ക്രൂരകൃത്യങ്ങള്‍ എന്ന വാചകങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് മാങ്കുന്നത്ത് പൈലിയുടെ കഥാപാത്രം. സ്നേഹമുണ്ട് എന്നാല്‍ അത് പുറത്ത് കാണിക്കാതെ എപ്പോഴും ശകാരിക്കുന്ന, എന്നാല്‍ അതിനൊപ്പം തന്നെ കളങ്കമില്ലാത്ത സ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന മാങ്കുന്നത്ത് പൈലിയെ മുരളി ഗോപി നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.

ചിത്രത്തില്‍ ആംബ്രോസായി എത്തിയ ഇന്ദ്രജിത്ത് ഒന്നും തുറന്ന് പറയാന്‍ ധൈര്യമില്ലാത്ത ഒരു ഉള്‍വലിഞ്ഞ പ്രകൃതക്കാരനെയാണ് അവതരിപ്പിച്ചത്. അതിനാല്‍ തന്നെ ചിത്രത്തില്‍ ഉടനീളം ഭയവും, ആശങ്കകളും നിറഞ്ഞ ആംബ്രോസായിട്ടാണ് ഇന്ദ്രജിത്ത് എത്തിയത്. പതിഞ്ഞ താളത്തില്‍ സഞ്ചരിക്കുന്ന സിനിമലെ സങ്കീര്‍ണമായ ഘട്ടങ്ങളെ തന്മയത്വത്തിലൂടെ ഇന്ദ്രജിത്ത് കൈകാര്യം ചെയ്തിരിക്കുന്നു. ഇന്ദ്രജിത്തിന്റെയും മുരളി ഗോപിയുടെയും സിനിമയിലെ അഭിനയം എടുത്ത് പറയേണ്ട ഒന്നാണ്. ഇന്ദ്രജിത്ത് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ നായികയായി എത്തുന്നത് ഇനിയയാണ്. സിനിമയില്‍ ഉടനീളം നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രമല്ല ഇനിയയുടേത് എങ്കിലും ലഭിച്ച കഥാപാത്രത്തെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നെടുമുടി വേണു, രണ്‍ജി പണിക്കര്‍,  റോണി, സുദേവ് നായര്‍ എന്നിവരും നല്ല രീതിയില്‍ തന്നെ പെര്‍ഫോം ചെയ്തിട്ടുണ്ട്. രണ്‍ജിപണിക്കരെ സംബന്ധിച്ച് അദ്ദേഹം ഇതുവരെയും ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെ ക്ലമന്റ് എന്ന കഥാപാത്രം. നടപ്പിലും സംസാരത്തിലുമെല്ലാം വ്യത്യസ്തത സമ്മാനിച്ചാണ് രണ്‍ജിപ്പണിക്കരുടെ ക്ലമന്റ് എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക.

 

Image result for thakkol

 

ജീവിതത്തില്‍ നഷ്ടമായ സ്വാതന്ത്രം ലഭിച്ച ആംബ്രോസിനെ കാത്തിരുന്ന താഴറിയാത്ത താക്കോലിന് പിന്നാലെയുള്ള ആംബ്രോസിന്റെ യാത്ര പറയുന്ന സിനിമ ക്രിസ്ത്യന്‍ പുരോഹിതന്മാരിലൂടെ മനുഷ്യമനസുകളുടെ നിഗൂഢത തുറന്ന് കാണിക്കുന്നുണ്ട്. മാങ്കുന്നത് പൈലിയും ആംബ്രോസും തമ്മിലുള്ള ബന്ധം പറഞ്ഞു പോവുന്ന സിനിമയില്‍ ത്രില്ലര്‍ ആരംഭിക്കുന്നത് ആംബ്രോസെന്ന കഥാപാത്രത്തിന്റെ കൈയ്യില്‍ ഒരു താക്കോല്‍ കിട്ടുന്നതോടെയാണ്. താക്കോലിന്റെ രഹസ്യം കണ്ടെത്താനുള്ള യാത്രയില്‍ പല ചോദ്യങ്ങളും പ്രേക്ഷകര്‍ക്കുള്ളില്‍ ഉയര്‍ന്നേക്കാം.

വലിയൊരു രഹസ്യത്തിലേക്കുള്ള താഴ് തുറക്കുന്നതാണ് സിനിമ എന്ന് പ്രേക്ഷകനില്‍ സിനിമ തോന്നിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്ന വഴിയില്‍ ഏറെക്കുറെ നിഗൂഡതകളും ഒളിഞ്ഞിരിക്കുന്നുണ്ട്. പ്രേക്ഷകനില്‍ നിരവധി സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള എലമെന്റുകളും ഉണ്ട്. പല രീതിയിലും ചിത്രത്തിന്റെ കഥ പ്രേക്ഷകര്‍ ഊഹിച്ചെടുക്കാനും സാധ്യതയുണ്ട്. മാത്രമല്ല ചിത്രത്തിന്റെ രണ്ടാം പകുതി തുടങ്ങുമ്പോഴെക്കും ചിത്രം ഒരു സസ്പെന്‍്സ് ത്രില്ലര്‍ ആയി മാറും.

ഇനി ചിത്രത്തെക്കുറിച്ച് മൊത്തത്തില്‍ ഒന്ന് പറയുകയാണെങ്കില്‍ രണ്ടര മണിക്കൂറുള്ള സിനിമ കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു എന്റെര്‍ടെയിനര്‍ ചിത്രമല്ല താക്കോല്‍. മറിച്ച് ഏറെ സങ്കീര്‍ണതകള്‍ ഉള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ ദൈര്‍ഘ്യം പലപ്പോഴും വില്ലനാവുന്നുണ്ട്. കഥാപാത്രങ്ങള്‍ക്ക് എന്നപോലെ ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള സിനിമയാണ് താക്കോല്‍. എം. ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. ചിത്രത്തിന് ചേരുന്ന തരത്തിലുള്ള മനോഹരമായ പശ്ചാത്തല സംഗീതമാണ് ജയചന്ദ്രന്‍ നല്‍കിയിരിക്കുന്നത്. റഫീഖ് അഹമ്മദും പ്രഭാ വര്‍മ്മയും സതീഷ് ഇടമണ്ണേലുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടെതാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.മറ്റ് സാങ്കേതിക വശങ്ങളെകുറിച്ച് പറയുകയാണെങ്കില്‍ ഗോവയും കോട്ടയവും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ക്യാമറ വളരെ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നത് ആല്‍ബി ആണ്. ഒരുപക്ഷേ ദൃശ്യ ഭംഗിയേക്കാള്‍ കഥാപാത്രങ്ങളുടെ മാനസീക സങ്കര്‍ഷങ്ങളിലേക്കാണ് ക്യാമറ ചെന്നെത്തുന്നത് എന്ന് എടുത്ത് പറയേണ്ടിവരും. ശ്രീകാന്താണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

മനുഷ്യമനസിലെ സംഘര്‍ഷങ്ങള്‍ തുറന്ന് കാണിക്കുന്ന ചിത്രം ഒരു എന്റെര്‍ടെയിനര്‍ അല്ലെങ്കില്‍ പോലും കണ്ടിരിക്കാവുന്ന ഒരു ത്രില്ലര്‍ സിനിമ തന്നെയാണ്. എന്നാല്‍ ഷാജി കൈലാസിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ സിനിമയാണ് താക്കോല്‍ പറയാതെ വയ്യ. അതുകൊണ്ട് തന്നെ ഇതുവരെയുള്ള ഷാജി കൈലാസ് ചിത്രങ്ങള്‍ കണ്ട് അത്തരത്തിലുള്ള ഒരു സിനിമയായിരിക്കാം താക്കോലെന്ന് കരുതി തീയേറ്ററില്‍ എത്തുന്നവര്‍ക്ക് ചിത്ര നിരാശ നല്‍കിയേക്കാം. അല്ലാത്ത പക്ഷം കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് താക്കോല്‍..


 

thakkol malayalam movie review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES