ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഒരിടവേളക്ക് ശേഷം അദ്ദേഹം സിനിമ രംഗത്തേക്ക് വീണ്ടും കടന്ന് വരുകയാണ്. എന്നാല്‍ ഇത്തവണ നിര്‍മ്മാതാവായാണ് അദ്ദേഹത്തിന്റെ വരവ്. മാധ്യമപ്രവര്‍ത്തകനായ കിരണ്‍ പ്രഭാകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ക്രൈസ്തവ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇനിയയാണ് നായിക. സുധീര്‍ കരമന,നെടുമുടി വേണു ,മീര വാസുദേവ് തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഫാദര്‍ ആംബ്രോസ് ഓച്ചമ്പളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ഫാദര്‍ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.യാന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മുരളി ഗോപിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് താക്കോല്‍. റസൂല്‍ പൂക്കൂട്ടിയാണ് ഈ ചിത്രത്തിന്റെ ശബ്ദവിന്യാസം നിര്‍വഹിച്ചിട്ടുള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് എം ജയചന്ദ്രനാണ്.
ഡിസംബര്‍ ആറിന് റിലീസിന് ഒരുങ്ങുന്ന മലയാള ചിത്രം താക്കോലിന്റെ നിര്‍മ്മാതാക്കള്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നം തുറന്ന് കാട്ടി സഹനിര്‍മ്മാതാവ് രംഗത്തെത്തിയിരുന്നു. ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥയും കഥാപാത്രവും' എന്നു കുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി നടന്‍ ഇന്ദ്രജിത്ത് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
ചിത്രത്തിന്റെ പോസ്റ്ററിന് താഴെ കമന്റായാണ് നിര്‍മ്മാതാവ് ഷാജി കൈലാസുമായുള്ള പ്രശ്‌നത്തിന്റെ നിലവിലെ അവസ്ഥ സഹ നിര്‍മ്മാതാവായ കെ ആര്‍ പ്രസാദ് തുറന്ന് കാട്ടി രംഗത്തെത്തിയത്. ഡിസംബര്‍ 6 നു റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന താക്കോല്‍ സിനിമ വിശേഷങ്ങളെ കുറിച്ച് എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.
സിനിമയ്ക്ക് പരസ്യം പോരാ എന്നുള്ള പരാമര്‍ശം വിനയപൂര്‍വം അംഗീകരിക്കുന്നുവെന്നും പ്രസാദ് കുറിച്ചിരിക്കുന്നു. താക്കോല്‍ സിനിമയുടെ പ്രൊഡ്യൂസറും കോ പ്രൊഡ്യൂസറും ആയ കെആര്‍ പ്രസാദും തമ്മിലുള്ള പ്രശ്‌നത്തില്‍ 2019 നവംബര്‍ 20ന് 2 കേസുകളുടെ വിധി ബഹുമാനപ്പെട്ട കോടതി പരിഗണിക്കാന്‍ വച്ചിരിക്കുകയാണെന്നും ഈ അവസരത്തില്‍ മറ്റു വിവരങ്ങള്‍ തത്കാലം വെളിപ്പെടുത്താന്‍ നിയമം അനുവദിക്കാത്തതില്‍ ഖേദിക്കുന്നുവെന്നും പ്രസാദ് കുറിച്ചു. ക്ഷമിക്കണമെന്നും 2018 ഏപ്രില്‍ 14ന് ഷൂട്ടിങ് തുടങ്ങിയ താക്കോല്‍ സിനിമയുടെ അവസ്ഥ ഇപ്പോഴും ദയനീയമാണെന്നും പ്രസാദ് കുറിച്ചിരിക്കുന്നു.
ഹാസ്യവും സസ്‌പെന്‍സും കലര്‍ത്തിയാണ് താക്കോല്‍ ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ സംഗീതത്തിനും ശബ്ദത്തിനും വളരെയേറെ പ്രധാന്യമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ആകാംക്ഷാഭരിതമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രം ഹാസ്യരൂപത്തിലായിരിക്കും അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.