ആറ്റുകാല്‍ പൊങ്കാലയില്‍ സിനിമാ-സീരിയല്‍ നടിമാര്‍ പങ്കെടുക്കുന്നതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി നടി സരിത ബാലകൃഷ്ണന്‍ രംഗത്ത്. ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ ഭക്തിസംഗമം ഒരു സാധാരണ ഭക്തയായി അനുഭവിക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി ഏതൊരു മെഗാഹിറ്റ് സീരിയലിനേക്കാളും വലുതാണെന്ന് സരിത ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. അഭിനയമില്ലാത്ത ആത്മാര്‍ത്ഥമായ നിമിഷങ്ങളാണിവയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പൊങ്കാല ഒരു 'നടിമാരുടെ പരിപാടി'യായി മാറിയെന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സരിത പറഞ്ഞു. ആറ്റുകാല്‍ അമ്മയുടെ മണ്ണില്‍ പാതയോരത്ത് ലക്ഷക്കണക്കിന് സ്ത്രീകളോടൊപ്പം അടുപ്പുകൂട്ടി പൊങ്കാലയിടുമ്പോള്‍ താന്‍ ആ ഭക്തിസമുദ്രത്തിലെ ഒരു ചെറിയ തുള്ളി മാത്രമാണ്. ഒരു നടിയായതുകൊണ്ട് തന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത് ചിലര്‍ക്ക് തെറ്റായി തോന്നിയേക്കാമെന്നും അവര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഭക്തിസംഗമങ്ങളിലൊന്നായ ഇവിടെ ഒരു സാധാരണ സ്ത്രീയായി, ഭക്തയായി പങ്കെടുക്കുന്നത് പുണ്യമായാണ് താന്‍ കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സീരിയലിലെ കരച്ചിലിന് ഗ്ലിസറിന്‍ ആവശ്യമാണെങ്കില്‍, പൊങ്കാലവെയിലിന്റെ ചൂടില്‍ അടുപ്പിന് മുന്നിലിരുന്ന് കണ്ണുനീരും വിയര്‍പ്പും ഒഴുക്കുന്നത് തികച്ചും യാഥാര്‍ത്ഥ്യമാണെന്ന് സരിത ബാലകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. അവിടെ നായികയും വില്ലത്തിയുമില്ല, അമ്മയുടെ ഭക്തര്‍ മാത്രമാണ്. ക്യാമറക്ക് മുന്നില്‍ തങ്ങള്‍ നായികയോ വില്ലത്തിയോ ഒക്കെയാകാം. എന്നാല്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ പുകയേറ്റ് കണ്ണു നിറയുമ്പോള്‍ അത് ഗ്ലിസറിന്‍ അല്ല. അവിടെ റീടേക്കുകളോ പ്രോംപ്റ്റിംഗോ ഇല്ല; കേവലം ഭക്തി മാത്രം. ക്യാമറക്കണ്ണുകള്‍ തങ്ങളെ തിരഞ്ഞുപിടിക്കുന്നുണ്ടാവാം, പക്ഷേ തങ്ങളുടെ കണ്ണുകള്‍ തേടുന്നത് ആ ചൈതന്യത്തെ മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.
ലക്ഷക്കണക്കിന് സ്ത്രീകളുടെ ഇടയില്‍ ഒരു നടിയായല്ല, വെറും ഒരു ഭക്തയായാണ് താനിരിക്കുന്നതെന്നും, ഈ 'ഷോ'യില്‍ ലഭിക്കുന്ന പ്രതിഫലം റേറ്റിംഗല്ല, അമ്മയുടെ അനുഗ്രഹമാണെന്നും സരിത അടിവരയിട്ടു. അഭിനയമല്ലാത്ത ഒരേയൊരു നിമിഷമാണിതെന്നും, അതുകൊണ്ട് ഈ 'സീരിയല്‍ നടിമാരുടെ പരിപാടി' കണ്ട് ആരും ആധി പിടിക്കേണ്ടതില്ലെന്നും അവര്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചു.