നടന്‍ ജനാര്‍ദ്ദനനെ കാണാനെത്തി നടി ലിസിയും കൊച്ചിന്‍ ഹനീഫയുടെ കുടുംബവും. ഈ മനോഹരമായ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും കൊച്ചിന്‍ ഹനീഫയുടെ ഭാര്യാസഹോദരന്‍ ഫിറോസാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആശാന്റെ സ്വന്തം എല്‍ദോന്റെ ഭാര്യയാണ് എന്നു പറഞ്ഞാണ് കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസിലയെ പരിചയപ്പെടുത്തിയതെന്ന് ഫിറോസ് പറഞ്ഞു.
കൊച്ചിന്‍ ഹനീഫയുടെ വീടിന് അടുത്താണ് ജനാര്‍ദ്ദനന്റെ വീട്. അവിടേക്ക് ലിസിക്കൊപ്പമാണ് ഹനീഫയുടെ കുടുംബം എത്തിയത്. ഫാസിലയെ കണ്ടപ്പോള്‍ ജനാര്‍ദ്ദനന് പെട്ടെന്ന് മനസ്സിലായില്ല. അപ്പോഴാണ് ആശാന്റെ സ്വന്തം എല്‍ദോന്റെ ഭാര്യയാണ് എന്നാണ് പരിചയപ്പെടുത്തിയത്. പൊട്ടിച്ചിരിയോടെയാണ് ആ പരിചയപ്പെടുത്തലിനെ അദ്ദേഹം സ്വീകരിച്ചത്.
യാത്ര പറഞ്ഞ് തിരികെ പോരുമ്പോള്‍ ലിസിയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നുവെന്നും ഫിറോസ് പറയുന്നുണ്ട്. ജനാര്‍ദ്ദനനും ഏറെ വൈകാരികമായിരുന്നു ആ കൂടിക്കാഴ്ച. അത് വെറുമൊരു കണ്ണീര്‍ ആയിരുന്നില്ല. എത്രയോ വര്‍ഷങ്ങള്‍ ആയുളള സ്നേഹത്തിന്റെയും കരുതലിന്റെയും ആത്മബന്ധത്തിന്റെയും പ്രകടമായിരുന്നു അത് എന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസമാണ് കൊച്ചിന്‍ ഹനീഫയുടെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയത്. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഫാസിലയും മക്കളും സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്.