കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോയ മാനസിക പ്രയാസങ്ങളെക്കുറിച്ച് ഗായിക അഞ്ജു ജോസഫിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടന്നുപോയ കടുത്ത മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചാണ് അഞ്ജു ജോസഫിന്റെ കുറിപ്പ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ തനിക്ക് വ്യക്തിപരമായി ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് അഞ്ജു തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി. കടുത്ത പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ യാതൊരു ചോദ്യങ്ങളുമില്ലാതെ തനിക്കൊപ്പം നിന്ന ഭര്‍ത്താവ് ആദിത്യയ്ക്കും സുഹൃത്തുക്കള്‍ക്കും ഗായിക കുറിപ്പിലൂടെ നന്ദി അറിയിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
'കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ എനിക്ക് വളരെ പ്രയാസകരമായിരുന്നു. ജീവിതം ഏറ്റവും സന്തോഷകരമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ എനിക്ക് ആങ്സൈറ്റി മരുന്നുകള്‍ വീണ്ടും ആരംഭിക്കേണ്ടി വന്നു. വീണ്ടും ഇന്‍ഹേലര്‍ എടുക്കാന്‍ ആരംഭിച്ചു. കഴിഞ്ഞു പോയ കാലത്തെ ട്രോമകള്‍ ഏത് സമയത്ത് വേണമെങ്കിലും തിരികെ വരാമെന്ന് തിരിച്ചറിഞ്ഞു''
''ഇതാണ് ഞാന്‍ എന്നത് ഉള്‍ക്കൊണ്ടു. ഞാന്‍ വരാന്‍ ആവശ്യപ്പെടുക പോലും ചെയ്യാതെ തന്നെ വന്ന എന്റെ ജീവിതത്തിലെ ഈ മനുഷ്യരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അവര്‍ വന്നു, പ്രശ്നങ്ങളെക്കുറിച്ച് ഒന്നും ചോദിക്കാതെ തന്നെ. എന്നെ ജഡ്ജ് ചെയ്തില്ല, ഉപദേശിച്ചില്ല. എനിക്കൊപ്പം നില്‍ക്കുകയും എന്നെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു. ജീവിതത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു''
ഒരു ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് പിന്നീട് പിന്നണി ഗാനരംഗത്തും അഭിനയത്തിലും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അഞ്ജു ജോസഫ്. മുന്‍പും തന്റെ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും അഞ്ജു പൊതുവേദികളില്‍ തുറന്നുസംസാരിച്ചിട്ടുണ്ട്. 2024-ലായിരുന്നു ആദിത്യയുമായുള്ള അഞ്ജുവിന്റെ വിവാഹം. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ജോഡിയാണ് ഇരുവരും.