Latest News

ഫ്‌ളാറ്റ് തട്ടിപ്പ് കേസ്; ജയിലിലായ നടന്‍ ജോണ്‍ ജേക്കബ് ജാമ്യം തേടി ഹൈക്കോടതിയില്‍ ജാമ്യം തേടാനുള്ള ശ്രമത്തില്‍; വാറണ്ട് ഉണ്ടായിരുന്നിട്ടും ഭാര്യയും നടിയുമായ ധന്യ മേരി വര്‍ഗീസിനെ അറസ്റ്റു ചെയ്യാത്തതില്‍ വിമര്‍ശനം;  സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സിനെതിരെ നടപടികള്‍ തുടരുമ്പോള്‍

Malayalilife
ഫ്‌ളാറ്റ് തട്ടിപ്പ് കേസ്; ജയിലിലായ നടന്‍ ജോണ്‍ ജേക്കബ് ജാമ്യം തേടി ഹൈക്കോടതിയില്‍ ജാമ്യം തേടാനുള്ള ശ്രമത്തില്‍; വാറണ്ട് ഉണ്ടായിരുന്നിട്ടും ഭാര്യയും നടിയുമായ ധന്യ മേരി വര്‍ഗീസിനെ അറസ്റ്റു ചെയ്യാത്തതില്‍ വിമര്‍ശനം;  സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സിനെതിരെ നടപടികള്‍ തുടരുമ്പോള്‍

കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതിയായ പ്രമുഖ സിനിമാ താരം ജോണ്‍ ജേക്കബ് അറസ്റ്റിലായി ജയിലെന്ന് റിപ്പോര്‍ട്ട്.ഉപഭോക്തൃ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അറസ്റ്റിലായി നിലവില്‍ പൂജപ്പുര ജില്ലാ ജയിലില്‍ കഴിയുന്ന താരം ഹൈക്കോടതിയില്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ്. അതേസമയം, കേസില്‍ തുല്യ പങ്കാളിയും ഒന്നിലേറെ അറസ്റ്റ് വാറന്റുകള്‍ നിലനില്‍ക്കുന്ന ആളുമായ ഭാര്യയും നടിയുമായ ധന്യ മേരി വര്‍ഗ്ഗീസിനെ പോലീസ് അറസ്റ്റ് ചെയ്യാത്തതിനെതിരെ വഞ്ചിക്കപ്പെട്ട നിക്ഷേപകര്‍ രംഗത്തെത്തിയിട്ടുണ്ട്.

കണ്‍സ്യൂമര്‍ കേസിന്റെ ഭാഗമായുള്ള നടപടികളില്‍ പ്രതിയാക്കപ്പെട്ട ഒരു പ്രമുഖ വ്യക്തി അറസ്റ്റിലാകുന്നത് ഇതാദ്യമായാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അന്നേ ദിവസം പേരൂര്‍ക്കട പോലീസ് പൂജപ്പുരയിലെ വസതിയിലെത്തി ജോണ്‍ ജേക്കബിനെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി പൂജപ്പുര ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. കോടികളുടെ സാമ്പത്തിക വഞ്ചന നടന്ന കേസില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് തട്ടിപ്പിനിരയായവരുടെ പ്രാഥമിക ആവശ്യം. സെപ്റ്റംബര്‍ 29 മുതല്‍ ജയിലില്‍ കഴിയുന്ന ജോണ്‍ ജേക്കബ്, തനിക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ നിഷേധിച്ച് നിയമപരമായ ആനുകൂല്യം തേടിയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നീക്കം നടത്തുന്നത്. എന്നാല്‍, നിക്ഷേപകരുടെ ശക്തമായ എതിര്‍പ്പ് കാരണം ജാമ്യാപേക്ഷയില്‍ വിചാരണ കടുക്കാനാണ് സാധ്യത.


കേസില്‍ ജോണ്‍ ജേക്കബിന്റെ അതേ അളവില്‍ പങ്കാളിത്തമുള്ള ധന്യ മേരി വര്‍ഗ്ഗീസിനെതിരെ ഒന്നിലേറെ കണ്‍സ്യൂമര്‍ കോടതി വാറന്റുകള്‍ നിലവിലുണ്ട്. എന്നിട്ടും നടിക്കെതിരെ പോലീസ് കാണിക്കുന്ന മൃദുസമീപനം കേസിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഇരുവര്‍ക്കുമെതിരെ വ്യക്തമായ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നിട്ടും ധന്യയെ മാത്രം ഒഴിവാക്കിയത് ദുരൂഹമാണെന്നാണ് നിക്ഷേപകരുടെ നിലപാട്. സ്ത്രീയെന്ന പരിഗണനയില്‍ ഇവരെ അറസ്റ്റു ചെയ്തില്ലെന്ന ന്യായം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണ്.

പേരൂര്‍ക്കട പോലീസ് അറസ്റ്റിനായി ഇവരുടെ ഫ്ലാറ്റിലെത്തുമ്പോള്‍ ജോണ്‍ ജേക്കബും ധന്യ മേരി വര്‍ഗ്ഗീസും ഒരുമിച്ചുണ്ടായിരുന്നുവെന്ന് നിക്ഷേപകര്‍ വെളിപ്പെടുത്തുന്നു. സംഭവദിവസത്തെ ഫ്ലാറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പോലീസ് എത്തുമ്പോള്‍ നടി അവിടെയുണ്ടായിരുന്നുവെന്ന് വ്യക്തമാകുമെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, സ്ത്രീ എന്ന പരിഗണന നല്‍കി നടിയെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ്, നേരിട്ട് കോടതിയിലെത്തി ജാമ്യമെടുക്കാന്‍ ധന്യയോട് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് വിവരം. 


സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് കമ്പനിയുടെ മറവില്‍ നടത്തിയ 130 കോടിയോളം രൂപയുടെ തട്ടിപ്പിലാണ് ജോണ്‍ ജേക്കബും ധന്യ മേരി വര്‍ഗ്ഗീസും പ്രധാന പ്രതികളായിരിക്കുന്നത്. 2011-ല്‍ തിരുവനന്തപുരത്തെ വിവിധ ഭാഗങ്ങളില്‍ ഫ്ലാറ്റുകളും വില്ലകളും നിര്‍മ്മിച്ച് നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് 150-ഓളം ആളുകളില്‍ നിന്നാണ് ഇവര്‍ വന്‍തോതില്‍ അഡ്വാന്‍സ് തുക കൈപ്പറ്റിയത്. 2014-ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഫ്ലാറ്റുകള്‍ കൈമാറുമെന്നായിരുന്നു കമ്പനിയുടെ ഉറപ്പ്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതിരുന്നതോടെയാണ് നിക്ഷേപകര്‍ നിയമപോരാട്ടത്തിലേക്ക് കടന്നത്. 

പണി പൂര്‍ത്തിയാകാത്ത അപ്പാര്‍ട്ടുമെന്റുകള്‍ക്കും വില്ലകള്‍ക്കുമായി ഉപഭോക്താക്കളില്‍ നിന്ന് ഏകദേശം 100 കോടിയോളം രൂപയാണ് ഇവര്‍ സമാഹരിച്ചത്. ഇതിനുപുറമേ, ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി 30 കോടി രൂപ വേറെയും വാങ്ങി കൂട്ടിയതായി വിജിലന്‍സിനും പോലീസിനും ലഭിച്ച പരാതികളില്‍ വ്യക്തമാക്കുന്നു. നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്ത് വാങ്ങിയ തുക ഉപയോഗിച്ച് ഒരു ഫ്ലാറ്റ് തന്നെ വ്യാജരേഖകള്‍ ചമച്ച് ഒരേസമയം ഒന്നിലധികം വ്യക്തികളുടെ പേരില്‍ ആധാരം ചെയ്തു നല്‍കിയതായും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ തിരുവനന്തപുരം നഗരപരിധിയിലെ മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ തട്ടിപ്പു കേസുകളാണ് ജോണ്‍ ജേക്കബിനും ധന്യ മേരി വര്‍ഗ്ഗീസിനുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എല്ലാ കേസുകളിലും ഇരുവരും സമഗ്രമായി അന്വേഷണം നേരിടേണ്ടതുണ്ട്. അതിനിടെ, ഒളിവില്‍ പോവുകയോ ജാമ്യമെടുക്കുകയോ ചെയ്ത ധന്യ മേരി വര്‍ഗ്ഗീസിന്റെ നിലവിലെ നിയമപരമായ സ്ഥിതിയെക്കുറിച്ച് വ്യക്തതയില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
 

john jacob and dhanya mery case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES