Latest News

കല്യാണ സൗഗന്ധികത്തില്‍ ഒരു വേഷം പറഞ്ഞിരുന്നതാണ്; പക്ഷേ അദ്ദേഹം സംവിധാനം ചെയ്ത തമിഴ് സിനിമയുടെ തിരക്കിലായിരുന്നു; പിന്നീട് എന്റെ പത്തിലധികം സിനിമകളിലുണ്ടായിരുന്നു; ഓര്‍മ്മചിത്രം പങ്കിട്ട് വിനയന്‍;  കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് 16 വയസ്

Malayalilife
കല്യാണ സൗഗന്ധികത്തില്‍ ഒരു വേഷം പറഞ്ഞിരുന്നതാണ്; പക്ഷേ അദ്ദേഹം സംവിധാനം ചെയ്ത തമിഴ് സിനിമയുടെ തിരക്കിലായിരുന്നു; പിന്നീട് എന്റെ പത്തിലധികം സിനിമകളിലുണ്ടായിരുന്നു; ഓര്‍മ്മചിത്രം പങ്കിട്ട് വിനയന്‍;  കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്ക് 16 വയസ്

വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് വിസ്മയിപ്പിച്ച താരമാണ് കൊച്ചിന്‍ ഹനീഫ. തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായി വേറിട്ട റോളുകളില്‍ നിറഞ്ഞാടിയ പ്രതിഭയായിരുന്ന നടന്‍ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം. 

കിരീടത്തിലെ ഹൈദ്രോസും പഞ്ചാബി ഹൗസിലെ ഗംഗാധരന്‍ മുതലാളിയും പുലിവാല്‍ കല്യാണത്തിലെ ധര്‍മ്മേന്ദ്രയും മീശമാധവനിലെ ത്രിവിക്രമനും തുടങ്ങി തീയേറ്ററുകളെ പൊട്ടിച്ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റിയ കഥാപാത്രങ്ങളായിരുന്നു കൊച്ചിന്‍ ഹനീഫയുടേത്. ഇപ്പോളിതാ നടന്‍ വിനയന്‍ പങ്ക് വച്ച് ഓര്‍മ്മചിത്രം ആണ് ശ്രദ്ധേയമാകുന്നത്.

വിനയന്റെ സംവിധാനത്തില്‍ 1996 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു 'കല്യാണസൗഗന്ധികം'. ദിലീപ്, ദിവ്യ ഉണ്ണി, ക്യാപ്റ്റന്‍ രാജു തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ നടന്‍ കൊച്ചിന്‍ ഹനീഫയ്ക്കും ഒരു കഥാപാത്രം നിശ്ചയിച്ചിരുന്നുവെന്നും എന്നാല്‍ വേഷം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് വിനയന്‍.

കൊച്ചിന്‍ ഹനീഫ അദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരുന്ന തമിഴ് സിനിമയുടെ തിരക്കിലായിരുന്നതിനാല്‍ ചിത്രത്തില്‍ അഭിനയിക്കാനായില്ലെന്നും, എന്നാല്‍ തുടര്‍ന്ന് പുറത്തിറങ്ങിയ തന്റെ പത്തോളം സിനിമകളില്‍ കൊച്ചിന്‍ ഹനീഫയ്ക്ക് അഭിനയിക്കാനായെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

'ഒരു ഓര്‍മ്മച്ചിത്രം ... കല്യാണ സൗഗന്ധികം എന്ന സിനിമയുടെ സോംഗ് റെക്കോഡിംഗ് മദ്രാസിലെ കോദണ്ഡപാണി സ്റ്റുഡിയോയില്‍ നടക്കുന്ന സമയം അവിടെ എത്തിയ കൊച്ചിന്‍ ഹനീഫിക്ക ഞാനും ക്യാപ്റ്റന്‍ രാജുച്ചേട്ടനു മായി സംസാരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റു ചെയ്യുന്നു..

അന്ന് ഹനീഫിക്കയ്ക് കല്യാണ സൗഗന്ധികത്തില്‍ ഒരു വേഷം പറഞ്ഞിരുന്നതാണ്.. പക്ഷേ അദ്ദഹം സംവിധാനം നിര്‍വഹിച്ച ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗ് അതേ സമയം ഉണ്ടയിരുന്നതിനാല്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.. പിന്നീട് എന്റെ പത്തിലധികം സിനിമകളില്‍ ഹനീഫിക്ക അഭിനയിച്ചു..ജേഷ്ട സഹോദരന്‍മാരെ പോലെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന രണ്ടു പേരായിരുന്നു രാജുച്ചട്ടനും ഹനീഫിക്കയും' വിനയന്‍ കുറിച്ചു.

സിനിമാ മോഹവുമായി ചെന്നൈയിലെത്തിയ ഹനീഫ 1972ല്‍ പി വിജയന്‍ സംവിധാനം ചെയ്ത അഴിമുഖത്തിലൂടെയാണ് സിനിമയിലെത്തിയത്. ക്യാരക്ടര്‍ റോളുകളും ഹനീഫ മികച്ചതാക്കി. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും ഹനീഫ അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസനൊപ്പമുള്ള മഹാനദിയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ഒരു സന്ദേശം കൂടി' എന്ന സിനിമയിലൂടെ സംവിധാനരംഗത്തെത്തിയ ഹനീഫയുടെ 'വാത്സല്യം' ഏറെ ശ്രദ്ധിക്കപ്പെട്ടു. ആരംഭം, കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി തുടങ്ങിയ സിനിമകളുടെ തിരക്കഥ എഴുതി.

cochin haneefa death anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES