മലയാള സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിക്കൊണ്ട് സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ ഒന്നിക്കുന്നു. നീണ്ട മുപ്പത്തിയെട്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഈ ഹിറ്റ് കൂട്ടുകെട്ട് ഒരു പ്രൊജക്റ്റിനായി വീണ്ടും കൈകോര്‍ക്കുന്നത്. ഒരു പുതിയ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം മകള്‍ കല്യാണി പ്രിയദര്‍ശനും ഈ പരസ്യ ചിത്രത്തില്‍ അണിനിരക്കുന്നു എന്നത് സിനിമാ ലോകത്ത് വലിയ കൗതുകമുണര്‍ത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയതിന്റെ സന്തോഷവും അനുഭവങ്ങളും ലിസി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയായിരുന്നു ലിസിയുടെ പ്രതികരണം. ലിസിയുടെ വാക്കുകള്‍...
'പ്രിയേട്ടനൊപ്പം അവസാനം പ്രവര്‍ത്തിച്ചിട്ട് 38 വര്‍ഷമായിരിക്കുന്നു, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷത്തിലാണ്. ഞങ്ങള്‍ അവസാനമായി ഒരുമിച്ച് വര്‍ക്ക് ചെയ്ത സിനിമ 'ചിത്രം' ആയിരുന്നു. ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍, കല്യാണ്‍ ജൂവലേഴ്‌സിന്റെ ഈ പരസ്യചിത്രത്തില്‍ ഞാന്‍ എന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്റെ 'റീല്‍' അമ്മയായി എത്തുന്നു എന്നതാണ്.
പ്രിയേട്ടന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അഭിലാഷ്, ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം സെറ്റില്‍ പരിഭ്രമം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ഇല്ല എന്ന്. കാരണം, പ്രിയേട്ടന് എന്നെക്കുറിച്ച് അക്ഷരാര്‍ത്ഥത്തില്‍ അറിയാം; എന്റെ മികച്ചതും മോശവുമായ മുഖഭാവങ്ങള്‍ വരെ അദ്ദേഹത്തിനറിയാം, എന്നെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അറിയാം. ഇത് കേട്ടപ്പോള്‍ പ്രിയേട്ടന്‍ തമാശയായി പറഞ്ഞു, 'അവളുടെ നല്ലതും ചീത്തതുമായ സ്വഭാവങ്ങളും എനിക്കറിയാം'. സെറ്റില്‍ എത്തിയപ്പോള്‍ എനിക്ക് നൊസ്റ്റാള്‍ജിയ തോന്നി.
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞത് അടക്കിപ്പിടിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. മുഴുവന്‍ ഷൂട്ടും ഒരു ആഘോഷം പോലെയായിരുന്നു. എന്റെ മനസ്സു നിറയെ പല വികാരങ്ങളാണ്. എന്റെ ജീവിതം ഒരു പൂര്‍ണ്ണ വൃത്തം പൂര്‍ത്തിയാക്കിയപോലെ. എന്റെ പ്രിയപ്പെട്ട ആരാധകരേ, പ്രേക്ഷകരേ, നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനകളും പിന്തുണയും എനിക്ക് ആവശ്യമാണ്' ലിസി കുറിച്ചു.