പലപ്പോഴും വിവാദങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് നടന്‍ വിനായകന്‍. പൊതുവിടങ്ങളിലെ പെരുമാറ്റത്തിന്റെയും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളുടെയും പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന താരം ഓണത്തോട് അനുബന്ധിച്ച് മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും പങ്കു വച്ചിരിക്കുകയാണ്.
ഭാര്യയുമായി വേര്‍പിരിഞ്ഞാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും അവര്‍ക്ക് താന്‍ സമാധാനം കൊടുത്തിരുന്നില്ലെന്നുമാണ് വിനായകന്‍ വെളിപ്പെടുത്തിയത്.ഭാര്യ ഉണ്ടായിരുന്നു, ഇപ്പോള്‍ സെപ്പറേറ്റഡായി. ഞങ്ങള്‍ വഴക്കൊന്നുമല്ല. ഒരുമിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല, അതുകൊണ്ട് വേര്‍പിരിഞ്ഞു. ഒരാളോടെങ്കിലും നമ്മള്‍ മനസ്സു തുറന്നു സംസാരിക്കുമല്ലോ. ഞാന്‍ മനസ്സു തുറന്ന് സംസാരിച്ചിരുന്നത് ഭാര്യയോടായിരുന്നു. ഇപ്പോള്‍ അങ്ങനെ ആരുമില്ല. അവിടെയൊക്കെയാണ് ഞാന്‍ ഭയങ്കര ഡാര്‍ക്കായി പോയത്.'
'എന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണ് പിരിഞ്ഞത്. അവളുടെ പ്രശ്‌നമല്ല. സമാധാനം കൊടുക്കുന്നില്ല ഞാന്‍. ഇതാണ് എനിക്ക് നല്ലത്, പുള്ളിക്കാരിക്കും. അല്ലെങ്കില്‍ സൗണ്ട് ആയിരിക്കും, ബഹളം ആയിരിക്കും എപ്പോഴും. ഇതാണ് നല്ലത്. അവള്‍ ഇപ്പോഴും എന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ട്. എന്റെ യുട്യൂബ് വരെ റീചാര്‍ജ് ചെയ്യുന്നത് പുള്ളിക്കാരിയാണ്,' വിനായകന്‍ പറയുന്നു.
തനിക്ക് നന്നായി സംസാരിക്കാനറിയില്ലെന്നും താനാരോെടങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇഷ്ടമെന്നാണെന്നും നടന്‍ വിനായകന്‍. വിനായകന്‍ എന്ന മനുഷ്യനെ മറച്ചുവച്ചുകൊണ്ടുള്ള ഒരു പെരുമാറ്റമാണോ പൊതു സമൂഹത്തില്‍ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.
താനൊരു പബ്ലിക് പ്രോപര്‍ട്ടി ആയതുകൊണ്ടുള്ള പ്രശ്‌നമാണെന്നും സെല്‍ഫ് ഗാര്‍ഡ് എന്ന നിലയിലാണ് ആളുകളോട് വലിയ തോതില്‍ അടുക്കാത്തതെന്നും വിനായകന്‍ പറയുന്നു. നേരെ ഉള്‍ട്ടയാണ് തന്റെ കാര്യങ്ങളെല്ലാം, ഒരു സമൂഹത്തിലേക്കിറങ്ങിയാല്‍ ചുറ്റും ആരാണെന്നതുള്ളത് തനിക്ക് വലിയ വിഷയമാണ്, കൂടെയുള്ളവരാണെങ്കില്‍ പ്രശ്‌നമില്ല, മറിച്ച് അറിയാത്ത ആളുകളാണെങ്കില്‍ അവരെന്ത് ചിന്തിക്കുമെന്നത് തന്നെ ബാധിക്കുന്നൊരു പ്രശ്‌നമാണ്, ഏറെ ചിന്തിച്ചുകൂട്ടുന്നൊരു സ്വഭാവമുണ്ടെന്നും അതാണ് ഒരു പ്രശ്‌നമെന്നും വിനായകന്‍ പറയുന്നു.
അറിയാത്ത ആളുകളെ കാണുന്നതും സംസാരിക്കുന്നതും തനിക്കേറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും വിനായകന്‍ പറയുന്നു.നടനായിട്ട് നില്‍ക്കാനല്ല മറിച്ച് താനെന്ന വ്യക്തിയായി നില്‍ക്കാനാണ് ഇഷ്ടമെന്നും എന്നാല്‍ വീട്ടില്‍പ്പോലും നടനായിട്ടാണ് പരിഗണിക്കുന്നതെന്നും വിനായകന്‍. വ്യക്തിത്വം എവിടേയും പുറത്തെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ്, ഗോവയില്‍പ്പോയി ഡാന്‍സ് കളിക്കുന്നതാണ് ഏറെ ഇഷ്ടമുള്ള കാര്യമെന്നും വെറുതേയിങ്ങനെ തുള്ളുകയെന്നതാണ് തന്നെ രസിപ്പിക്കുന്ന കാര്യമെന്നും വിനായകന്‍ വ്യക്തമാക്കുന്നു. തന്റെ എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കുന്നത് ഗോവയിലാണെന്നും നടന്‍ വിനായകന്‍ അഭിമുഖത്തില്‍ പറയുന്നു.