സിനിമാ രംഗത്ത് സജീവമല്ലെങ്കിലും നടി ലിസി ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.പ്രിയദര്‍ശന്‍നുമായി വിവാഹബന്ധം വേര്‍പ്പെടുത്തി അകന്ന് കഴിയുകയാണെങ്കിലും മക്കളുടെ കാര്യം വരുമ്പോള്‍ എല്ലാം മറന്ന് ഒന്നിച്ച് നിന്നാണ് കടമകള്‍ ചെയ്യാറുള്ളത് ചിത്രങ്ങളിലൂടെ പലപ്പോഴും പുറത്ത് വരാറുണ്ട്. അടുത്തിടെ കൊച്ചുമകള്‍ക്കൊപ്പമുള്ള പ്രിയദര്‍ശന്റെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്റ്റാര്‍ കിഡ്‌സാണ് കല്യാണിയും സഹോദരന്‍ സിദ്ധാര്‍ത്ഥും.
ഇപ്പോളിതാ ആലപ്പി അഷറഫ്. ജീവിതയാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു വളരാന്‍ കല്യാണിയേയും സിദ്ധാര്‍ഥിനെയും പ്രിയദര്‍ശനും ലിസിയും ചേര്‍ന്ന് ചെറുപ്പത്തില്‍ പഠിപ്പി്ച്ചതിനെക്കുറിച്ച് പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.
ആലപ്പി അഷറഫിന്റെ വാക്കുകള്‍:
ജീവിത മുഹൂര്‍ത്തങ്ങള്‍ ഓരോന്നും ഭാവിയെ തേടാനുള്ള മരുന്നാണ്. ഇവിടെ കല്യാണി പ്രിയദര്‍ശന്റെ ജീവിതവീക്ഷണങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃക കൂടിയാണ്. കല്യാണി പ്രിയദര്‍ശന്റെയും സഹോദരന്‍ സിദ്ധാര്‍ത്ഥിന്റെയും ജീവിതവഴികളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. ലിസി പ്രിയദര്‍ശന്‍ ദമ്പതികളുടെ കുട്ടികളാണല്ലോ കല്യാണി എന്ന അമ്മുവും സിദ്ധാര്‍ഥ് എന്ന ചന്തുവും. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ച ഈ രണ്ടു കുട്ടികളെയും അവര്‍ വളര്‍ത്തികൊണ്ടുവന്നത് ആര്‍ഭാടത്തിന്റെ രീതിയില്‍ അല്ലായിരുന്നു.
സമ്പന്നതയുടെ നടുവിലാണെങ്കിലും അതുമാത്രമല്ല ജീവിതമെന്നും അശരണരുടെയും നിരാലംബരുടെയും മറ്റൊരു മറ്റൊരു ലോകം ഇവിടെ ഉണ്ടെന്നും ആ കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുത്തത് ഒരു വ്യത്യസ്ത കാഴ്ചപ്പാടിലൂടെയാണ്. രണ്ടുപേര്‍ക്കും തിരിച്ചറിവ് ഉണ്ടായതിനുശേഷം രണ്ടുപേരെയും ഒരാഴ്ചയോളം ഒരു അനാഥാലയത്തില്‍ പാര്‍പ്പിക്കുന്നു. അവിടെയുള്ള അനാഥകുട്ടികളോടൊപ്പം അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേര്‍ന്ന് അവരോടൊപ്പം ഉണ്ടുമുറങ്ങിയും അവിടെ കഴിയുന്നു.
പ്രിയന്‍ അതിനായി തിരഞ്ഞെടുത്ത സ്ഥലം വിയറ്റ്‌നാമിലെ ദരിദ്ര പ്രദേശത്തുള്ള ഒരു അനാഥാലയമായിരുന്നു. ബാല്യകാലത്ത് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്തും ലഭിച്ചുകൊണ്ടിരിക്കവേ സന്തോഷവും സംതൃപ്തിയും മാത്രമുള്ള ഒരു ലോകത്തു നിന്ന് ഇവിടെ വന്നപ്പോള്‍ അവര്‍ക്ക് ഒരു കാര്യം മനസ്സിലായി. ഉറ്റവരുടെയും ഉടയവരുടെയും സ്‌നേഹങ്ങളും പരിലാളനകളും ലഭിക്കാത്ത ബാല്യങ്ങളും ഉള്ളതാണ് ഈ ലോകമെന്ന്.
പുഞ്ഞുനാളിലെ അങ്ങനെയൊക്കെയുള്ള ജീവിതങ്ങള്‍ കണ്ടതുകൊണ്ടാകണം ഷര്‍ട്ട് ഒക്കെ കീറിയാലും ഒരു ആക്ഷേപവുമില്ലാതെ അവന്‍ അത് ഇട്ടുകൊണ്ട് നടക്കുമെന്ന് ലിസി പറയുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന്റെ ഗുണമാണ് അവരുടെ മാതാപിതാക്കള്‍ പരസ്പരം വേര്‍പിരിഞ്ഞിട്ടും അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ സാധിച്ചത്. അത് ഒരുവിധത്തിലും അവരെ തളര്‍ത്തിയതുമില്ല. കാരണം ലോകത്തില്‍ ഇങ്ങനെയൊക്കെ നടക്കുമെന്നുള്ള തിരിച്ചറിവ് അവര്‍ക്കുണ്ടായിരുന്നു.
ലിസിയും പ്രിയനും വേര്‍പിരിഞ്ഞു എങ്കിലും പരസ്പരം ചെളിവാരിയെറിഞ്ഞ് കുട്ടികളുടെ മനസ്സില്‍ വിഷം കുത്തി വയ്ക്കാത്തത് കാരണം ഇപ്പോഴും അവര്‍ അച്ഛന്റെയും അമ്മയുടെയും സ്‌നേഹപരിലാളനകളില്‍ കഴിയുന്നു. അമ്മുവിന്റെ അനുജന്‍ ചന്തു അമേരിക്കയില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ്ങില്‍ ബിരുദം നേടി. എന്നാല്‍ പിന്നീട് ചന്തു സ്‌പെഷ്യല്‍ എഫക്ട് പ്രഫഷന്‍ ആയി തിരഞ്ഞെടുത്തു. ഇന്ന് പ്രിയന്റെ 'ഫോര്‍ ഫ്രെയിംസ്' എന്ന സ്റ്റുഡിയോ നോക്കി നടത്തുന്നത് ചന്തുവാണ്.
അമേരിക്കയിലെ പഠനകാലത്ത് അവിടെയുള്ള ഒരു പെണ്‍കുട്ടിയുമായി ചന്തു പ്രണയത്തിലാകുന്നു. ആ അമേരിക്കക്കാരിയുടെ പേരാണ് മെലന്‍. ജാതി മതം രാജ്യം ഇതിനൊക്കെ മുകളിലാണ് മനുഷ്യസ്‌നേഹം എന്ന് ചിന്തിച്ചതുകൊണ്ടാകണം ചന്തു ആ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തന്റെ ഈ തീരുമാനം ചന്തു അമ്മയെ അറിയിക്കുന്നു. എന്നാല്‍ ലിസി തന്റെ മകനോട് പറയുന്നു അവിടുത്തെ സാഹചര്യത്തില്‍ വളര്‍ന്ന കുട്ടി, ഈ നാടുപോലും അവള്‍ കണ്ടിട്ടില്ല. നീ നാട്ടില്‍ ജീവിക്കേണ്ടവന്‍ ആയതുകൊണ്ട് എങ്ങനെ പൊരുത്തപ്പെടുമെന്ന് എനിക്കറിയില്ല. കാരണം മറ്റൊരു സംസ്‌കാരത്തിലും ജീവിത സാഹചര്യത്തിലും വളര്‍ന്ന ആ കുട്ടി എങ്ങനെ പൊരുത്തപ്പെടുമെന്ന് ലിസിക്ക് സംശയം ഉണ്ടായിരുന്നു.
എന്നാല്‍ ഇതെല്ലാം കേട്ട് തന്റെ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ സിദ്ധാര്‍ഥ് തയാറല്ലായിരുന്നു. അപ്പോഴേക്കും ലിസി ഒരു നിബന്ധന വെച്ചു. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ രണ്ടുപേരും നമ്മുടെ നാട്ടില്‍ വന്ന് ഒരു വര്‍ഷം ഒന്നിച്ചു താമസിക്കണം. ആ ജീവിതം കുഴപ്പമില്ല എന്നും തൃപ്തികരമാണെന്നും എനിക്ക് തോന്നിയാല്‍ ഉറപ്പായും ഞാന്‍ വിവാഹം നടത്തി തരാം. അതായിരുന്നു നിബന്ധന.\ ലിസി പറയുന്നു, എന്റെ അഷ്‌റഫ്ക്ക ഇത് കേള്‍ക്കേണ്ട താമസം തൊട്ടടുത്ത ആഴ്ച തന്നെ രണ്ടുപേരും ഇവിടെ എത്തി താമസവും അങ്ങ് തുടങ്ങി. അവരുടെ ഒന്നിച്ചുള്ള ആ ജീവിതം സ്വസ്ഥതയും സമാധാനവും ആനന്ദവും നിറഞ്ഞതാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.
ഒരു വര്‍ഷം ആകുന്നതൊന്നും ഞാന്‍ ഓര്‍മ്മിച്ചില്ല. അവന്‍ തന്നെ എന്നോട് വന്നു പറയുന്നു അമ്മ പറഞ്ഞ ആ കാലയളവ്... ഒരു വര്‍ഷം തികയാന്‍ ഇനി രണ്ടാഴ്ച കൂടിയെ ബാക്കിയുള്ളൂ, അമ്മ വാക്ക് പാലിക്കണം. അങ്ങനെ ഒരു വര്‍ഷം തികഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞതുപോലെ തന്നെ അവന്റെ വിവാഹം ഭംഗിയായി നടത്തികൊടുത്തു. ഇപ്പോള്‍ അവന് ഒരു കുട്ടിയുണ്ട്. അവന്‍ രണ്ടു പട്ടികളെയും ഓമനിച്ചു വളര്‍ത്തുന്നു. അങ്ങനെ കുട്ടിയും പട്ടിയും പൊണ്ടാട്ടിയുമായി ചന്തു സന്തോഷത്തോടെ കഴിയുന്നു.
ഇനി കല്യാണിയുടെ കാര്യം പറയുകയാണെങ്കില്‍ കുഞ്ഞിലെ മുതല്‍ തന്നെ സ്വന്തമായി പണം ഉണ്ടാക്കി ജീവിക്കണം എന്ന ആഗ്രഹമാണ് അവള്‍ക്കുണ്ടായിരുന്നത്. വിദേശത്തെ ആര്‍ക്കിടെക് ബിരുദം നേടിയപ്പോള്‍ സിനിമയിലെ ആര്‍ട്ട് വര്‍ക്കില്‍ താല്പര്യമുണ്ടായി. അങ്ങനെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറില്‍ വഴി നയന്‍താരയും വിക്രമും നായികാ നായകന്മാരായി അഭിനയിച്ച 'ഇരുമുഖം' എന്ന ചിത്രത്തില്‍ ആര്‍ട്ട് അസിസ്റ്റന്റ് ആയി ജോയിന്‍ ചെയ്യുന്നു. അമ്മുവിനെ അവിടെ വെച്ച് കണ്ടവര്‍ക്കെല്ലാം ഒരു ചോദ്യമേ ഉള്ളൂ, സിനിമയില്‍ അഭിനയിച്ചുകൂടെ, കാണാന്‍ നല്ല ഭംഗിയുണ്ടല്ലോ. എവിടെ ചെന്നാലും ഈ ഒരു ചോദ്യം മാത്രമേയുള്ളൂ കേള്‍ക്കാന്‍.
അങ്ങനെ നാഗാര്‍ജുനന്റെ തെലുങ്ക് ചിത്രമായ 'ഹലോ'യില്‍ നാഗാര്‍ജുനന്റെ മകന്റെ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീട് തമിഴില്‍ ശിവകാര്‍ത്തികേയനോടൊപ്പം 'ഹീറോ' എന്ന ചിത്രത്തിലും അഭിനയിച്ചു. അപ്പോഴേക്കും സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സംവിധാനം ചെയ്യുന്ന 'വരനെ ആവശ്യമുണ്ട്. എന്ന ചിത്രത്തിലേക്ക് വിളിവന്നു, ദുല്‍ഖറിന്റെ നായികയായി. അതായിരുന്നു മലയാളത്തിലെ തുടക്കം. അതൊരു നല്ല തുടക്കവും ആയിരുന്നു.
പിന്നീട് 2022ല്‍ ജനുവരി മാസത്തില്‍ തന്നെ കല്യാണി അഭിനയിച്ച രണ്ട് ചിത്രങ്ങള്‍ റിലീസായി, 'ഹൃദയ'വും 'ബ്രോ ഡാഡി'യും. പ്രണവുമായിട്ടുള്ള 'ഹൃദയം' സൂപ്പര്‍ ഹിറ്റ് ആയിരുന്നു അത് കല്യാണിക്ക് നല്ല പേരും നേടികൊടുത്തു. അഭിനയത്തില്‍ കഥാപാത്രം ആകാനുള്ള കല്യാണിയുടെ തയ്യാറെടുപ്പുകള്‍ എടുത്തു പറയേണ്ടതാണ്. ഷൂട്ടിങ്ങിന് ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ മെനകെട്ടിരുന്ന് ഡയലോഗുകള്‍ എല്ലാം മനപ്പാഠമാക്കും. മലയാളം അത്രത്തോളം വഴങ്ങാത്തതിനാല്‍ ലിസിയുടെ സഹായത്തോടെ മലയാളത്തിന്റെ ഉച്ചാരണവും അര്‍ത്ഥവും കൃത്യമായി പഠിക്കും.
ജോഷി സാറിന്റെ ആന്റണി എന്ന പടത്തിനു വേണ്ടി അമ്മു എടുത്ത പരിശീലനം കണ്ട് ലിസിക്ക് സങ്കടം വന്നിട്ടുണ്ട്. ദിവസവും രണ്ടുനേരം ജിംനാസ്റ്റിക് പരിശീലനം! പലപ്പോഴും കയ്യിനും കാലിനും പരിക്കുകളും പറ്റിയിട്ടുണ്ട്. അങ്ങനെ മാസങ്ങളോളം ആ ബോക്‌സിങ് കഥാപാത്രത്തിനു വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു. നിരവധി പടങ്ങളില്‍ അഭിനയിച്ച കല്യാണി അങ്ങനെ ഓരോ പടങ്ങള്‍ കഴിയുംതോറും തന്റെ ഹാര്‍ഡ് വര്‍ക്ക് കൊണ്ട് തന്റെ അഭിനയവും മെച്ചപ്പെടുത്തികൊണ്ടിരുന്നു.
ഇനി ഉടന്‍ റിലീസ് ആകാന്‍ പോകുന്നത് ഫഹദിന്റെ നായികയായി വരുന്ന 'ഓടും കുതിര' എന്ന ചിത്രമാണ്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ നസ്ലിന്‍ നായകനാകുന്ന ഒരു ചിത്രത്തിലും അഭിനയിച്ചുകൊണ്ടിരിക്കുന്നു. കല്യാണിക്ക് തന്റെ അമ്മ ലിസിയെ വീണ്ടും അഭിനയ രംഗത്ത് ഇറക്കണമെന്നൊരു ആഗ്രഹമുണ്ട്. നല്ല വേഷം ഒത്തുവന്നാല്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ലിസിയും ഉറപ്പു പറഞ്ഞിട്ടുണ്ട്.
സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ച കല്യാണി സ്വന്തം പണം കൊണ്ട് ഫ്‌ലാറ്റും കാറും ഒക്കെ വാങ്ങിക്കഴിഞ്ഞു. അച്ഛനമ്മമാരുടെ ഒരു പൈസ സഹായമില്ലാതെ താന്‍ അഭിനയിച്ചു നേടിയ പണം കൊണ്ട് മാത്രം. ഇതിനിടയില്‍ കല്യാണി പ്രിയദര്‍ശന്റെ വിവാഹം കഴിഞ്ഞു, പ്രിയനും ലിസിയും പങ്കെടുത്തില്ല എന്ന് തുടങ്ങി പല ഫേക്ക് വാര്‍ത്തകളും വന്നുതുടങ്ങി. അതിനെക്കുറിച്ച് കല്യാണി പറയുന്നത് എന്നെ സോഷ്യല്‍ മീഡിയ പല പ്രാവശ്യം കല്യാണം കഴിപ്പിച്ചു കഴിഞ്ഞു എന്നാണ്.
ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് അറിയേണ്ടത് കല്യാണിയെ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്. അത് പലരും ആഗ്രഹിക്കുന്നു ഉണ്ടാകാം പലരും വിശ്വസിക്കുന്നു ഉണ്ടാകാം. ഞാന്‍ ആ വിവരം ലിസിയോട് തുറന്നു ചോദിച്ചു. ലിസി പറയുന്നു അഷ്‌റഫ്ക്ക അങ്ങനെ അവര്‍ക്ക് ഒരു ആഗ്രഹം ഉണ്ടെങ്കില്‍ രണ്ടു വീട്ടുകാര്‍ക്കും സന്തോഷമുള്ള ഒരു കാര്യമല്ലേ. അവര്‍ തമ്മില്‍ അങ്ങനെ ഒരു റിലേഷന്‍ഷിപ്പ് ഇല്ല. ബ്രദര്‍-സിസ്റ്റര്‍ ബന്ധമാണ് കുഞ്ഞുനാള്‍ മുതലുള്ളത്.
അപ്പു അവരുടെയൊക്കെ ഒരു ഹീറോ പോലെയാണ്. അപ്പു മരം കയറും മതില്‍ ചാടും അങ്ങനെ കുട്ടികളുടെയൊക്കെ ഹീറോ. കൂടാതെ അപ്പുവിന് വേറൊരു പ്രണയമുണ്ട്. അത് ജര്‍മനിയിലുള്ള ഒരു കുട്ടിയുമായിട്ടാണ്. കല്യാണിക്ക് ഇതുവരെ ആരുമായും ഒരു പ്രണയവുമില്ല. അതെനിക്ക് ഉറപ്പാണെന്നും ലിസി പറയുന്നു. ഇനി എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. പ്രണവിനെയേ കെട്ടൂ എന്ന് സോഷ്യല്‍ മീഡിയയിലൂടെ വിലപിക്കുന്ന നടിയോട്... ഇനി കാത്തിരിക്കേണ്ട, പ്രതീക്ഷ വേണ്ട എല്ലാം കൈവിട്ടുപോയി. അതോര്‍ത്ത് ഇനി വിഷമിക്കേണ്ട മറ്റു വഴികള്‍ നോക്കുന്നതാണ് നല്ലത്,ആലപ്പി അഷറഫ് പറഞ്ഞു.