നടി എന്നതിലുപരി രാഷ്ട്രീയക്കാരിയും സാമൂഹിക പ്രവര്‍ത്തകയുമാണ് ഖുശ്ബു സുന്ദര്‍. ഇപ്പോളിതാ അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ സംസാരിച്ച താരം തനിക്ക് പ്രമുഖ നടനില്‍ നിന്ന് ഉണ്ടായ മോശം അനുഭവം പങ്ക് വച്ചതാണ് ചര്‍ച്ചയാകുന്നത്.
കൂടെ അഭിനയിച്ച നടന്‍ തന്നോട് ഒരു അവസരം തരുമോന്ന് ചോദിച്ചതിനെ പറ്റിയാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) 2024 ല്‍ സംസാരിക്കവേ നടി വെളിപ്പെടുത്തിയത്.ഇംതിയാസ് അലി, ഭൂമി പെഡ്നേക്കര്‍, സുഹാസിനി മണിരത്നം, വാണി ത്രിപാഠി ടിക്കൂ എന്നിവര്‍ക്കൊപ്പം സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ചുള്ള മാസ്റ്റര്‍ക്ലാസിലാണ് ഖുശ്ബു തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് മനസ് തുറന്നത്.
ഒരിക്കല്‍ ഒരു നായകന്‍ എന്റെ അടുത്തു വന്ന് ചോദിച്ചു, ആരും അറിയാതെ ഒരു ചാന്‍സ് തരുമോ എന്ന്. ഞാന്‍ ഉടനെ ചെരിപ്പ് കയ്യിലെടുത്തു. ഇവിടെവച്ച് തല്ലണോ ഇല്ലെങ്കില്‍ യൂണിറ്റിന്റെ മുന്നില്‍ വച്ച് തല്ലണോ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ പുതിയ ആളാണോ എന്നും എന്റെ കരിയറിന് എന്ത് സംഭവിക്കും എന്നൊന്നും ഞാന്‍ ഓര്‍ത്തില്ല. മറ്റെന്തിനേക്കാളും ഞാന്‍ എന്റെ അഭിമാനത്തിന് പ്രധാന്യം നല്‍കി. നിങ്ങള്‍ സ്വയം ബഹുമാനിക്കണം. എങ്കിലേ മറ്റാരെങ്കിലും നിങ്ങളെ ബഹുമാനിക്കൂ.- ഖുശ്ബു പറഞ്ഞു.
സിനിമയില്‍ മാത്രമല്ല എല്ലായിടത്തും സ്ത്രീകള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് ഖുശ്ബു പറയുന്നത്. ഒരു ഷെയര്‍ ഓട്ടോയിലോ ലോക്കല്‍ ട്രെയിനിലോ മാത്രമല്ല വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പോലും സ്ത്രീകള്‍ ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാറുണ്ട്. സിനിമാ മേഖലയില്‍ മാത്രമല്ല എല്ലായിടത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. എന്നാല്‍ ആരെങ്കിലും തങ്ങളോട് മോശമായി പെരുമാറിയെന്ന് തോന്നുമ്പോഴെല്ലാം അത് തുറന്ന് പറയണമെന്നാണ് എനിക്ക് എല്ലാ സ്ത്രീകളോടും പറയാനുള്ളത്. എന്ത് പ്രശ്നമുണ്ടായാലും അപ്പോള് തന്നെ പറയണം. അങ്ങനെ പറഞ്ഞ് പോയത് കൊണ്ട് ഭാവി ജീവിതത്തിനും കരിയറിലും പ്രശ്നങ്ങളുണ്ടാവുമെന്നൊന്നും ചിന്തിക്കരുത്.
അന്ന് ഞാനൊരു പുതുമുഖനടിയായിരുന്നു. എന്നിരുന്നാലും വേറെ ഒന്നിനെ കുറിച്ചും അന്ന് ചിന്തിച്ചിരുന്നില്ല, എന്റെ കരിയറിന് എന്ത് സംഭവിക്കും എന്നത് എന്റെ ചിന്തകളില്‍ പോലുമില്ലായിരുന്നു? കരിയര്‍ അല്ല മറ്റെന്തിനെക്കാളും എനിക്കെന്നോട് തന്നെയുള്ള ബഹുമാനമാണ് വലുതെന്ന് അറിയാമായിരുന്നു. എല്ലാവരും സ്വയം ബഹുമാനിക്കണം, അപ്പോള്‍ മാത്രമേ മറ്റുള്ളവരും നമ്മളെ ബഹുമാനിക്കുകയുള്ളു', എന്നും ഖുശ്ബു പറയുന്നു. ഹിന്ദി ചിത്രത്തില്‍ ബാലതാരമായിട്ടാണ് ആദ്യമായി ഖുശ്ബു അഭിനയിക്കുന്നത്. 1980ല്‍ പുറത്തിറങ്ങിയ ദി ബേണിംഗ് ട്രെയിന്‍ എന്ന സിനിമയിലൂടെയായിരുന്നു ഖുശ്ബു അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ് സിനിമയിലേക്ക് എത്തിയ നടി മലയാളം, തമിഴ്, കന്നട തുടങ്ങി തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി. ഈ കാലയളവില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇടയ്ക്ക് സംവിധായകന്‍ സുന്ദര്‍ സിയുമായി പ്രണയത്തിലായ താരം അദ്ദേഹത്തെ വിവാഹം കഴിക്കുകയും രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു.