സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി. കൊച്ചി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചോദ്യം ചെയ്യുന്നത്.
ജയസൂര്യയ്‌ക്കൊപ്പം ഭാര്യയും ഇഡി ഓഫീസിലെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ജയസൂര്യ എന്നത് സംബന്ധിച്ച് ഇഡിക്ക് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ജയസൂര്യയെ ചോദ്യം ചെയ്തത്. സേവ് ബോക്സിന്റെ പേരില്‍ വന്‍ തട്ടിപ് നടന്നതായി മുന്‍പ് കണ്ടെത്തിയിരുന്നു. ഇതില്‍ ജയസൂര്യയെ രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത് ന്നൊണ് വിവരം. സേവ് ബോക്സ് എന്ന പേരില്‍ വിവിധ ഇടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാമെന്ന പേരില്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്ന പേരില്‍ തൃശൂര്‍ സ്വദേശി സ്വാതിക്ക് റഹീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ ആണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
നൂറിലധികം പേരില്‍ നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചിക്കാതെ വന്നതോടെയാണ് ഇരകള്‍ പരാതിയുമായി രംഗത്തെത്തിയത്. സേവ് ബോക്സ് ഇതേ പേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്ന വാഗ്ദാനത്തിലൂടെയായിരുന്നു കമ്പനി നിക്ഷേപകരെ സമീപിച്ചത്.