Latest News

പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചു പഠിക്കണം; സിനിമയ്ക്ക് ആളെ കൂട്ടാനുള്ള തിളപ്പ്; ലാലേട്ടന്റെ പേരും വിലയും കളഞ്ഞു കുളിച്ചു'; ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചതിന് വിസ്മയ മോഹന്‍ലാലിന് നേരെ സംഘടിത സൈബര്‍ ആക്രമണം; 'തുടക്കം' സിനിമക്കെതിരെ ബഹിഷ്‌ക്കരണ ഭീഷണിയുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍ 

Malayalilife
 പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചു പഠിക്കണം; സിനിമയ്ക്ക് ആളെ കൂട്ടാനുള്ള തിളപ്പ്; ലാലേട്ടന്റെ പേരും വിലയും കളഞ്ഞു കുളിച്ചു'; ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചതിന് വിസ്മയ മോഹന്‍ലാലിന് നേരെ സംഘടിത സൈബര്‍ ആക്രമണം; 'തുടക്കം' സിനിമക്കെതിരെ ബഹിഷ്‌ക്കരണ ഭീഷണിയുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍ 

 സിജെപിയുടെ (കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി) നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് സോഷ്യല്‍ മീഡിയയില്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മോഹന്‍ലാലിന്റെ മകളും നടിയുമായ വിസ്മയ മോഹന്‍ലാലിന് നേരെ കടുത്ത സൈബര്‍ ആക്രമണം. ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലിനെ ചോദ്യം ചെയ്തുകൊണ്ട് വിസ്മയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. 

കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും അനുകൂലിക്കുന്ന പ്രൊഫൈലുകളില്‍ നിന്നാണ് വിസ്മയയ്ക്കും അച്ഛന്‍ മോഹന്‍ലാലിനും നേരെ രൂക്ഷമായ അധിക്ഷേപങ്ങളും ഭീഷണികളും ഉയരുന്നത്. വിസ്മയയുടെ അഭിനയ അരങ്ങേറ്റ ചിത്രം റിലീസിനൊരുങ്ങവെ ചിത്രം ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. തുടക്കം സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. നീറ്റ് പരീക്ഷാ തട്ടിപ്പുകള്‍ക്കെതിരെ ജന്തര്‍ മന്തറില്‍ നിന്ന് ആരംഭിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അണിനിരന്നത്. എന്നാല്‍ പോലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തി സമരം തടയുകയും ക്രൂരമായ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തുകയും ചെയ്തിരുന്നു. രക്തമൊഴുകുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിസ്മയ പ്രതികരണവുമായി രംഗത്തെത്തിയത്. 

'സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ? പൗരന്മാര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അതിനുള്ള മറുപടി ചര്‍ച്ചകള്‍ക്ക് പകരം അതിശക്തമായ അടിച്ചമര്‍ത്തലാണെങ്കില്‍, നമ്മള്‍ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.' - ഇതായിരുന്നു വിസ്മയ മോഹന്‍ലാലിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ സൂചിപ്പിച്ച കാര്യം. വിസ്മയയുടെ പ്രതികരണം പുറത്തുവന്നതിന് തൊട്ടുപിന്നാലെ മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും വിവിധ വാര്‍ത്താ പോസ്റ്റുകള്‍ക്ക് താഴെയും സംഘടിതമായ രീതിയില്‍ ആക്രമണം ആരംഭിച്ചു. 'പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞു തരും, പെട്ടെന്നൊരു പൗരബോധം! സിനിമയ്ക്ക് ആളെ കൂട്ടാന്‍ ചില പ്രതികരണങ്ങള്‍ നടത്തിയാല്‍ മതിയെന്ന് ആരെങ്കിലും ഉപദേശിച്ചിരുന്നോ?' എന്ന് ചിലര്‍ ചോദിക്കുന്നു. 

'ലാലേട്ടന്റെ പേര് കളഞ്ഞല്ലോ, എന്തായാലും മതിയായി. ഇനി ഞാനും എന്റെ കുടുംബവും ഫ്രണ്ട്സും തിയേറ്ററിലേക്ക് ഇല്ല. പുതിയ സിനിമ റിലീസാകാനുണ്ട്, അതിനാണ് ഈ തിളപ്പ്. ലാലേട്ടന്‍ മകളോട് പറയണം രാജ്യദ്രോഹികള്‍ക്കൊപ്പം ചേര്‍ന്നാല്‍ നിന്നെ രക്ഷിക്കാന്‍ ആരാണുള്ളതെന്ന്.' എന്നിങ്ങനെ പോകുന്നു കമന്റുകള്‍. പഹല്‍ഗാം വിഷയവും മറ്റും ഉന്നയിച്ച് വിസ്മയയെയും മറ്റ് സിനിമാ താരങ്ങളെയും 'സുഡാപ്പികള്‍' എന്ന് മുദ്രകുത്താനും ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. 

 എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ക്കിടയിലും വിസ്മയയ്ക്ക് ശക്തമായ പിന്തുണയുമായി ഒരു വലിയ വിഭാഗം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് കരുതാതെ, സ്വന്തം അച്ഛന്റെ ജനപ്രീതിയെ ബാധിക്കുമോ എന്ന് ഭയക്കാതെ, കൃത്യമായ രാഷ്ട്രീയ നിലപാട് തുറന്നുപറയാന്‍ ധൈര്യം കാണിച്ച താരപുത്രിയെ അവര്‍ അഭിനന്ദിക്കുന്നു. ഫെയ്സ്ബുക്കില്‍ ആക്രമണം കടുക്കുമ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ വിസ്മയയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. വിസ്മയയ്ക്ക് പുറമെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച മറ്റ് മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ശക്തമാണ്. 

നടന്മാരായ ടൊവിനോ തോമസ്, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പ്രാചി തെഹ്ലാന്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി സംസാരിച്ചിരുന്നു. ഇവര്‍ക്കെതിരെയും സമാനമായ രീതിയില്‍ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയും വ്യക്തിപരമായ അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്.

cyber attack vismaya mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES