വെള്ളിത്തിരയില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ട് മലയാളത്തിന്റെ പ്രിയങ്കരനായി മാറിയ നടന്‍ ഇന്ദ്രന്‍സിന്റെ ജീവിതം വലിയൊരു അതിജീവനത്തിന്റെ കഥയാണ്. ഹാസ്യതാരത്തില്‍ നിന്ന് സ്വഭാവനടനായും രാജ്യാന്തര പുരസ്‌കാര ജേതാവായും വളര്‍ന്നപ്പോഴും തന്റെ ലാളിത്യം കൊണ്ട് അദ്ദേഹം എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തെ ദാരിദ്ര്യത്തെക്കുറിച്ചും യൂണിഫോം വാങ്ങാന്‍ കാശില്ലാത്തതിനാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരം.
തിരുവനന്തപുരം കുമാരപുരത്തായിരുന്നു ഇന്ദ്രന്‍സിന്റെ കുട്ടിക്കാലവും സ്‌കൂള്‍ ജീവിതവും. പഠനത്തില്‍ എന്നും മുന്‍പന്തിയിലായിരുന്നു അദ്ദേഹം. 'പഠിക്കാന്‍ മിടുക്കനായിരുന്നു. എപ്പോഴും ഒന്നാം റാങ്ക് കിട്ടുമായിരുന്നു. മാര്‍ക്ക് അനുസരിച്ചാണ് അന്ന് കുട്ടികളെ ക്ലാസില്‍ ഇരുത്തിയിരുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും ഒന്നാം ബെഞ്ചില്‍ തന്നെയായിരുന്നു എന്റെ സ്ഥാനം,' ഇന്ദ്രന്‍സ് ഓര്‍ത്തെടുക്കുന്നു.
എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയെങ്കിലും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ആ ചെറിയ കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് തടസ്സമായി. നാലാം ക്ലാസിലെത്തിയപ്പോള്‍ യൂണിഫോം നിര്‍ബന്ധമാക്കി. എന്നാല്‍ യൂണിഫോം വാങ്ങാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ ഒരു വര്‍ഷം പഠനം മുടങ്ങി. പിന്നീട് തിരിച്ചെത്തിയെങ്കിലും സാഹചര്യം മാറിയില്ല.
'ബുക്കും യൂണിഫോമും ഒരുമിച്ച് വാങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു അന്ന് വീട്ടില്‍. ഒരു വര്‍ഷം പോകാതെ ഇരുന്ന ശേഷം വീണ്ടും നാലാം ക്ലാസില്‍ തന്നെ ചേര്‍ന്നു. പക്ഷേ വീണ്ടും യൂണിഫോം പ്രശ്‌നമായതോടെ പഠിത്തം എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടി വന്നു. ഏഴ് മക്കളുള്ള കുടുംബത്തില്‍ മൂന്നാമനായിരുന്നു ഞാന്‍. വീട്ടിലെ പ്രയാസങ്ങള്‍ക്കിടയില്‍ പഠനം തുടരുക എളുപ്പമായിരുന്നില്ല,' അദ്ദേഹം പറഞ്ഞു.
വസ്ത്രാലങ്കാരത്തിലൂടെ സിനിമയിലെത്തിയ ഇന്ദ്രന്‍സ് പിന്നീട് ഹാസ്യ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വര്‍ഷങ്ങളോളം കോമഡി വേഷങ്ങളില്‍ ഒതുങ്ങിനിന്നെങ്കിലും പില്‍ക്കാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും അന്താരാഷ്ട്ര തലത്തില്‍ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരവും നേടി അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു