തെന്നിന്ത്യന്‍ സിനിമാലോകത്തെ ജനപ്രിയ നായികയായ കാജല്‍ അഗര്‍വാള്‍ ഇന്‍സ്റ്റാഗ്രാമിലും പോഡ്കാസ്റ്റുകളിലും പങ്കുവെക്കുന്ന വിശേഷങ്ങള്‍ എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 2007-ല്‍ 'ലക്ഷ്മി കല്യാണം' എന്ന ചിത്രത്തിലൂടെ അരങ്ങേറി മഗധീര, തുപ്പാക്കി, മാരി, മെര്‍സല്‍, ഇന്ത്യന്‍ 2 തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം, വിവാഹശേഷവും മാതൃത്വത്തിനു ശേഷവും തന്റെ ജീവിതരീതിയില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടയിലാണ് മാതൃത്വം തന്നിലുണ്ടാക്കിയ വലിയ മാറ്റങ്ങളെക്കുറിച്ചും കുടുംബത്തിലെ ഭക്ഷണരീതികളെക്കുറിച്ചും കാജല്‍ മനസ്സ് തുറന്നത്. കടയില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ് പാല്‍ തന്റെ മകന് നല്‍കാറില്ലെന്നാണ് കാജല്‍ വ്യക്തമാക്കിയത്. 'മാതൃത്വം എന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വളരെ വലുതാണ്. അത് എനിക്ക് നല്‍കുന്ന ആത്മസംതൃപ്തിയും ചെറുതല്ല. മകന് ഒരു വയസ്സായപ്പോള്‍ തന്നെ കടകളില്‍ നിന്ന് ലഭിക്കുന്ന പാല്‍ നല്‍കുന്നത് ഞാന്‍ നിര്‍ത്തിയിരുന്നു. വീട്ടില്‍ പാക്കറ്റ് പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കി.
നിലവില്‍ വീട്ടില്‍ തന്നെ സ്വയം ഉണ്ടാക്കിയെടുക്കുന്ന പനീറും തൈരും മാത്രമാണ് ഞങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്,'- കാജല്‍ പറഞ്ഞു. കുടുംബത്തിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ജീവിതശൈലിയില്‍ കാജല്‍ വരുത്തിയ ഈ മാറ്റങ്ങളെ അനുകൂലിച്ചും പ്രശംസിച്ചും നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നത്.