Latest News

കേട്ടാല്‍ അറയ്ക്കുന്ന നീചമായ വാക്കുകളില്‍ പ്രധാനമന്ത്രിയെ അപമാനിച്ചു; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഇരമ്പിയപ്പോള്‍ പണി പാളിയെന്ന് മനസ്സിലായി; ഭീഷണി സന്ദേശങ്ങളും പിന്നാലെയെത്തി; ഒടുവില്‍ 'എന്റെ തെറ്റ്, പരസ്യമായി മാപ്പ് പറയാന്‍ തയാറാണ്' എന്നു പറഞ്ഞ് ക്ഷമാപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി 

Malayalilife
 കേട്ടാല്‍ അറയ്ക്കുന്ന നീചമായ വാക്കുകളില്‍ പ്രധാനമന്ത്രിയെ അപമാനിച്ചു; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഇരമ്പിയപ്പോള്‍ പണി പാളിയെന്ന് മനസ്സിലായി; ഭീഷണി സന്ദേശങ്ങളും പിന്നാലെയെത്തി; ഒടുവില്‍ 'എന്റെ തെറ്റ്, പരസ്യമായി മാപ്പ് പറയാന്‍ തയാറാണ്' എന്നു പറഞ്ഞ് ക്ഷമാപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ അന്തരിച്ച മാതാപിതാക്കള്‍ക്കു മെതിരെ അതീവ അധിക്ഷേപകരവും നികൃഷ്ടവുമായ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ ഒടുവില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റും ബിഗ് ബോസ് മുന്‍ താരവുമായ ജാന്‍മണി. താന്‍ നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കുകയും വലിയ തോതിലുള്ള ഭീഷണി സന്ദേശങ്ങള്‍ വന്നുതുടങ്ങുകയും ചെയ്തതോടെയാണ് ക്ഷമാപണ വീഡിയോയുമായി ജാന്‍മണി ഇന്‍സ്റ്റഗ്രാമില്‍ രംഗത്തെത്തിയത്. 

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഒരു വീഡിയോയിലാണ് പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ ജാന്‍മണി വ്യക്തിപരമായി അവഹേളിച്ചത്. പ്രധാനമന്ത്രിയുടെ പിതാവായ പരേതനായ ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയെക്കുറിച്ചും മാതാവ് ഹീരാബെന്‍ മോദിയെക്കുറിച്ചും പൂര്‍ണ്ണമായും വസ്തുതാവിരുദ്ധവും നീചവുമായ കാര്യങ്ങളാണ് വീഡിയോയില്‍ ഇവര്‍ ഉന്നയിച്ചത്. 

വിവാദമായ വസ്തുതാവിരുദ്ധ പരാമര്‍ശം '1947-ലാണ് മോദിയുടെ അച്ഛന്‍ മരിച്ചത്. എന്നാല്‍ നരേന്ദ്ര മോദി ജനിച്ചത് 1950-ലും. ആദ്യം അവന്‍ അവന്റെ അച്ഛനെ കണ്ടുപിടിക്കട്ടെ. മൂന്നുവര്‍ഷം അമ്മയ്ക്ക് പ്രഗ്നന്‍സി ഉണ്ടാകില്ലല്ലോ...' എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിച്ച ജാന്‍മണിയുടെ വിവാദമായ വാക്കുകള്‍. എന്നാല്‍, തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ജാന്‍മണി പ്രചരിപ്പിച്ചത്. 

ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് 1989-ല്‍ തന്റെ 74-ാം വയസ്സിലാണ് നരേന്ദ്ര മോദിയുടെ പിതാവ് ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി അന്തരിച്ചത്. പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെന്‍ മോദി 2022-ലാണ് അന്തരിച്ചത്. വസ്തുതകള്‍ ഇതായിരിക്കെ, യാതൊരു അടിസ്ഥാനവുമില്ലാതെ പരേതരായ മാതാപിതാക്കളെ ചേര്‍ത്ത് അതീവ നികൃഷ്ടമായ ഭാഷയില്‍ നടത്തിയ അധിക്ഷേപം ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ഭീഷണിയും 

വീഡിയോ വൈറലായതോടെ രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി ആളുകളാണ് ജാന്‍മണിയുടെ അധിക്ഷേപങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രിയെയും പരേതരായ അദ്ദേഹത്തിന്റെ മാതാപിതാക്കളെയും നീചമായ വാക്കുകളാല്‍ അധിക്ഷേപിച്ച ജാന്‍മണിക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ പോലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചു. സംഭവം കൈവിട്ടുപോയെന്നും വ്യാപകമായ ജനരോഷവും ഭീഷണികളും ഉയരുന്നുണ്ടെന്നും മനസ്സിലാക്കിയതോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വിശദീകരണ വീഡിയോയുമായി ഇവര്‍ രംഗത്തെത്തിയത്. 

എന്റെ ഒരു വീഡിയോ വലിയ പ്രശ്നമായി പോയി. രാവിലെ മുതല്‍ എനിക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചാണ് കാര്യത്തിന്റെ ഗൗരവം പറഞ്ഞത്. അപ്പോള്‍ തന്നെ ആ വീഡിയോ പങ്കുവെച്ച എല്ലാവരെയും വിളിച്ച് അത് നീക്കം ചെയ്യിപ്പിച്ചു. ആരെയെങ്കിലും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ല. എന്റെ കയ്യില്‍ നിന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എന്റെ തെറ്റാണ്, അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിന് മുന്‍പ് അത് പരിശോധിച്ചില്ല. അത് ആരും ഗൗരവത്തിലെടുക്കരുത്, ഒരു തമാശയായി കണ്ട് ക്ഷമിക്കണം,' എന്ന് ജാന്‍മണി മാപ്പപേക്ഷയില്‍ പറഞ്ഞു. പിന്നീട് വിവരങ്ങള്‍ ഗൂഗിള്‍ ചെയ്തു നോക്കിയപ്പോഴാണ് തന്റെ അറിവ് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടതെന്നും അവര്‍ വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര-മേഖലയിലെ പ്രമുഖരുടെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന ജാന്‍മണി, അടുത്തിടെ ഡല്‍ഹിയില്‍ നടന്ന കോക്കറോച്ച് ജനതാ പാര്‍ട്ടി സമരത്തിലും അവതാരക രഞ്ജിനി ഹരിദാസിനൊപ്പം പങ്കെടുത്തിരുന്നു. 

രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെയും പരേതരായ മാതാപിതാക്കള്‍ക്കെതിരെയും കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ വ്യാജപ്രചരണവും വ്യക്തിഹത്യയും നടത്തിയ ജാന്‍മണിക്കെതിരെ വെറുമൊരു മാപ്പപേക്ഷ കൊണ്ട് കേസ് അവസാനിപ്പിക്കരുതെന്നും, മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിഷേധക്കാര്‍.
 

Read more topics: # ജാന്‍മണി
janmoni cyber protest

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES