സാമൂഹികമാധ്യമലോകത്ത് ഏറെ ആരാധകരുള്ള താരമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഇളയ മകള്‍ ഹന്‍സിക കൃഷ്ണ. ഹന്‍സിക പങ്കുവെക്കുന്ന മനോഹരമായ ഡാന്‍സ് റീലുകള്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലാകാറുണ്ട്.
ഇന്ന് ഹന്‍സികയുടെ ജന്മദിനമാണ്. ഹന്‍സികയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമ്മ സിന്ധു കൃഷ്ണ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. എത്ര വലുതായാലും ഹന്‍സു എപ്പോഴും തന്റെ കൊച്ചുകുട്ടി തന്നെയായിരിക്കും എന്നാണ് സിന്ധു പറയുന്നത്.
'എന്റെ രാജകുമാരി ഹന്‍സുവിന് ഒത്തിരി സ്‌നേഹവും ദൈവീക അനുഗ്രഹങ്ങളും നിറഞ്ഞ ജന്മദിനാശംസകള്‍. എത്ര വലുതായാലും നീ എന്നും എന്റെ കുഞ്ഞുകുട്ടി തന്നെയാണ്. നീ എന്റെ അവസാനത്തെ കുഞ്ഞാണെന്ന് അറിയാമായിരുന്നതുകൊണ്ട്, നിന്റെ ഓരോ ചെറിയ നിമിഷങ്ങളും ഞാന്‍ അല്പം കൂടി നീട്ടിപ്പിടിച്ച് ആസ്വദിച്ചു.. നീ വളരുന്നത് കാണുന്നത് വലിയൊരു സന്തോഷമാണ്... എങ്കിലും എന്റെ നെഞ്ചിലേക്ക് ഓടിവന്ന് എന്നെ കെട്ടിപ്പിടിക്കുന്ന എന്റെ ആ ചെറിയ പെണ്‍കുട്ടി തന്നെയാണ് നീ എന്നും, അതു എന്റെ മനസ്സ് നിറയ്ക്കുന്നു.
നിന്നെ എന്റെ കുഞ്ഞുകുട്ടിയായി എന്നേയ്ക്കും കൂടെനിര്‍ത്താന്‍ കഴിയുമെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോവുന്നു.. പക്ഷെ എനിക്ക് അതിന് കഴിയില്ലല്ലോ, അതുകൊണ്ട് നീ എന്നെ എപ്പോള്‍ ആവശ്യപ്പെടുന്നുവോ അതുവരെ ഞാന്‍ നിന്നെ സ്‌നേഹിക്കും, സംരക്ഷിക്കും, ദേഷ്യം പിടിപ്പിക്കും, നിന്റെ നിഴല്‍പോലെ കൂടെയുണ്ടാകും. പിറന്നാള്‍ ആശംസകള്‍ എന്റെ ചക്കരക്കുട്ടാ' എന്നായിരുന്നു സിന്ധു കൃഷ്ണ കുറിച്ചത്.
സഹോദരിമാരായ ഇഷാനിയും ദിയയും ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 'ഞങ്ങളുടെ രാജകുമാരിക്ക് ജന്മദിനാശംസകള്‍. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഞങ്ങളുടെ ഡ്രാമ ക്വീന്‍ കുട്ടി. അമ്മ നിന്നെ ഒരുക്കി എത്ര മനോഹരമായ ചിത്രങ്ങള്‍ എടുക്കാറുണ്ടായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ എന്തൊരു സ്‌നേഹമാണ് തോന്നുന്നത്. ജീവിതകാലം മുഴുവന്‍ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി' എന്നായിരുന്നു ഹന്‍സികയ്‌ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇഷാനി കുറിച്ചത്.
ഹന്‍സികയുടെ മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ട് 'ഹാപ്പി ബര്‍ത്ത്ഡേ ഹന്‍സു ബീ' എന്നായിരുന്നു ദിയയുടെ ആശംസ. നിരവധി പേരാണ് പോസ്റ്റിന് താഴെ ഹന്‍സികയ്ക്ക് ആശംസകള്‍ അറിയിച്ചെത്തുന്നത്. അഹാനയും ഹന്‍സികയ്ക്ക് ആശംസയറിച്ച് എത്തിയിട്ടുണ്ട്
അതേസമയം അമല്‍ നീരദ് ഒരുക്കുന്ന ബാച്ചിലര്‍ പാര്‍ട്ടി 2 വിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഹന്‍സിക. ചിത്രത്തില്‍ നസ്ലിന്റെ ജോഡിയായാകും ഹന്‍സു എത്തുക. നേരത്തെ സഹോദരി അഹാന കൃഷ്ണ അഭിനയിച്ച 'ലൂക്ക' എന്ന സിനിമയില്‍ അഹാനയുടെ കുട്ടിക്കാലം ഹന്‍സിക അവതരിപ്പിച്ചിരുന്നതും ഏറെ ശ്രദ്ധനേടിയിരുന്നു.