കഠിനമായ വര്‍ക്കൗട്ടിലൂടെ ശരീരഭാരം 80 കിലോയില്‍ നിന്ന് 65 കിലോയായി കുറച്ച് ഞെട്ടിച്ച് നടി ഗ്രേസ് ആന്റണി. മാസങ്ങള്‍ നീണ്ട തന്റെ ശാരീരിക മാറ്റത്തിന്റെ കഠിനമായ യാത്ര ചുരുങ്ങിയ സെക്കന്‍ഡുകള്‍ക്കുള്ളില്‍ കോര്‍ത്തിണക്കിയ ഒരു ട്രാന്‍സ്ഫര്‍മേഷന്‍ വിഡിയോയിലൂടെയാണ് താരം ആരാധകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
'മാസങ്ങളുടെ കഠിനാധ്വാനം ചില സെക്കന്‍ഡുകളില്‍' എന്ന അടിക്കുറിപ്പോടെയാണ് ജിമ്മിലെ കഠിനമായ വര്‍ക്കൗട്ട് ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോ ഗ്രേസ് പോസ്റ്റ് ചെയ്തത്. വിഡിയോയില്‍ ഏറെ ശ്രദ്ധേയമായത് താരം നല്‍കിയ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ്. 'ആരാണ് നിങ്ങളുടെ പ്രചോദനം?' എന്ന ചോദ്യത്തിന് 'ഞാന്‍ തന്നെ' എന്നാണ് ഗ്രേസ് മറുപടി നല്‍കിയത്.
ശാരീരിക ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്‌നങ്ങളും നേരിട്ട ഒരു ഘട്ടത്തില്‍ നിന്നാണ് തന്റെ മനക്കരുത്ത് കൊണ്ട് നൃത്തത്തിലേക്കും പൂര്‍ണ ഫിറ്റ്‌നസിലേക്കും തിരിച്ചെത്തിയതെന്ന് ഗ്രേസ് ആന്റണി മുന്‍പ് വ്യക്തമാക്കിയിരുന്നു. 80 കിലോയായിരുന്ന ശരീരഭാരം കര്‍ശനമായ വ്യായാമത്തിലൂടെ 65 കിലോയായി കുറച്ചുവെന്നാണ് ഗ്രേസ് ആരാധകരെ അറിയിച്ചത്.
വ്യക്തിഗത ട്രെയിനര്‍ അലി ഷിഫാസിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരമായിരുന്നു താരത്തിന്റെ ഈ ശാരീരിക മാറ്റം. സിനിമയിലെ സഹപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് ഗ്രേസിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ വിഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങളുമായി എത്തുന്നത്. ഗ്രേസിന്റെ ഈ മാറ്റം ഇപ്പോള്‍ ഒട്ടേറെപ്പേര്‍ക്ക് പ്രചോദനമാണെന്ന് ആരാധകര്‍ കുറിക്കുന്നു.