Latest News

'സ്ത്രീകളുടെ കഴിവുകളേക്കാള്‍ സമൂഹം ചര്‍ച്ച ചെയ്യുന്നത് ശരീരവും രൂപവും'; ആണ്‍നോട്ടങ്ങളും അനാവശ്യ കമന്റുകളും തന്നെ ബാധിക്കാറില്ല;  സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്;തുറന്നടിച്ച് എസ്തര്‍ അനില്‍

Malayalilife
'സ്ത്രീകളുടെ കഴിവുകളേക്കാള്‍ സമൂഹം ചര്‍ച്ച ചെയ്യുന്നത് ശരീരവും രൂപവും'; ആണ്‍നോട്ടങ്ങളും അനാവശ്യ കമന്റുകളും തന്നെ ബാധിക്കാറില്ല;  സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്;തുറന്നടിച്ച് എസ്തര്‍ അനില്‍

സ്ത്രീകളുടെ കഴിവുകളെയും നേട്ടങ്ങളെയും അംഗീകരിക്കുന്നതിനേക്കാള്‍ ഉപരിയായി സമൂഹം എപ്പോഴും അവരുടെ ശരീരത്തെയും ബാഹ്യരൂപത്തെയുമാണ് ചര്‍ച്ച ചെയ്യാറുള്ളതെന്ന് തുറന്നുപറഞ്ഞ് നടി എസ്തര്‍ അനില്‍. ചലച്ചിത്ര മേഖലയിലെ നടിമാരെ അമിതമായി ലൈംഗികവത്കരിക്കുന്ന പ്രവണതയോട് പ്രതികരിക്കവെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. 'ഗൃഹലക്ഷ്മി'ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് എസ്തറിന്റെ ഈ തുറന്നുപറച്ചില്‍.

'സ്ത്രീകള്‍ നിരന്തരം ആണ്‍നോട്ടത്തിന് ഇരയാകാറുണ്ട് എന്നത് യഥാര്‍ത്ഥ്യമാണ്. കായികരംഗത്തു പോലും സ്ത്രീകളുടെ കഴിവുകളേക്കാള്‍ അവരുടെ ശരീരത്തേയും രൂപത്തേയും കുറിച്ചാണ് പലപ്പോഴും ആളുകള്‍ സംസാരിക്കുന്നത്.' തന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും വസ്ത്രധാരണത്തിന്റെ പേരില്‍ നേരിടാറുള്ള വിമര്‍ശനങ്ങളെക്കുറിച്ചും താരം തുറന്നടിച്ചു. അതിനെയെല്ലാം അതിജീവിക്കുന്നതിനെക്കുറിച്ചും സിനിമയ്ക്ക് പുറത്തുള്ള തന്റെ ജീവിതത്തെക്കുറിച്ചും എസ്തര്‍ പറഞ്ഞു.

'എന്റെ ശരീരത്തെയും വസ്ത്രങ്ങളേയും കുറിച്ച് പലരും പല കമന്റുകളും പറയാറുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിക്കാന്‍ ഞാന്‍ അനുവദിക്കാറില്ല. ജോലിക്കപ്പുറം സിനിമ എന്റെ ലോകമല്ല. കുടുംബവും സുഹൃത്തുക്കളുമടങ്ങുന്ന തികച്ചും വ്യക്തിപരമായ മറ്റൊരു ലോകമുണ്ട്'- എസ്തര്‍ പറഞ്ഞു.

മലയാളത്തില്‍ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയില്‍ സമീപകാലത്ത് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ചില സിറ്റീരിയോടൈപ്പുകളിലേക്ക് പോകുന്നുണ്ടെന്നാണ് എസ്തര്‍ അനില്‍ പറയുന്നത്.

'അടുത്ത കാലത്ത് ഏറ്റവും സ്പര്‍ശിച്ച സ്ത്രീകഥാപാത്രങ്ങള്‍ ഉള്ളൊഴുക്ക് എന്ന സിനിമയിലേതാണ്. രണ്ട് സ്ത്രീകള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഡൈനാമിക്സ് വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നമ്മുടെ സിനിമകള്‍ പഴയ ചില സ്റ്റീറിയോടൈപ്പുകളിലേക്ക് തിരികെ പോകുന്നുണ്ടോ എന്ന് തോന്നാറുണ്ട്'' എസ്തര്‍ പറയുന്നു.

സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ ആര്‍ത്തവം, പീഡനം, അതില്‍ നിന്നുള്ള അതിജീവനം, അതിനോടുള്ള പ്രതികരണം തുടങ്ങിയ കാര്യങ്ങളിലാണ് പലപ്പോഴും കഥകള്‍ കേന്ദ്രീകരിക്കുന്നത്. തീര്‍ച്ചയായും അത്തരം കഥകള്‍ ആവശ്യമാണ്. പക്ഷെ സ്ത്രീ ജീവിതത്തിലെ കുറേക്കൂടി ലെയറുകള്‍, അനുഭവങ്ങള്‍, ആഗ്രഹങ്ങള്‍, ബന്ധങ്ങള്‍, വ്യക്തിത്വം എന്നിവയെക്കുറിച്ചൊക്കെ സിനിമ ആഴത്തില്‍ അന്വേഷിക്കണ്ടതുണ്ടെന്നും താരം പറയുന്നു.

'സ്ത്രീ സൗഹൃദങ്ങള്‍ വളരെ കുറച്ച് മാത്രം സംസാരിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് ഇത്തരം സൗഹൃദങ്ങളാണ്. സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ശത്രുക്കള്‍ എന്നൊരു മിഥ്യാധാരണ നിലനില്‍ക്കുന്നുണ്ട്. അതിനെ ഞാന്‍ പൂര്‍ണമായും തള്ളിക്കളയും. സ്ത്രീകള്‍ എപ്പോഴും പരസ്പരം എതിര് നില്‍ക്കുന്നവരാണെന്ന ധാരണ ശരിയല്ല. സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദവും പരസ്പരം ശക്തിയാകുന്ന ബന്ധങ്ങളും സിനിമയില്‍ കുറേക്കൂടി കാണണം എന്ന് തോന്നാറുണ്ട്'' എന്നും എസ്തര്‍ പറയുന്നു.

ഗെയിം ഓഫ് ത്രോണ്‍സ്, സ്ട്രേഞ്ചര്‍ തിങ്സ്, മണി ഹീസ്റ്റ് പോലുള്ള സീരീസുകള്‍ എത്രത്തോളം വ്യത്യസ്തമാണെന്നും എസ്തര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നമ്മുടെ സിനിമയ്ക്ക് അത്ര വലിയ ബജറ്റോ ഫണ്ടിങ്ങോ ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് അതേ രീതിയില്‍ എല്ലാം ചെയ്യാന്‍ കഴിയണമെന്നില്ല. എങ്കിലും ഇനിയും ഒരുപാട് സാധ്യതകള്‍ ബാക്കിയുണ്ടെന്നും എസ്തര്‍ പറയുന്നു.

esther anil about women

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES