ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തില്‍ നിന്ന് ലഭിച്ച പ്രശംസ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. 'ജയിലര്‍ 2'വിന്റെ ചിത്രീകരണത്തിനിടെ തലൈവറില്‍ നിന്ന് ലഭിച്ച അഭിനന്ദനം ഒരിക്കലും മറക്കാനാകില്ലെന്നും, തന്റെ ഷോട്ടിന് ശേഷം അദ്ദേഹം എഴുന്നേറ്റ് നിന്ന് കൈയടിച്ചത് ദേശീയ പുരസ്‌കാരത്തേക്കാള്‍ വിലമതിക്കുന്ന അംഗീകാരമാണെന്നും സുരാജ് വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് മനസ്സ് തുറന്നത്.
പുലര്‍ച്ചെ രണ്ടു മണിയോടെ നടന്ന തന്റെ ഭാഗത്തിന്റെ ചിത്രീകരണം കാണാന്‍ രജനികാന്ത് ഉറക്കമിളച്ചിരുന്നുവെന്നും സുരാജ് വെളിപ്പെടുത്തി. 'രജിനി സാര്‍ അദ്ദേഹത്തിന്റെ ഷോട്ട് കഴിഞ്ഞ് സെറ്റ് വിട്ടു പോകേണ്ടതായിരുന്നു. പക്ഷേ എന്റെ ഭാഗം എടുക്കുന്നത് കാണാന്‍ അദ്ദേഹം കാത്തുനിന്നു. അഭിനയം പൂര്‍ത്തിയാക്കി സംവിധായകന്‍ കട്ട് വിളിച്ച ഉടന്‍ ആരോ കൈയടിക്കുന്നത് കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ സാക്ഷാല്‍ രജിനി സാര്‍! അദ്ദേഹം എഴുന്നേറ്റ് നിന്ന് കൈയടിക്കുന്നതും പിന്നാലെ സെറ്റ് മുഴുവന്‍ അത് ഏറ്റെടുക്കുന്നതും കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ സ്തബ്ധനായിപ്പോയി.
സുരാജ് വെഞ്ഞാറമൂട് അഭിനയത്തിന് മുന്‍പ് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ടെങ്കിലും രജനികാന്തിനെപ്പോലൊരു മഹാനടനില്‍ നിന്ന് ലഭിക്കുന്ന ഒരു നല്ല വാക്ക് അതിനേക്കാള്‍ വലുതാണെന്ന് സുരാജ് കൂട്ടിച്ചേര്‍ത്തു. അത്രയും വലിയ സൂപ്പര്‍സ്റ്റാറായിരുന്നിട്ടും സിനിമയെക്കുറിച്ചും സഹതാരങ്ങളുടെ പ്രകടനം കാണാനും അദ്ദേഹം സമയം കണ്ടെത്തുന്നത് വലിയൊരു പ്രചോദനമാണെന്നും താരം പറഞ്ഞു. രജനികാന്ത് തന്നെ അഭിനന്ദിക്കുന്ന സമയത്ത് ബോളിവുഡ് താരം വിദ്യാ ബാലനും ഒപ്പമുണ്ടായിരുന്നുവെന്നും വിദ്യയും തന്നെ ഏറെ പ്രോത്സാഹിപ്പിച്ചുവെന്നും സുരാജ് വ്യക്തമാക്കി.
ഹാസ്യ വേഷങ്ങളിലൂടെ വന്ന് പിന്നീട് ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മൂന്ന് തവണ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും 2013-ല്‍ 'പേരറിയാത്തവര്‍' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സുരാജ് സ്വന്തമാക്കിയിട്ടുണ്ട്. 'മോഹിനിയാട്ടം' എന്ന ചിത്രത്തിലെ സുരാജിന്റെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.