സോഷ്യല്‍ മീഡിയയിലെ സദാചാര വാദികള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കു മെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് നടി എസ്തര്‍ അനില്‍. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാനായി നടിമാര്‍ വസ്ത്രത്തിന്റെ അളവ് കുറയ്ക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളെ 'അസംബന്ധം' എന്ന് വിളിച്ചാണ് താരം തള്ളിക്കളഞ്ഞത്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ബാലതാരമായി എത്തിയ പെണ്‍കുട്ടികള്‍ വളര്‍ന്നു നായികമാരാകുമ്പോള്‍ അവരെ ഹൈപ്പര്‍ സെക്ഷ്വലൈസ് ചെയ്യുന്ന പ്രവണതയെക്കുറിച്ച് എസ്തര്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് നേരെ അധിക്ഷേപങ്ങള്‍ ഉയര്‍ന്നത്.
'സിനിമയില്‍ അവസരത്തിനായി തുണി ഉരിയുന്നുവെന്ന അസംബന്ധം നമുക്കൊന്ന് അവസാനിപ്പിച്ചുകൂടേ? സോഷ്യല്‍ മീഡിയയില്‍ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയില്‍ നായികമാരായ എത്ര പേരുണ്ടെന്ന് പറഞ്ഞുതരൂ. ഒരാള്‍ പോലുമില്ല,'' എസ്തര്‍ കുറിച്ചു. വസ്ത്രധാരണമോ നഗ്‌നതാ പ്രദര്‍ശനമോ അല്ല, മറിച്ച് കലാകാരന്മാരുടെ കഴിവും മികവുമാണ് മലയാള സിനിമയെ നിലനിര്‍ത്തുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
വിമര്‍ശകര്‍ക്ക് നേരെ ചോദ്യങ്ങള്‍ ഉന്നയിച്ച താരം, ''സഹോദരാ, നിങ്ങള്‍ക്ക് എന്താണ് ഇത്ര പ്രശ്‌നം? അതോ കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടാന്‍ വേണ്ടിയുള്ള വിലകുറഞ്ഞ പ്രശസ്തിയാണോ ലക്ഷ്യം?'' എന്ന് ചോദിക്കാനും മറന്നില്ല. സാധാരണ ഇത്തരം കമന്റുകളോട് പ്രതികരിക്കാറില്ലെങ്കിലും ഇത്തവണ തുറന്നു കാട്ടണമെന്ന് തോന്നിയതുകൊണ്ടാണ് മറുപടി നല്‍കുന്നതെന്നും എസ്തര്‍ വ്യക്തമാക്കി.
നിലവില്‍ മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 'ദൃശ്യം 3' ആണ് എസ്തറിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും വലിയ ചിത്രം. ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന മൂന്നാം ഭാഗം മെയ് 21-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.