മലയാളികള്‍ക്ക് ബാലതാരമായി സുപരിചിതയായ എസ്തര്‍ അനില്‍, ലണ്ടനിലെ തന്റെ പഠനകാലത്തുണ്ടായ ഒരു വിചിത്രമായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ചാവിഷയം. യുകെയിലെ ഒരു പ്രമുഖ മാധ്യമം തന്നെ പുകഴ്ത്തുന്നതിനായി സുഹൃത്തും സഹപ്രവര്‍ത്തകയുമായ സാനിയ അയ്യപ്പനെ മനഃപൂര്‍വം താഴ്ത്തിക്കെട്ടി വാര്‍ത്ത നല്‍കിയെന്നാണ് എസ്തര്‍ പറയുന്നത്. 'ദി ക്യൂ സ്റ്റുഡിയോ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ എസ്തറിനെ അഭിനന്ദിച്ചുകൊണ്ട് വന്ന ലേഖനത്തിലാണ് സാനിയയെ മോശമായി ചിത്രീകരിച്ചത്. സാനിയ അയ്യപ്പന്‍ ലണ്ടനില്‍ വംശീയ അധിക്ഷേപം (Racism) നേരിട്ടതിനെക്കുറിച്ചും അവിടെ തുടരാന്‍ കഴിയാതെ മടങ്ങിയതിനെക്കുറിച്ചും പരാമര്‍ശിച്ച മാധ്യമം, എസ്തര്‍ വലിയ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ നേടി വിജയിച്ചു എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്. മറ്റേയാള്‍ക്ക് സ്റ്റാര്‍ഡം ഇല്ലാത്തതിനാലും സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലും പേടിച്ച് ഓടിയതാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് എസ്തര്‍ പറഞ്ഞു.
ഒരാളെ മോശമാക്കി തന്നെ പുകഴ്ത്തുന്നതില്‍ യാതൊരു യുക്തിയുമില്ലെന്ന് എസ്തര്‍ വ്യക്തമാക്കി. ഈ വാര്‍ത്ത തന്നെ ബാധിക്കാതിരിക്കാന്‍ താരം ഉടന്‍ തന്നെ സാനിയയ്ക്ക് സന്ദേശമയച്ചു. താന്‍ പറഞ്ഞ് എഴുതിപ്പിച്ച വാര്‍ത്തയല്ല ഇതെന്ന് ബോധ്യപ്പെടുത്താനായിരുന്നു അത്. എന്നാല്‍ സാനിയ വളരെ പക്വതയോടെയാണ് ഇതിനോട് പ്രതികരിച്ചത്. ബാഹ്യമായ ഇടപെടലുകളാണ് പലപ്പോഴും താരങ്ങളെ ശത്രുക്കളാക്കുന്നത് എന്നും എന്നാല്‍ തങ്ങള്‍ ഇന്നും നല്ല സുഹൃത്തുക്കളായി തുടരുന്നുവെന്നും എസ്തര്‍ കൂട്ടിച്ചേര്‍ത്തു.
യുകെയില്‍ തനിക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒന്നോ രണ്ടോ ശതമാനം മാത്രമായിരിക്കും. റേസിസവും അങ്ങനെ തന്നെ. ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ല. യൂറോപ്പ് മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം അവിടെ പഠിച്ചിരുന്നു. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. വളരെ ഊഷ്മളവും വെല്‍ക്കമ്മിങുമായിരുന്നു'' താരം പറയുന്നു.
''പാര്‍ട്ട് ടൈം ജോലി ചെയ്യേണ്ടി വന്നിരുന്നില്ല. മലയാളി അസോസിയേഷന്റെ പരിപാടിയ്ക്കൊക്കെ പോയി കുറച്ച് കാശൊക്കെ ഉണ്ടാക്കിയിരുന്നു. രണ്ട് മാസം പാര്‍ട്ട് ടൈം ചെയ്ത് നോക്കിയിരുന്നു. അതില്‍ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ഇല്ലെന്ന് പറയില്ല. എനിക്ക് വളരെ നല്ല അനുഭവമായിരുന്നു.''
''അതേസമയം തന്നെ നമ്മള്‍ നന്നായി റിസര്‍ച്ച് ചെയ്തിട്ടില്ലെങ്കില്‍ പെട്ടു പോകും. സുഹൃത്തുക്കള്‍ പങ്കിട്ട ഫോട്ടോ കണ്ട് ലൈഫ് അടിപൊളിയാണെന്ന് കരുതി വന്ന മലയാളി കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ എല്ലാവരോടും ചോദിച്ചും റിസര്‍ച്ച് ചെയ്തുമാണ് പോയത്. പത്ത് ശതമാനം പോലും റിസര്‍ച്ച് ചെയ്യാതെ വരുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. കാരണം ഫോട്ടോയില്‍ കാണുന്ന ജീവിതമല്ല അവിടെ'' താരം പറയുന്നു.
''അങ്ങനെ കഷ്ടപ്പെടേണ്ടി വരും. ആളുകള്‍ വെല്‍ക്കമിങ് ആയിരിക്കണമെന്നില്ല. അങ്ങോട്ട് ചെന്ന് സംസാരിക്കണം. ഇവിടെ നമുക്ക് നമ്മളൂടേതായൊരു സ്പേസുണ്ട്. അവിടെയുള്ളവര്‍ സെന്‍സിബിളിന് അപ്പുറത്ത് കുറച്ച് കൂടി സെന്‍സിറ്റീവ് ആണെന്ന് തോന്നിയിട്ടുണ്ട്. വ്യത്യസ്തമായ സംസ്‌കാരം ആണല്ലോ. നമ്മള്‍ തമാശയായി പറയുന്നതും സ്വാതന്ത്ര്യത്തോടെ ചെയ്യുന്നതുമായ കാര്യത്തില്‍ ദേഷ്യപ്പെട്ടേക്കാം'' എസ്തര്‍ പറയുന്നു.
''നമ്മള്‍ അവരുടെ സംസ്‌കാരത്തോട് അഡ്ജസ്റ്റ് ചെയ്ത് നില്‍ക്കണം. രണ്ടാം പൗരനെന്ന പോലെ പോയി നില്‍ക്കുന്നതാണ് നമ്മള്‍. അതിനര്‍ത്ഥം ആട്ടും തുപ്പും കേട്ട് അവിടെ നില്‍ക്കണം എന്നല്ല പറയുന്നത്. പലപ്പോഴും അവരുടെ ദേഷ്യം വാലിഡ് ആണെന്നും തോന്നിയിട്ടുണ്ട്. അവിടെ പുഴകളില്‍ അവര്‍ വളര്‍ത്തുന്ന മീനുണ്ടാകും. അതിനെ ചൂണ്ടയിട്ട് പിടിക്കാന്‍ പാടില്ല. പക്ഷെ ഇന്ത്യക്കാര്‍ പോയി ചൂണ്ടയിട്ട് പിടിച്ചിട്ട് വരും. എന്റെ കണ്‍മുന്നില്‍ ഞാന്‍ കണ്ടതാണ്. അതൊക്കെ അവര്‍ക്ക് ദേഷ്യമുണ്ടാക്കും'' എന്നും എസ്തര്‍ പറയുന്നു.
''റേസിസം കണ്ടില്ലെന്ന് നടിക്കണമെന്നല്ല. എന്റെ അനുഭവം വേറെയായിരുന്നുവെന്ന് മാത്രം. തീര്‍ച്ചയായും അവിടെ റേസിസമുണ്ട്. നമ്മള്‍ നമ്മളുടെ കാര്യം നോക്കിയങ്ങ് പോവുക'' എന്നും എസ്തര്‍ പറയുന്നു.
പഠനം പൂര്‍ത്തിയാക്കി സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് എസ്തര്‍. മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3' ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യവും സഹപ്രവര്‍ത്തകരോടുള്ള ബഹുമാനവും എസ്തറിന്റെ വാക്കുകളില്‍ പ്രകടമാണ്.