Latest News

'വൈറസ്' സിനിമയില്‍ ഉപയോഗിച്ച കോഴിക്കോട് മാപ് ആരുടെ തലച്ചോറാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി ആഷിഖ് അബു; സിനിമയില്‍ കൊടുക്കാത്ത ക്രെഡിറ്റ് പോസ്റ്റില്‍ നല്‍കിയതിന് പിന്നാലെ ഭാവിയില്‍ അശ്രദ്ധയും പിഴവുമുണ്ടാകില്ലെന്നും സംവിധായകന്റെ ഉറപ്പ്

Malayalilife
topbanner
 'വൈറസ്' സിനിമയില്‍ ഉപയോഗിച്ച കോഴിക്കോട് മാപ് ആരുടെ തലച്ചോറാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി ആഷിഖ് അബു; സിനിമയില്‍ കൊടുക്കാത്ത ക്രെഡിറ്റ് പോസ്റ്റില്‍ നല്‍കിയതിന് പിന്നാലെ ഭാവിയില്‍ അശ്രദ്ധയും പിഴവുമുണ്ടാകില്ലെന്നും സംവിധായകന്റെ ഉറപ്പ്

ന്റെ അഭിപ്രായങ്ങളും നിലപാടുകളും മാത്രമല്ല സംവിധായകൻ ആഷിഖ് അബു ഫേസ്‌ബുക്കിലൂടെ തുറന്നു പറയാറുള്ളത് എന്നതിന് ഉത്തമ ഉദാഹരണമാണ് അദ്ദേഹം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഫേസ്‌ബുക്ക് കുറിപ്പ്. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള വൈറസ് എന്ന ചിത്രം ആ രോഗബാധയുടെ ഭീതിയുളവാക്കുന്ന മുഖം കേരളത്തിന് കാട്ടിക്കൊടുത്തെങ്കിലും ചത്രത്തിലെ ഒരു പിഴവ് ഏവരേയും ഓർമ്മിപ്പിക്കുകയും അതിന് മാപ്പ് ചോദിക്കുകയുമാണ് സംവിധായകൻ. സിനിമയിൽ കോഴിക്കോട് ജില്ലയുടെ വിശദമായ ഒരു മാപ് കമ്പ്യൂട്ടർ ഗ്രാഫിക്സ് സഹിതം കാണിക്കുന്നുണ്ട്.

എന്നാൽ ആ മാപ്പ് നിർമ്മിച്ച യഥാർഥ വ്യക്തിക്ക് ക്രെഡിറ്റ് നൽകാൻ തങ്ങൾ വിട്ടുപോയെന്ന് ആഷിഖ് ഫേസ്‌ബുക്കിൽ കുറിക്കുന്നു. ക്രിയേറ്റീവ് കോമൺ ലൈസൻസ് എന്നാൽ എന്താണ് എന്നതിനെ കുറിച്ചുള്ള ധാരണക്കുറവാണ് ഇത്തരം ഒരു അബദ്ധം പറ്റാൻ കാരണമെന്നും ഭാവിയിൽ ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്നും ആഷിഖ് ഉറപ്പ് നൽകുന്നു. കോഴിക്കോടിന്റെ മാപ്പ് സൃഷ്ടിച്ചതാരാണെന്ന് പറയാനും അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾക്ക് ഭാവിയിൽ എല്ലാ ആശംസകളും നേരാനും ആഷിഖ് മറന്നില്ല.

തികച്ചും സ്വാഭാവികമായ മുഹൂർത്തങ്ങളും സംഭാഷണങ്ങളുമാണ് വൈറസ് സിനിമയ്ക്കായി ഒരുക്കിയത്. ക്യാമറയും പശ്ചാത്തലസംഗീതവും സൃഷ്ടിക്കുന്ന അന്തരീക്ഷവും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഒരു വർഷം മുൻപ് വന്ന നിപയുടെ ഭീതി എത്രത്തോളുമുണ്ടായിരുന്നുവെന്ന ലോകത്തിന് മുന്നിൽ കാട്ടിക്കൊടുക്കാൻ ചിത്രത്തിന് സാധിച്ചുവെന്ന് സിനിമ തിയേറ്ററിൽ വന്ന ശേഷം അഭിപ്രായവും ഉയർന്നിരുന്നു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സുധീഷ്, സൗബിൻ ഷാഹിർ, ആസിഫ് അലി, ഇന്ദ്രജിത്ത്, ദിലീഷ് പോത്തൻ, ജോജു ജോർജ്, റഹ്മാൻ, പാർവതി, രേവതി, റിമാ കല്ലിങ്കൽ, രമ്യാ നമ്പീശൻ മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ മുഹ്‌സിൻ പരാരിയും സുഹാസും ഷറഫും ചേർന്നാണ്. രാജീവ് രവിയും ഷൈജു ഖാലിദുമാണ് ഛായാഗ്രഹണം. സംഗീതം സുഷിൻ ശ്യാം ആണ്. സൈജു ശ്രീധരനാണ് എഡിറ്റിങ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അറിയിപ്പ് !

വൈറസ് സിനിമയിൽ കോഴിക്കോട് ജില്ലയുടെ വിശദമായ ഒരു മാപ് ഒരു കമ്പ്യൂട്ടർ ഗ്രാഫിക്സ് സെഗ്മെന്റിൽ കാണിക്കുന്നുണ്ട്. പ്രസ്തുത മാപ്, കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന ശ്രീ ജൈസൺ നെടുമ്പാല നിർമ്മിച്ച് വിക്കിമീഡിയ കോമൺസിൽ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരം പ്രസിദ്ധപ്പെടുത്തിയത് ഉപയോഗിച്ചാണ് സിനിമക്ക് കമ്പ്യൂട്ടർ ഗ്രാഫിക്സ് ചെയ്ത ടീം ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധയിൽപ്പെടുകയുണ്ടായി. എന്നാൽ ആ ചിത്രത്തിന്റെ ക്രെഡിറ്റ് ശ്രീ ജൈസൺ നെടുമ്പാലക്കാണെന്ന് സിനിമയിൽ പരാമർശിച്ചിട്ടില്ല.

വിക്കിമീഡീയ കോമൺസിലുള്ള ചിത്രം ഉപയോഗിച്ചാണ് ഈ കമ്പ്യൂട്ടർ ഗ്രാഫിക്സ് നിർമ്മിച്ചത് എന്നത് ശ്രദ്ധിക്കാഞ്ഞതിനാലും ക്രിയേറ്റീവ് കോമൺസ് ലൈസൻസിനെക്കുറിച്ചുള്ള ധാരണക്കുറവു മൂലമാണ് ഈ പിഴവ് സംഭവിച്ചിട്ടുള്ളത്. ആയതിന് ശ്രീ ജൈസൺ നെടുമ്പാലയോട് ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുകയും, ആ ചിത്രത്തിനുള്ള ആട്രിബ്യൂഷൻ അദ്ദേഹത്തിനാണെന്ന് അറിയിക്കുകയും ചെയ്യുന്നു.

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് പ്രവർത്തകനും വിക്കിപ്പീഡിയനുമായ ശ്രീ ജൈസൺ നെടുമ്പാല ഇപ്പോൾ മലപ്പുറം ജില്ലയിലെ ചുങ്കത്തറ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്യുകയാണ്. പ്രശംസനീയമായ നിരവധി സംഭാവനകൾ മാപ്പിങ് രംഗത്തും വിക്കിപ്പീഡിയ, മലയാളം കമ്പ്യൂട്ടിങ് എന്നീ രംഗത്തും നൽകിയിട്ടുള്ള ശ്രീ ജൈസൺ 2018 ഡിസംബറിൽ കമ്യൂണിറ്റി പങ്കാളിത്തത്തോടെ നടത്തിയ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിന്റെ ഭൂപടനിർമ്മാണം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ദേഹം നിർമ്മിച്ച മേല്പറഞ്ഞ കോഴിക്കോട് ജില്ലയുടെ മാപ്പ് വളരെ കൃത്യമായതും സമഗ്രമായതുമാണ്. കോഴിക്കോട് ജില്ലയിലെ ലോക്കൽ അഥോറിറ്റികളുടെ അതിരുകളും, നിയമസഭാമണ്ഡലങ്ങളും അപ്റ്റുഡേറ്റായും കൃത്യമായും വരച്ചു ചേർത്തിട്ടുള്ള ഇന്നും ലഭ്യമായ ഒരേയൊരു ഭൂപടം അതേയുള്ളൂ.

പ്രസ്തുത ചിത്രം ഇവിടെ കാണാം: https://commons.wikimedia.org/.../File:Kozhikode-district-map...

സ്വതന്ത്രമായ ഭൂപടങ്ങളുടേയും ചിത്രങ്ങളുടേയും മറ്റ് മീഡിയകളുടേയും സംഭരണിയായ വിക്കിമീഡിയ കോമൺസ്, വിക്കിപ്പീഡിയ അടക്കമുള്ള മറ്റ് അനുബന്ധ വിക്കിമീഡിയ സംരഭങ്ങൾ എന്നിവയോടും, കാലങ്ങളായി അതിലേക്ക് സ്വതന്ത്ര വിവരങ്ങൾ ചേർത്ത് നമ്മുടെ അറിവിനേയും കലയേയും സംരക്ഷിക്കുന്ന ജൈസനടക്കമുള്ള അനേകായിരം സന്നദ്ധപ്രവർത്തകർക്കുമുള്ള നന്ദി ഞങ്ങൾ പ്രകടിപ്പിക്കുന്നു. ഭാവിയിൽ ഇത്തരം അശ്രദ്ധയും പിഴവുകളും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കാൻ പൂർണ്ണമായും ശ്രമിക്കുമെന്നും ഞങ്ങൾ എല്ലാ ഓപ്പൺ ആക്സസ് പ്രവർത്തകർക്കും ഉറപ്പ് നൽകുന്നു.

 

കോഴിക്കോട്ട് നിപ്പ പടർന്നു പിടിച്ച അവസരത്തിലും നിപ്പയെ തടഞ്ഞുനിർത്തുന്നതിനായി മറ്റ് ഏതൊരു സർക്കാർ സംവിധാനവുമെന്നപോലെ പഞ്ചായത്ത് സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിച്ച നിരവധി പേരിൽ ഒരാൾകൂടിയായ ജൈസനോടുള്ള അകമഴിഞ്ഞ നന്ദിയും അദ്ദേഹത്തിന്റെ ഭാവിപ്രവർത്തനങ്ങൾക്കുമുള്ള എല്ലാവിധത്തിലുമുള്ള പിന്തുണയും ആശംസകളും ഞങ്ങൾ അറിയിക്കുന്നു.

director aashiq abus facebook post on virus movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES