മലയാളികള്‍ ഇന്നും ഏറെ അഭിമാനത്തോടെ എടുത്തു പറയുന്ന ചിത്രമാണ് കിരീടം. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സേതുവിനേയും കീരിക്കാടന്‍ ജോസിനേയും പ്രേക്ഷകര്‍ അത്ര പെട്ടൊന്ന് മറക്കാന്‍ വഴിയില്ല. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിരുന്ന കീരിക്കാടന്‍ ഇപ്പോള്‍ ആശുപത്രിയിലാണ് ഉള്ളത്. ഒരു മാസത്തോളമായി ഇവിടെ ചികിത്സയിലാണ് അദ്ദേഹം. കണ്ടാല്‍ ആര്‍ക്കും ആ പഴയ വില്ലനാണ് ആശുപത്രിയിലുള്ളതെന്ന് വ്യക്തമാകില്ല. ഇതിനിടെയാണ് ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ഒരാളുടെ വീഡിയോ വൈറലായത്. നടന് ഒട്ടും വയ്യെന്നും ആരെങ്കിലും സഹായിക്കണമെന്നുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. എന്നാലിപ്പോള്‍ കീരിക്കാടന്‍ ജോസെന്ന മലയാള സിനിമയുടെ പ്രിയപ്പെട്ട വില്ലനെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് സുഹൃത്തും നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍ പറയുന്നു.. വെരിക്കോസ് വെയിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന കീരിക്കാടനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ദിനേശ് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
ദിനേശ് പണിക്കരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.
'കീരിക്കാടന്‍ ജോസ്, 1989ല്‍ ഞാന്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ ഒരിക്കലും മറക്കാനാകാത്ത വില്ലന്‍. ഇദ്ദേഹമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഗുരുതര രോഗം ബാധിച്ച് മോഹന്‍രാജ് ആശുപത്രിയില്‍ വളരെ മോശം അവസ്ഥയില്‍ കിടക്കുകയാണെന്നും അദ്ദേഹത്തിന് സാമ്പത്തിക സഹായം ആവശ്യമാണെന്നുമുള്ള തരത്തില്‍ ആരോ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു
ഞാന്‍ നിര്‍മ്മിച്ച മൂന്ന് സിനിമകളില്‍ (കിരീടം,ചെപ്പുകിലുക്കണ ചങ്ങാതി, സ്റ്റാലിന്‍ ശിവദാസ്) അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തെന്ന നിലയ്ക്ക് കീരിക്കാടനെ പോയി കണ്ടിരുന്നു. വെരിക്കോസ് വെയിനിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്. സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ മടങ്ങിയെത്തുകയും ചെയ്യും
ആ കുടുംബത്തെ വളരെ അടുത്തറിയാവുന്ന ആളെന്ന നിലയില്‍ അവരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് കൂടി എനിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കും. നിലവില്‍ ആരുടെയും സാമ്പത്തിക സഹായം കീരിക്കാടന് ആവശ്യമില്ല. പൂര്‍ണ ആരോഗ്യത്തോടെ അഭിനയരംഗത്തേക്ക് കീരിക്കാടന് വേഗം മടങ്ങിയെത്താന്‍ എല്ലാ പ്രാര്‍ഥനകളും എന്നാണ് ദിനേശ് പണിക്കര്‍ കുറിച്ചത്.