സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച് ധനുഷ് തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ സ്വന്തമാക്കി. ജൂണ്‍ 13നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ രായന്‍ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷവും അഭിമാനവുമുണ്ട്. ധനുഷുമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മികച്ച ചിത്രം സമ്മാനിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സണ്‍ പിക്‌ചേഴ്‌സ്മായി സഹകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം.' - ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ശ്രീ ഗോകുലം മൂവീസ് സമീപ കാലത്ത് കേരളത്തില്‍ വിതരണം ചെയ്ത തമിഴ് ചിത്രങ്ങള്‍ എല്ലാം വമ്പന്‍ ഹിറ്റുകളായിരുന്നു. പൊന്നിയിന്‍ സെല്‍വന്‍,ജയിലര്‍, ജവാന്‍, ലിയോ, ഡങ്കി, തുടങ്ങി അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. ശ്രീ ഗോകുലം മൂവീസ് നിര്‍മിച്ച ചിത്രമായ 'മഞ്ഞുമ്മല്‍ ബോയ്‌സ്' ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രം തമിഴ് നാട്ടില്‍ നിന്നു മാത്രം 50 കോടിക്കു മുകളില്‍ നേടി. ജയസൂര്യ നായകനായി അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന 'കത്തനാര്‍' എന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം മൂവീസാണ്. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ തന്നെ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.
വമ്പന്‍ താരനിരയാണ് രായന്‍ എന്ന തമിഴ് ചിത്രത്തില്‍ അണിനിരക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കാളിദാസ് ജയറാം, സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്‌റ വിജയന്‍. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‌മാനാണ്.
ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസ് ജൂണ്‍ 13 ന് കേരളത്തിലെ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. പി ആര്‍ ഒ - ശബരി