14-ാം പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ സബൈനയ്ക്ക് ആശംസകളുമായി ശ്വേതാ മേനോന്‍ പങ്ക് വച്ച പിറന്നാള്‍ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ആഘോഷത്തിന്റെ സന്തോഷനിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയ താരം മകളുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല. 14-ാം പിറന്നാള്‍ വീഡിയോയിലും ആ സ്വകാര്യത താരം തുടരുകയാണ്.കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രങ്ങളല്ലാതെ ഇതുവരെ മകളുടെ ചിത്രങ്ങളോ വിഡിയോകളോ സോഷ്യല്‍ മീഡിയയില്‍ ശ്വേത പങ്കുവെച്ചിരുന്നില്ല. ഇതാദ്യമായാണ് മകളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വിഡിയോ താരം ആരാധകര്‍ക്കായി പങ്കുവെക്കുന്നത്.
''എന്റെ കുഞ്ചിക്കും കണ്ണന്റെ പുച്ചുവിനും 14-ാം പിറന്നാള്‍ ആശംസകള്‍...ഹാപ്പി ബര്‍ത്ത്‌ഡേ സബൈന...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശ്വേത വീഡിയോ പങ്കിട്ടിരിക്കുന്നത്. വിഡിയോയില്‍ ശ്വേത സബൈനയെ മുത്തംവയ്ക്കുന്നതും എല്ലാവരും ചുറ്റു കൂടി കേക്ക് മുറിക്കുന്നതും കൈ കൊട്ടുന്നതുമൊക്കെ കാണാം. എല്ലാവരുമായി കേക്ക് പങ്കുവയ്ക്കുമ്പോഴും സബൈനയുടെ മുഖം കാണിച്ചിട്ടില്ല. മകളുടെ സ്വകാര്യത മാനിച്ചാണ് താരം മകളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാത്തത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ ചെറിയ പിറന്നാളാഘോഷമായിരുന്നു സബൈനയുടേത്. ശ്വേത മേനോനും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും മകളെ സ്‌നേഹത്തോടെ 'കുഞ്ചി', 'പുച്ചു' എന്നാണ് വിളിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരും ചലച്ചിത്ര രംഗത്തെ സുഹൃത്തുക്കളുമാണ് സബൈനയ്ക്ക് പിറന്നാള്‍ ആശംസകള്‍ കുറിച്ചിരിക്കുന്നത്.
ജനിക്കും മുമ്പു തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച താരപുത്രിയാണ് സബൈന. 2012 സെപ്റ്റംബര്‍ 27-നാണ് സബൈന ജനിച്ചത്. ബ്ലെസ്സി സംവിധാനം ചെയ്ത 'കളിമണ്ണ്' എന്ന ചിത്രത്തിന് വേണ്ടി സബൈനയുടെ ജനനം തത്സമയം ക്യാമറയില്‍ പകര്‍ത്തിയത് ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ വലിയ ചരിത്രവും വിവാദങ്ങളും സൃഷ്ടിച്ചതായിരുന്നു ഇതിന്റെ ചിത്രീകരണം.
ശ്വേതയുടെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്റെയും ഡോക്ടര്‍മാരുടെയും പൂര്‍ണ്ണ സമ്മതത്തോടെയും സാന്നിധ്യത്തിലുമായിരുന്നു മുംബൈയിലെ നാനാവതി ആശുപത്രിയില്‍ വെച്ച് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. മൂന്ന് ക്യാമറകള്‍ ഉപയോഗിച്ചായിരുന്നു പ്രസവ മുറിയിലെ അപൂര്‍വ്വ നിമിഷങ്ങള്‍ ബ്ലെസ്സി ദൃശ്യവല്‍ക്കരിച്ചത്. ഒരു അമ്മയുടെയും കുഞ്ഞിന്റെയും ഏറ്റവും വിശുദ്ധമായ ബന്ധത്തെ ആവിഷ്‌കരിക്കാനാണ് ഈ രംഗം ഉള്‍പ്പെടുത്തിയതെന്ന് ബ്ലെസിയും കളിമണ്ണിന്റെ അണിയറപ്രവര്‍ത്തകരും അന്ന് വ്യക്തമാക്കിയിരുന്നു.