തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ നടന്‍ സലീം കുമാറിനെതിരേ ഭിന്നശേഷി അവകാശങ്ങള്‍ക്കായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്‍കി. മാനസിക വെല്ലുവിളി നേരിടുന്നവരെ മോശമായി ചിത്രീകരിച്ചാണ് നടന്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചതെന്നും നടപടിയെടുക്കണമെന്നും നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ദ ഡിസേബിള്‍ഡ് (NPRD) ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് പരാമര്‍ശം. വിവാദ പ്രസ്താവന നടത്തിയ സലീംകുമാറിനെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കണമെന്ന് ജനറല്‍ സെക്രട്ടറി മുരളീധരന്‍ കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
രാഷ്ട്രീയനേട്ടത്തിനായുള്ള ഇത്തരം വിവേചന പ്രയോഗങ്ങള്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതിന് വഴിവെക്കും. പ്രമുഖ വ്യക്തികളുടെ ഭാഗത്തുനിന്ന് ഇത്തരം പ്രസ്താവനകളുണ്ടാകുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രസ്താവന 2016ലെ ഭിന്നശേഷി നിയമത്തിന്റെയും 2017ലെ മാനസികാരോഗ്യ നിയമത്തിന്റെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഭിന്നശേഷിക്കാരെ അപമാനിക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് 2023ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നതാണെന്നും സംഘടന പരാതിയില്‍ ചൂണ്ടിക്കാട്ടി.