മലയാളത്തില്‍ ഹേറ്റേഴ്സ് ഇല്ലാത്ത നടന്‍മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. കോളേജിലെ ചോക്ലേറ്റ് നായകന്‍മാരുടെ റോളുകളില്‍ തിളങ്ങി ഇപ്പോള്‍ കുടുംബസ്ഥനായും കാരക്ടര്‍ റോളുകളിലും തിളങ്ങുകയാണ് താരം. കഴിഞ്ഞ ഏപ്രിലിലായിരുന്നു നടന് 14 വര്‍ഷത്തെ കാത്തിപ്പിന് ശേഷം ഒരു കുഞ്ഞ് ജനിച്ചത്. 42ാം വയസിലാണ് ചാക്കോച്ചന്റെ ജീവിതം പൂര്‍ണമാക്കാന്‍ ഇസഹാക്ക് എത്തിയത്. ഇന്നാണ് താരത്തിന്റെ 44ാം പിറന്നാള്‍.
അനിയത്തിപ്രാവിലൂടെയും നിറത്തിലൂടെയും മലയാളത്തിന്റെ റൊമാന്റിക് ഹീറോ ആയി മാറിയ ചാക്കോച്ചന് ആരാധകരേറെയാണ്. മഴവില്ലിലെയും മയില്‍പീലിക്കാവിലെയും നായകനായ ചാക്കോച്ചന്‍ തനിക്ക് സീരിയസ് വേഷങ്ങളും വഴങ്ങുമെന്ന് , ട്രാഫിക്, ടേക്ക് ഓഫ്, രാമന്റെ ഏദന്‍ത്തോട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ കാട്ടിത്തന്നിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുഞ്ചാക്കോ ബോബന്റെ ആരാധകര്‍ നടന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ചാക്കോച്ചന് ആശംസകള്‍ നേരുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും. പിറന്നാള്‍ ദിനത്തില്‍, 44 വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്ക് ജന്മം നല്‍കിയ തന്റെ അമ്മയുടെ ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. പിഷാരിട, നവ്യ, ജയസൂര്യ, അനശ്രീ തുടങ്ങി നിരവധി താരങ്ങളാണ് ചാക്കോച്ചന് ആശംസകളുമായി എത്തുന്നത്.
ബാലതാരമായിട്ടുണ്ടെങ്കിലും ചാക്കോച്ചന്‍ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത് 1997ല്‍ ഫാസില്‍ ഒരുക്കിയ 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലൂടെയാണ് . തുടര്‍ന്ന് അങ്ങോട് 'നക്ഷത്രതാരാട്ട്', 'നിറം', 'ദോസ്ത്', 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക', 'കസ്തൂരിമാന്‍', 'സ്വപ്നക്കൂട്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി. ഹിറ്റ് ജോഡികളായിരുന്നു ചാക്കോച്ചനും ശാലിനിയും. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി പ്രിയ ആന്‍ സാമുവല്‍ നടന്റെ മനസില്‍ ഇടം നേടി. ഇരുവരും പിന്നീട് പ്രണയിച്ച് വിവാഹിതരായി.
തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ സമ്മാനിച്ച താരത്തിന്റെ ചിത്രങ്ങള്‍ പിന്നീടങ്ങോട്ട് പരാജയത്തിന്റെ രുചിയുമറിഞ്ഞു. 2003ല്‍ സ്വപ്നക്കൂടിന്റെ വിജയത്തിന് ശേംഷം താരത്തിന് കാര്യമായ വിജയചിത്രങ്ങള്‍ കിട്ടിയില്ല. പിന്നീട് സിനിമകളില്‍ നിന്നും ഇടവേള എടുത്ത് റിയല്‍ എസ്റ്റേറ്റ് രംഗത്താണ് ചാക്കോച്ചന്‍ തിളങ്ങിയത്.
പിന്നീട് 2008ല്‍ ലോലിപ്പോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ താരം മലയാള സിനിമകളില്‍ സജീവമായി. പിന്നീട് കൈനിറയെ അവസരങ്ങള്‍ ചാക്കോച്ചനെ തേടിയെത്തി. എങ്കിലും ഒരു കുഞ്ഞില്ലാത്തത് നടന്റെ ജീവിതത്തിലെ സ്വകാര്യ ദുഖമായി അവശേഷിച്ചു എന്നാല്‍ പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരുപ്പിന് ശേഷം താരത്തിനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞു പിറന്നു. ഇസഹാക്ക് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. കുഞ്ഞ് പിറന്ന ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് താരത്തിന്റേത് എന്നതിനാല്‍ തന്നെ ഈ പിറന്നാള്‍ ഏറെ പ്രത്യേകതകള്‍ നിഞ്ഞാണ്. കുടുംബത്തൊടൊപ്പം ചെറിയ ചടങ്ങിലാകും നടന്‍ പിറന്നാള്‍ ആഘോഷിക്കുകയെന്നാണ് സൂചന.
2004ല്‍ പുറത്തിറങ്ങിയ 'ഈ സ്നേഹതീരത്ത്' എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം ചാക്കോച്ചനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനാക്കി. ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിക്കൊണ്ട് ചാക്കോച്ചന്റെ അഭിനയ ജീവിതത്തിലെ ജൈത്യയാത്ര പുരോഗമിക്കുകയാണ്. സഹപ്രവര്‍ത്തകരും മലയാളത്തിന്റെ പ്രിയതാരങ്ങളും ചാക്കോച്ചന് പിറന്നാളാശംസ നേര്‍ന്നിട്ടുണ്ട്. ആരാധകരും നടന് ആശംസകള്‍ നേരുന്ന തിരക്കിലാണ്.