നടി ഹണി റോസിനെതിരെ സോഷ്യല്‍ മീഡിയയിലൂടെയും പൊതുവേദികളിലൂടെയും നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. തന്റെ വാക്കുകള്‍ നടിക്കും കുടുംബത്തിനും വലിയ മാനസിക വിഷമമുണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായും അതില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തനിക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ച് നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ ഹണി റോസ് തയ്യാറാകണമെന്നും ബോബി ചെമ്മണ്ണൂര്‍ അഭ്യര്‍ത്ഥിച്ചു.
താന്‍ സാധാരണയായി സോഷ്യല്‍ മീഡിയയില്‍ തമാശകള്‍ പങ്കുവെക്കാറുണ്ടെന്നും, എന്നാല്‍ അത് ആരെയും ബോധപൂര്‍വ്വം വേദനിപ്പിക്കാന്‍ വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോബി ചെമ്മണ്ണൂരിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: 'എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാര്‍ത്ഥത്തില്‍ ഞാന്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന ഒരാളാണ്. ഞാന്‍ ഒരിക്കലും ആരെയും ബോധപൂര്‍വ്വം ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കാറുമുണ്ട്. ഞാന്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ തമാശകളും മറ്റും പങ്കുവെക്കാറുണ്ട്, എന്നാല്‍ അത് ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെ ചെയ്യുന്നതല്ല.
എന്നാല്‍, ഹണി റോസിനെക്കുറിച്ച് ഞാന്‍ നടത്തിയ പ്രസ്താവനകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും വലിയ മാനസിക വിഷമമുണ്ടാക്കിയതായി ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ വരുത്തിയ ബുദ്ധിമുട്ടുകള്‍ക്ക് ആഴത്തില്‍ ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകളുടെയും അതിന്റെ ആഘാതത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ആര്‍ക്കും ഒരു വേദനയും ഉണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഈ ആത്മാര്‍ത്ഥമായ ക്ഷമാപണം സ്വീകരിച്ച് അവര്‍ കേസ് പിന്‍വലിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നല്ല രീതിയില്‍ മുന്നോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'
വിവിധ ഉദ്ഘാടന വേദികളിലും പൊതുപരിപാടികളിലും ഹണി റോസിനൊപ്പം ബോബി ചെമ്മണ്ണൂര്‍ പങ്കെടുത്തപ്പോഴുള്ള ചില വീഡിയോകളും പരാമര്‍ശങ്ങളും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഒരു ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഹണി റോസ് നിയമനടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബോബി ചെമ്മണ്ണൂര്‍ പരസ്യമായ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്.