നടന്‍ ബിനീഷ് ബാസ്റ്റിനും സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനും തമ്മില്‍ നടന്ന പ്രശ്നങ്ങളെ ചൊല്ലിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ യൂണിയന്റെ ചടങ്ങില്‍ ഇരുവരും എത്തിയപ്പോഴുള്ള പ്രശ്നങ്ങളുടെ വീഡിയോ വൈറലായിരുന്നു. താനുള്ള വേദിയില്‍ ഇരിക്കില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ കോളേജ് ഭാരവാഹികളെ അറിയിച്ചെന്ന് പറഞ്ഞ് ചങ്കുതകര്‍ന്ന് സംസാരിക്കുന്ന ബിനീഷിന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ അനില്‍ രാധാകൃഷ്ണമേനോന് നേരെ ഉയര്‍ന്നു. ഇപ്പോള്‍ തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അനില്‍ രാധാകൃഷ്ണമേനോന്‍.
ബിനീഷിന്റെ ആരോപണങ്ങള്‍ മുഴുവന്‍ തള്ളിയാണ് അനില്‍ രംഗത്തെത്തിയിരിക്കുന്നത്. സാധാരണ കോളേജ് പരിപാടികള്‍ക്കു പങ്കെടുക്കാത്ത ആളാണ് താന്‍. മാഗസിന്‍ റിലീസിന് വേണ്ടിയാണ് പാലക്കാട് മെഡിക്കല്‍ കോേളജിലെ കുട്ടികള്‍ വിളിച്ചത്. കോളേഡ് പരിപാടിക്ക് പോയാല്‍ പ്രതിഫലം വാങ്ങാറില്ല. മറ്റ് സെലിബ്രിറ്റികള്‍ ഉണ്ടെങ്കില്‍ പോകേണ്ടല്ലോ എന്ന് കരുതി വേറെ ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ബിനീഷ് ബാസ്റ്റിന്‍ ഉണ്ടെന്ന് കോളേജ് യൂണിയനിലെ കുട്ടികള്‍ പറഞ്ഞു. ബിനീഷിനെപ്പോലുള്ള ഒരാള്‍ ഉള്ളപ്പോള്‍ ഞാന്‍ വരുന്നില്ലെന്ന് അപ്പോള്‍ തന്നെ അവരോട് പറഞ്ഞു. കാരണം ബിനീഷിനെ എല്ലാവര്‍ക്കും ഇഷ്ടമുളള ഒരാളാണ്. സമൂഹമാധ്യമത്തില്‍ ആരാധകരും ഉണ്ട്. അങ്ങനെയുളള ഒരാള്‍ അവിടെ ഉള്ളപ്പോള്‍ ആ ചടങ്ങില്‍ ഞാനില്ലെന്നു പറഞ്ഞു. കാരണം ആ വേദി ഞാന്‍ അര്‍ഹിക്കുന്നില്ല എന്നതാണ് കാരണം.
എന്നാല്‍ കുട്ടികള്‍ വീണ്ടും വിളിച്ചു പറഞ്ഞത് ബിനീഷിന്റെ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിയെന്നും മാഗസിന്‍ പ്രകാശത്തിനായി വരണമെന്നുമാണ്. ഇതോടെയാണ് പരിപാടിക്ക് പോയത്. ഇതിനിടെയാണ് ബിനീഷ് വേദിയിലെത്തി ഇക്കാര്യങ്ങള്‍ പറഞ്ഞ് സംസാരിച്ചത്. എന്താണ് പ്രശ്നമെന്ന് പോലും മനസിലായില്ല. ബിനീഷിന് കൈയ്യടി കൊടുക്കാന്‍ ഞാന്‍ തന്നെയാണ് വിദ്യാര്‍ഥികളോട് പറഞ്ഞത്. നിലത്തിരിക്കുന്ന ബിനീഷിനോട് കസേരയില്‍ ഇരിക്കാനും ഞാന്‍ ആവശ്യപ്പെട്ടു. മാഗസിന്‍ പ്രകാശനം ചെയ്തിട്ട് പോകാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ ഒന്നും ഉണ്ടായില്ല. അതോടെ ഞാന്‍ പ്രസംഗം നിര്‍ത്തി മടങ്ങി. ഇതാണ് അവിടെ സംഭവിച്ചത്. ബിനീഷ് ആ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അപ്പോള്‍ മാത്രമാണ് ഞാന്‍ അറിഞ്ഞത്.
വീട്ടിലെത്തിയപ്പോഴാണ് സാമൂഹമാധ്യമങ്ങളിലൂടെ പ്രശ്നങ്ങള്‍ അറിഞ്ഞത്. താരങ്ങള്‍ക്കിടയില്‍ ഒന്നാംകിട രണ്ടാം കിട എന്നൊന്നില്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ജാതി, മതം അങ്ങനെ ആളുകളെ വേര്‍തിരിക്കരുത്. പിന്നെ മേനോന്‍ എന്ന പേര് പണ്ടേ ഉള്ളതാണ്. അതുകൊണ്ട് ഒരാളെ മറ്റൊരു തരത്തില്‍ മുദ്രകുത്തരുത്.'
ബിനീഷുമായി യാതൊരു വിധ പ്രശ്നങ്ങളുമില്ലെന്നു മാത്രമല്ല ഞങ്ങള്‍ സുഹൃത്തുക്കളുമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് എന്തു പറ്റിയെന്ന് എനിക്കറിയില്ല. അടുത്ത സിനിമയില്‍ ബിനീഷിന് ഒരു കഥാപാത്രവും റെഡിയാക്കി വച്ചിരുന്നതാണ്. ബിനീഷിനോട് മാപ്പ് പറയാന്‍ ഒരുക്കമാണ് എന്നും അനില്‍ അറിയിച്ചു.