സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്റെ അധിക്ഷേപത്തിനിരയായ നടന്‍ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി സിനിമാ ലോകം. സംവിധായകന്റെ അധിക്ഷേപത്തിന് ഇരയായ സംഭവം മാധ്യമശ്രദ്ധ നേടിയതോടെ ബിനീഷിന് കൈനിറയെ അവസരങ്ങള്‍ നല്‍കിയാണ് സിനിമാ ലോകത്ത് നിന്ന് പലരും രംഗത്തെത്തിയിരിക്കുന്നത്. ഒറ്റദിവസത്തിനുള്ളില്‍ നാല് സിനിമകളിലാണ് അദ്ദേഹത്തെ തേടി അവസരം എത്തിയത്. സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി ഉദ്ഘാടന ചടങ്ങുകള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
വിജയ് നായകനായ തമിഴ്ചിത്രം തെരി, മലയാളചിത്രം കട്ടപ്പനയിലെ ഹൃദിക് റോഷന്‍ ബിനീഷ് ബാസ്റ്റിന്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത സിനിമകള്‍ ഇവയായിരുന്നു. അനില്‍ രാധാകൃഷ്ണമേനോന്റേതടക്കം നൂറിനടുത്ത് ചിത്രങ്ങളില്‍ ബിനീഷ് മിന്നിമാഞ്ഞുപോയിരുന്നു.
എന്നാല്‍ പാലക്കാട് മെഡിക്കല്‍ കോളജിലെ ചടങ്ങിലുണ്ടായ അധിക്ഷേപത്തോടെ നാലുസിനിമകളിലേക്കാണ് ബിനീഷിനെ ക്ഷണിച്ചിരിയ്ക്കുന്നത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഗള്‍ഫില്‍ ചിത്രീകരണം നടക്കുന്ന ചിത്രമാണ് ഇതില്‍ പ്രധാനപ്പെട്ടത്. സിനിമയില്‍ അഭിനയിയ്ക്കാനായി ബിനീഷ് ഉടന്‍ വിമാനം കയറും. മൂന്നു സംവിധായകര്‍ കൂടി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.
പാലക്കാട്ടെ വേദിയില്‍ പ്രതിഷേധിച്ചെങ്കിലും നടന് ഉദ്ഘാടനച്ചടങ്ങുകള്‍ക്കും പഞ്ഞമില്ല. ആലപ്പുഴയടക്കം മെഡിക്കല്‍ കോളജുകളില്‍ നിന്നും ക്ഷണം ലഭിച്ചു. പത്തിലധികം ഉദ്ഘാടനങ്ങള്‍ വേറെയും. എന്നാല്‍ സിനിമകളുടെ ക്ഷണം ലഭിച്ചിരിയ്ക്കുന്നതിനാല്‍ ഉദ്ഘാടനചടങ്ങുകള്‍ക്ക് തീയതി നല്‍കിയിട്ടുമില്ല.