അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദീഖിന് എതിരെയും ഗുരുതര ആരോപണങ്ങളാണ് വന്നിരിക്കുന്നത്. യുവ നടിയുടെ പരാതിയില്‍ സിദ്ദീഖിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തിട്ടുമുണ്ട്. 2016ല്‍ തലസ്ഥാനത്തെ ഹോട്ടലില്‍വെച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവ നടി വെളിപ്പെടുത്തിയത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദീഖ് രാജിവെച്ചു. നടനെതിരെ ആരോപണങ്ങള്‍ വന്നതിന് പിന്നാലെ നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അതില്‍ ഒരു വീഡിയോ നടന്‍ സിദ്ദീഖിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന നടി ബീന ആന്റണിയുടേതായിരുന്നു.
ഇപ്പോഴിതാ ആ വീഡിയോ ട്രോളായി വന്നത് തന്നെ വല്ലാതെ സങ്കടപ്പെടുത്തിയെന്ന് പറയുകയാണ് ബീന ആന്റണി. കുടുംബത്തില്‍ അടക്കം വീഡിയോ ചര്‍ച്ചയായതിനെ കുറിച്ചുമാണ് പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ബീന ആന്റണി പറഞ്ഞു. 'പ്ലീസ് എല്ലാവരും ഇതൊന്നു കേള്‍ക്കണം...എന്റെ എളിയ അപേക്ഷയാണ്...'' എന്ന ക്യാപ്ഷനൊപ്പമാണ് ബീന ആന്റണി വീഡിയോ പങ്കിട്ടിരിക്കുന്നത്.
നമ്മുടെ സിനിമാ മേഖലയില്‍ വല്ലാത്തൊരു പ്രതിസന്ധിയും പ്രശ്‌നങ്ങളും നടക്കുന്ന സമയമാണിത്. ഞങ്ങളുടെ എല്ലാം മനസില്‍ വിഷമവും ആങ്‌സൈറ്റിയുമൊക്കെയുണ്ട്. അതുപോലെ അമ്മയില്‍ കഴിഞ്ഞ ദിവസം കൂട്ടരാജിവെക്കലുമെല്ലാമുണ്ടായി. ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത് ഒരു കാര്യം പറയാനാണ്. നിങ്ങള്‍ ഇതിന്റെ തുടക്കത്തില്‍ ഒരു വീഡിയോ കണ്ടല്ലോ... ആ വീഡിയോയെ കുറിച്ച് കുറേപ്പേര്‍ക്ക് അറിയാത്ത കാര്യം ക്ലിയര്‍ ചെയ്യാനാണ് ഈ വീഡിയോ.
മനുവിന്റെയും എന്റെയും ഫാമിലി ഗ്രൂപ്പില്‍ അടക്കം വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ട വീഡിയോയാണിത്. ട്രോളായും ഈ വീഡിയോ വരുന്നുണ്ട്. അതുകൂടാതെ എന്റെ സഹോദരിമാരുടെ ഓഫീസില്‍ അടക്കം ഈ വീഡിയോ ചര്‍ച്ചയായി. അതിനൊരു ക്ലാരിറ്റി തരാനാണ് ഈ വീഡിയോ. സിദ്ദീഖ് ഇക്കയുടെ മകന്‍ സാപ്പി മരിച്ച സമയത്ത് എല്ലാവരും കാണാന്‍ പോയിരുന്നു.
പക്ഷെ എനിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ പനിയായിട്ട് കിടക്കുകയായിരുന്നു. പിന്നീട് സിദ്ദീഖ് ഇക്കയെ ഞാന്‍ കണ്ടത് ജനറല്‍ ബോഡി സമയത്താണ്. അന്ന് ഞാന്‍ പുള്ളിയോട് പോയി സംസാരിച്ചതിന്റെ വിഷ്വലാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിച്ച് നിങ്ങള്‍ കാണുന്ന വീഡിയോ. ഞാന്‍ സാപ്പിയെ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ കാണുന്നതാണ്. ആദ്യം അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മരിച്ചുപോയ ഭാര്യയും ഇക്കയുടെ ഉമ്മയമെല്ലാം അവിടെ ഉണ്ടായിരുന്നു.
ഒരു ലക്‌സ് സോപ്പും പിടച്ച് നില്‍ക്കുന്ന സാപ്പിയെയാണ് ഞാന്‍ ആദ്യം കണ്ടത്. അന്ന് അവനൊപ്പം ഒരുപാട് സമയം ചിലവഴിച്ചു. അതിനുശേഷം വീണ്ടും ഒരുപാട് പ്രാവശ്യം സാപ്പിയെ കണ്ടു. അടുത്ത കാലത്തും കണ്ടു. ലാസ്റ്റ് സഹോദരനൊപ്പം ഒബ്‌റോണ്‍ മാളിന് അടുത്ത് വെച്ചാണ് സാപ്പിയെ കണ്ടത്. അവന്‍ അന്ന് എനിക്ക് റ്റാറ്റയൊക്കെ തന്നു.
അതിനുശേഷം അവന്‍ മരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് സങ്കടം തോന്നി. മരണം അവനവന്റെ ജീവിതത്തില്‍ സംഭവിക്കുമ്പോഴെ വിഷമം അറിയാന്‍ പറ്റു. അല്ലാതെ പുറത്ത് നിന്ന് നോക്കുമ്‌ബോള്‍ ഭയങ്കര തമാശയായി തോന്നാം. എന്റെ അപ്പച്ചന്‍ മരിച്ചപ്പോഴും എന്റെ സഹോദരിയുടെ മകന്‍ മരിച്ചപ്പോഴുമെല്ലാം ഇക്കയെന്നെ വിളിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഒരു സഹോദരി, കുടുംബത്തിലെ അംഗം എന്നൊക്കെയുള്ള നിലയില്‍ എന്നെ അദ്ദേഹം കാണുന്നത് കൊണ്ടാണ്. ഇക്കയുടെ പേരില്‍ ഇപ്പോള്‍ ഒരു ആരോപണം വന്നു.
അത് ഞാന്‍ സമ്മതിക്കുന്നു. രേവതി സമ്പത്തിനോട് ഇക്ക അത് ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന് മുന്നില്‍ വന്ന് അതിനുള്ള ശിക്ഷ ഇക്കയ്ക്ക് കിട്ടട്ടെ. ഞാന്‍ അതിലേക്ക് ഒന്നും പോകുന്നില്ല. എന്നോടുള്ള പെരുമാറ്റമാണ് നോക്കുന്നത്. മരണം ആര്‍ക്കും വിദൂരമല്ല. പുള്ളിയുടെ വേദനയില്‍ പങ്കുചേര്‍ന്ന് സ്വാന്തനിപ്പിച്ചതാണ് നിങ്ങള്‍ ആ വീഡിയോയില്‍ കണ്ടത്.
അതിനെ പലരും ക്യാപ്ഷനിട്ട് തമാശയാക്കി. വിരമിക്കുന്ന സിദ്ദിഖിന് നടിമാര്‍ കൊടുക്കുന്ന യാത്രയയപ്പ് എന്നൊക്കെ ക്യാപ്ഷനിട്ട് കണ്ടു. അത് കണ്ടപ്പോള്‍ ഒരുപാട് സങ്കടം തോന്നി. ഇതൊക്കെ പറഞ്ഞേ പറ്റുവെന്ന സിറ്റുവേഷന്‍ വന്നതുകൊണ്ട് ഇവിടെ പറഞ്ഞു...'' എന്നാണ് ബീന ആന്റണി താന്‍ പങ്കിട്ട വീഡിയോയിലൂടെ ബീന ആന്റണി പറഞ്ഞത്.