Latest News

അടുത്ത ചിത്രത്തിന്റെ കഥയുടെ ചര്‍ച്ച നടക്കുകായായിരുന്നു; ദമ്പതിമാരുടെ കഥ! അതില്‍ ഒരു ദാമ്പത്യ കുടുംബമായി ഞങ്ങള്‍ രഹസ്യമായി പ്ലാന്‍ ചെയ്തിരുന്നത് ഭാഗ്യരാജ് - പൂര്‍ണ്ണിമ ദമ്പതിമാരായിരുന്നു; അതോര്‍ക്കുമ്പോള്‍ .....'; ഭാഗ്യരാജിന്റെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി ബാലചന്ദ്രമേനോന്‍ 

Malayalilife
അടുത്ത ചിത്രത്തിന്റെ കഥയുടെ ചര്‍ച്ച നടക്കുകായായിരുന്നു; ദമ്പതിമാരുടെ കഥ! അതില്‍ ഒരു ദാമ്പത്യ കുടുംബമായി ഞങ്ങള്‍ രഹസ്യമായി പ്ലാന്‍ ചെയ്തിരുന്നത് ഭാഗ്യരാജ് - പൂര്‍ണ്ണിമ ദമ്പതിമാരായിരുന്നു; അതോര്‍ക്കുമ്പോള്‍ .....'; ഭാഗ്യരാജിന്റെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി ബാലചന്ദ്രമേനോന്‍ 

 തമിഴ് ചലച്ചിത്ര ലോകത്തെ ഇതിഹാസ പ്രതിഭ കെ. ഭാഗ്യരാജിന്റെ പെട്ടെന്നുള്ള വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് ചലച്ചിത്ര ലോകം. സിനിമയിലെ സകല മേഖലകളിലും സ്വന്തം കൈമുദ്ര പതിപ്പിച്ച ഈ മഹാപ്രതിഭയുടെ വേര്‍പാട് തെന്നിന്ത്യന്‍ സിനിമയ്ക്ക് തന്നെ നികത്താനാവാത്ത നഷ്ടമാണ്. എന്നാല്‍, ആ വേര്‍പാട് തനിക്ക് കേവലം ഒരു സഹപ്രവര്‍ത്തകന്റെ വിയോഗമല്ല, മറിച്ച് ദശാബ്ദങ്ങളുടെ ആത്മബന്ധമുള്ള ഒരു അടുത്ത സുഹൃത്തിന്റെ നഷ്ടമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. തന്റെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇരുവരും തമ്മിലുണ്ടായിരുന്ന ആഴമേറിയ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയാണ്.

മാധ്യമങ്ങള്‍ എക്കാലത്തും താരതമ്യങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. കഥ, തിരക്കഥ, സംഭാഷണം, അഭിനയം, സംവിധാനം എന്നിവയെല്ലാം ഒരാള്‍ തന്നെ നിര്‍വ്വഹിക്കുന്ന അപൂര്‍വ്വ പ്രതിഭകള്‍ എന്ന നിലയില്‍ ബാലചന്ദ്രമേനോനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത് 'മലയാളത്തിലെ ഭാഗ്യരാജ്' എന്നായിരുന്നു. എന്നാല്‍ ഈ ഒരു സാമ്യത മാധ്യമങ്ങള്‍ ചര്‍ച്ചയാക്കാന്‍ തുടങ്ങിയതിന് ശേഷമാണ് താന്‍ ഒരു ഭാഗ്യരാജ് സിനിമ പോലും കാണുന്നത് എന്ന് ബാലചന്ദ്രമേനോന്‍ ഓര്‍ക്കുന്നു. സിനിമകളുടെ കഥയിലോ അവതരണ ശൈലിയിലോ ഇരുവരും തമ്മില്‍ ഒരു സാമ്യവുമില്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജനപ്രീതി അല്ലെങ്കില്‍ ജനകീയത എന്ന ഒറ്റ ഘടകത്തില്‍ മാത്രമാണ് ഇരുവര്‍ക്കും സിനിമകളുണ്ടായിരുന്നത്. 

ഈ താരതമ്യത്തിന്റെ അര്‍ത്ഥശൂന്യത പരസ്യമായി തുറന്നുപറയാന്‍ മടിക്കാത്ത വ്യക്തിത്വമായിരുന്നു ഭാഗ്യരാജിന്റേത്. ബാലചന്ദ്രമേനോന്‍ വി & വി യുടെ ബാനറില്‍ സംവിധാനം ചെയ്ത 'ഒരു പൈങ്കിളി കഥ' എന്ന ചിത്രം നൂറു ദിവസം പൂര്‍ത്തിയാക്കിയ വേളയില്‍ കൊച്ചി രാജേന്ദ്രമൈതാനത്ത് വെച്ച് നടന്ന ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് ഭാഗ്യരാജും അന്തരിച്ച നിത്യഹരിത നായകന്‍ പ്രേംനസീറുമായിരുന്നു. അന്ന് വേദിയില്‍ വെച്ച് ഭാഗ്യരാജ് മാധ്യമങ്ങളുടെ ഈ പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ചു. 

തന്നെക്കാള്‍ ഒരു വര്‍ഷം മുന്‍പേ സിനിമയില്‍ സംവിധായകനായ വ്യക്തിയാണ് ബാലചന്ദ്രമേനോന്‍ എന്നും, തങ്ങള്‍ തമ്മില്‍ സിനിമകളില്‍ യാതൊരു സാമ്യവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെയും ചിലര്‍ 'മദ്രാസിലെ രാജ്കപൂര്‍' എന്ന് വിളിച്ചിരുന്നുവെന്നും പത്രക്കാരുടെ ഇത്തരം ക്രൂരതകള്‍ തനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നുവെന്നും ഭാഗ്യരാജ് അന്ന് തുറന്നടിച്ചു. ഈ താരതമ്യങ്ങള്‍ കേട്ടിട്ടും മിണ്ടാതിരിക്കുന്ന മിസ്റ്റര്‍ മേനോന്റെ വിശാലമനസ്സിനെ അദ്ദേഹം അഭിനന്ദിച്ചപ്പോള്‍ വേദിയിലിരുന്ന പ്രേംനസീര്‍ അടക്കമുള്ളവര്‍ കയ്യടിയോടെയാണ് ആ വാക്കുകളെ വരവേറ്റതെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. 

ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് കുറിപ്പ്: 'മലയാളത്തിലെ ഭാഗ്യരാജ് 'എന്ന ചെല്ലപ്പേരില്‍ ഇന്നാട്ടിലെ മാധ്യമ സുഹൃത്തുക്കള്‍ എന്നെ വിശേഷിപ്പിച്ചു തുടങ്ങിയതിനു ശേഷമാണ് ഞാന്‍ ഒരു ഭാഗ്യരാജ് സിനിമ കാണുന്നത് .രണ്ടുപേരും കഥ-തിരക്കഥ - സംഭാഷണം -അഭിനയം - സംവിധാനം ഒരുമിച്ചു ചെയ്യുന്നു എന്നതൊഴിച്ചാല്‍ ആ താരതമ്യത്തിന് വലിയ അര്‍ത്ഥമില്ലെന്ന് ഞങ്ങള്‍ രണ്ടു പേരുടെയും സിനിമകള്‍ കണ്ടാല്‍ അറിയാം. പിന്നെ , എന്തെങ്കിലും സാമ്യത എന്ന് അവകാശപ്പെടാന്‍ രണ്ടു പേര്‍ക്കുമുണ്ടായിരുന്നത് ജനകീയതയായിരുന്നു ...അങ്ങിനെ ഇരിക്കെയാണ് ഞാന്‍ വി & വി യുടെ ബാനറില്‍ നിര്‍മ്മിച്ച 'ഒരു പൈങ്കിളി കഥ ' എന്ന ചിത്രം നൂറു ദിവസം പൂര്‍ത്തിയാക്കുന്ന അവസരം ഒത്തു വന്നത് . കൊച്ചിയില്‍ സംഘടിക്കപ്പെട്ട ആ സായാഹ്നത്തിലെ മുഖ്യാതിഥിയായി ഞാന്‍ ഭാഗ്യരാജിനെ തന്നെ ക്ഷണിച്ചു ഒപ്പം ശ്രീ പ്രേംനസീറിനെയും. രാജേന്ദ്രമൈതാനത്തു കൂടിയ സായാഹ്നത്തില്‍ ഭാഗ്യരാജ് ഇങ്ങനെ പറഞ്ഞു : 

'നിങ്ങള്‍ എന്തിനാണ് ഇദ്ദേഹത്തെ 'മലയാളത്തിലെ ഭാഗ്യരാജ് 'എന്ന് വിളിക്കുന്നത് . ഒന്നാമത് എനിക്കു ഒരു വര്‍ഷം മുന്‍പ് സംവിധായകനായതാണ് അദ്ദേഹം . തന്നെയുമല്ല , ഞങ്ങള്‍ എടുക്കുന്ന സിനിമകള്‍ തമ്മില്‍ കഥയിലോ അവതരണത്തിലോ ഒരു സാമ്യവുമില്ല . എന്നെയും കുറച്ചുനാള്‍ 'മദ്രാസിലെ രാജ്കപൂര്‍ ' എന്ന് ചിലര്‍ വിളിച്ചിരുന്നു . പത്രക്കാരുടെ ഒരു ക്രൂരതയാണ് അത് . ഞാന്‍ അത് ഇഷ്ടപ്പെട്ടിരുന്നില്ല . ഇവിടെ മിസ്റ്റര്‍ മേനോന്‍ ഇത് കേട്ട് മിണ്ടാതിരിക്കുന്നത് അദ്ദേഹത്തിന്റെ വിശാലമനസ്ഥിതി കൊണ്ടാണ് ....' വേദിയിലിരുന്ന നസീര്‍ സാര്‍ കയ്യടിച്ചു .,,, എന്നാല്‍ ഞാനും ഭാഗ്യരാജും നല്ല ചങ്ങാതിമാരായി തന്നെ തുടര്‍ന്നു .അദ്ദേഹത്തിന്റെ പത്‌നി പൂര്‍ണ്ണിമ എന്റെ സിനിമകളില്‍ പങ്കാളി ആയിരുന്നതുകൊണ്ട് ഞങ്ങള്‍ കുടുംബ സുഹൃത്തുക്കളായി . ഏറ്റവും ഒടുവില്‍ ഞങ്ങള്‍ കൂടുന്നത് ദുബായിലെ 'മോര്‍ കഫെ ' യില്‍ വെച്ചാണ് ( Mall of the Emirates ) . അന്ന് ഒത്തിരി നേരം ഞങള്‍ ഉള്ളു തുറന്നു സംസാരിച്ചു.. 

ആ ഫോട്ടോ ആണ് ഇവിടെ ചേര്‍ക്കുന്നത് ... ഭാഗ്യരാജിന്റെ പെട്ടന്നുള്ള ദേഹവിയോഗം ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത് . അതിലും വേദനിപ്പിച്ച മറ്റൊന്നുണ്ട് . ഞാന്‍ സഹകരിക്കുന്ന അടുത്ത ചിത്രത്തിന്റെ കഥയുടെ ചര്‍ച്ച നടക്കുകായായിരുന്നു. ദമ്പതിമാരുടെ കഥ! അതില്‍ ഒരു ദാമ്പത്യ കുടുംബമായി ഞങ്ങള്‍ രഹസ്യമായി പ്ലാന്‍ ചെയ്തിരുന്നത് ഭാഗ്യരാജ് - പൂര്‍ണ്ണിമ ദമ്പതിമാരായിരുന്നു . അതോര്‍ക്കുമ്പോള്‍ .....,, ഈ വേര്‍പാട് സൃഷ്ട്ടിക്കുന്ന മനോ വ്യഥയെ നേരിടാനുള്ള ശേഷി സര്‍വ്വശക്തനായ ദൈവം പൂര്‍ണ്ണിമക്കും കുട്ടികള്‍ക്കും നല്‍കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ..

 നാളെ രാവിലത്തെ ഫ്ലൈറ്റില്‍ ഞാന്‍ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ചെന്നൈക്ക് പോകണമെന്നു വിചാരിക്കുന്നു... മറ്റുള്ളവരില്‍ നിന്ന് വേറിട്ട് ഭാഗ്യരാജ് എന്നെ വിളിച്ചിരുന്നത് 'മേനോന്‍ ' എന്നല്ല .. 'മേനന്‍ 'എന്നാണ് . ഭാഗ്യരാജിന്റെ ആ പ്രത്യേക ശബ്ദത്തില്‍ ഇപ്പോഴും മുഴങ്ങുന്നു ... 'മേനന്‍ ..... മേനന്‍ മേനന്‍ ...........

balachandra menon post about bhagyaraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES