മലയാള സിനിമയിലെ പുതുകാലത്തെ ടൈറ്റിലുകളെ പരിഹസിച്ച് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍. സിനിമകളുടെ പേര് കേള്‍ക്കുമ്പോള്‍ തനിക്ക് ചിരിയാണ് വരുന്നതെന്നും ഇത്തരം പേരുകള്‍ കൊണ്ട് സിനിമയ്ക്ക് എന്ത് ഗുണമാണ് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. പഴയ സിനിമകളുടെ അര്‍ത്ഥവത്തായ പേരുകളില്‍ നിന്ന് മാറി വിചിത്രമായ പേരുകളിലേക്കാണ് പുതിയ കാലം പോകുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
'ആശാന്‍, ശുക്രന്‍, ഭഭബ എന്നൊക്കെയാണ് സിനിമകളുടെ പേരുകള്‍. പടം കാണാന്‍ വരുന്നവനെ 'ഭ ഭ' എന്ന് ആട്ടിയാല്‍ പിന്നെ ആ സിനിമ എങ്ങനെ ഓടും? ഇതൊക്കെ എന്താണെന്ന് എനിക്കറിയില്ല, എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മനസ്സിലാകുന്നില്ല,' ബാലചന്ദ്ര മേനോന്‍ പറഞ്ഞു. തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ 'സമാന്തരങ്ങള്‍ക്ക്' ലഭിക്കേണ്ടിയിരുന്ന വലിയ നേട്ടങ്ങള്‍ ഒരു മലയാളി ജൂറി അംഗം ഇടപെട്ട് ഇല്ലാതാക്കിയെന്ന ഗുരുതര ആരോപണവും അദ്ദേഹം അഭിമുഖത്തില്‍ ഉന്നയിച്ചു. 1997-ലെ ദേശീയ പുരസ്‌കാര വേളയില്‍ നടന്ന കാര്യങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
'സമാന്തരങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം കിട്ടിയ വര്‍ഷത്തെ അവാര്‍ഡ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഒരു ജൂറി അംഗം പറഞ്ഞതാണ്. ആ വര്‍ഷം വിധിനിര്‍ണയം നടന്നപ്പോള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ഫീച്ചര്‍ ഫിലിം സമാന്തരങ്ങള്‍ ആയിരുന്നു. ഏറ്റവും നല്ല നടന്‍ ബാലചന്ദ്ര മേനോന്‍ മാത്രമായിരുന്നു. ഏറ്റവും നല്ല സംവിധായകനും ബാലചന്ദ്ര മേനോന്‍ ആയിരുന്നു. എന്നാല്‍ ജൂറിയിലുണ്ടായിരുന്ന കേരളത്തില്‍ നിന്നുള്ള ഒരു അംഗം ഇതിനെ ശക്തമായി എതിര്‍ത്തു. ചിത്രത്തിന് പല കുഴപ്പങ്ങളുമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പുരസ്‌കാരങ്ങള്‍ തടഞ്ഞു. അന്നത്തെ ആ തീരുമാനങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ ഒരു ഇതിഹാസമായിട്ട് നമ്മള്‍ വന്നേനെ. ആ വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, അതുകൊണ്ട് പേര് പറയുന്നില്ല.' - ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കി.
1997-ല്‍ 'സമാന്തരങ്ങളിലൂടെ' മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ബാലചന്ദ്ര മേനോന്‍ സ്വന്തമാക്കിയിരുന്നു. കൂടാതെ മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള അവാര്‍ഡും ആ സിനിമയ്ക്ക് ലഭിച്ചു. എന്നാല്‍ ഇതിലും വലിയ നേട്ടങ്ങള്‍ ലഭിക്കേണ്ടിയിരുന്നു എന്നാണ് അദ്ദേഹം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബാലചന്ദ്ര മേനോന്‍മലയാള സിനിമഅഭിമുഖം