സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം 'ഫൗജി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ഡിസംബര്‍ മൂന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. റിലീസ് തീയതി വെളിപ്പെടുത്തുന്നതിനൊപ്പം ചിത്രത്തിന്റെ അത്യുഗ്രന്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ടി-സീരീസ് ഫിലിംസാണ് അവതരിപ്പിക്കുന്നത്.
ചോരയില്‍ കുളിച്ച്, ചുറ്റും കിടക്കുന്ന മൃതദേഹങ്ങള്‍ക്ക് നടുവിലുള്ള ഒരു പാറപ്പുറത്ത് തോക്കും പിടിച്ച് ഇരിക്കുന്ന പ്രഭാസിനെയാണ് പുതിയ പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. 'ഒറ്റയ്ക്ക് പോരാടുന്ന ഒരു സൈന്യം' (A Battalion Who Fights Alone) എന്ന ടാഗ്ലൈനോടെയെത്തിയ പോസ്റ്റര്‍ ചിത്രത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വെളിവാക്കുന്നതാണ്. 'അജ്ഞാതപര്‍വം അവസാനിക്കുന്നു, ഫൗജി 2026 ഡിസംബര്‍ മൂന്നിന്' എന്ന അടിക്കുറിപ്പോടെയാണ് പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ 'പോരാട്ടം ആരംഭിക്കുന്നു' എന്ന ക്യാപ്ഷനോടെ നിര്‍മാതാക്കളും പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തുവിട്ടു.
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ പീരിയഡ് ഡ്രാമയാണ് ഫൗജി. വൈകാരികവും ദൃശ്യപരവുമായി മികച്ചൊരു സിനിമാനുഭവമായിരിക്കും ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്നാണ് വിലയിരുത്തല്‍. 'സീതാ രാമം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹനു രാഘവപുടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിലൊന്നാണിത്. പ്രഭാസ്, ഹനു രാഘവപുടി, മൈത്രി മൂവി മേക്കേഴ്‌സ് എന്നിവര്‍ ഒന്നിക്കുന്ന ഈ കൂട്ടുകെട്ടിനെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒത്തുചേരലുകളിലൊന്നായാണ് സിനിമാലോകം നോക്കിക്കാണുന്നത്.
നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രഖ്യാപന മുതല്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായ ഫൗജിയുടെ പുതിയ പോസ്റ്ററും റിലീസ് തീയതിയും ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.instagram.com/p/Da178WxS0ch/?igsh=MXZ0NnY2dDFzcnR1bw==