സിനിമ നിരൂപണത്തിന്റെയും അഭിപ്രായ പ്രകടനങ്ങളുടെയും മറപിടിച്ച് അഭിനേതാക്കള്‍ക്കും യുവനടിമാര്‍ക്കുമെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു.
നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല വാക്കുകളിലൂടെ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടന്‍ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ 'അമ്മ'യിലും പാലാരിവട്ടം പൊലീസിലും പരാതി നല്‍കിയിരുന്നു.
ഫെയ്‌സ്ബുക്കിലടക്കം പങ്കുവയ്ക്കുന്ന രണ്ടോ മൂന്നോ മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് അശ്ലീല പരാമര്‍ശങ്ങളുള്ളത്. താരങ്ങളുടെ അഭിനയത്തെക്കുറിച്ച് സംസാരിക്കുന്നുവെന്ന രീതിയിലാകും തുടക്കം. പിന്നീട് താരങ്ങളെ വ്യക്തി അധിക്ഷേപം നടത്തുന്ന തരത്തില്‍ വിഡിയോ മാറും.
ബാലയുടെ പരാതി 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദീഖ് ഗൗരവമായി എടുക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വര്‍ക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പുവപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു നടിയെ സിനിമയില്‍ ലിപ്ലോക്ക് ചെയ്യണമെന്ന സന്തോഷ് വര്‍ക്കിയുടെ പ്രസ്താവന വിവാദമായിരുന്നു. ആറാട്ടണ്ണന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇയാള്‍ ഇത്തരം വിഡിയോ പങ്കുവയ്ക്കുന്നത്.