ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളായിരുന്നു അസിന്‍. മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അസിന്‍ പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കുമെത്തുകയായിരുന്നു. പിന്നീട് തമിഴില്‍ നിരവധി ചിത്രങ്ങളുടെ ഭാഗമായി അസിന്‍. വിവാഹശേഷം അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ് പ്രിയ താരം. സോഷ്യല്‍മീഡിയയില്‍ പോലും സജീവമല്ലാത്ത താരം അടുത്തിടെ പങ്ക് വച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തിരക്കുകളുടെ ലോകത്തു നിന്നും മാറി കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുന്ന നടി അടുത്തിടെ കേരളത്തിലെത്തിയെന്നാണ് പങ്ക് വച്ച ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. മകള്‍ അറിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടം മാത്രമാണ് സോഷ്യല്‍ മീഡിയ വഴി അസിന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുള്ളത്.
ഇതിനിടെയാണ് നടി അച്ഛനൊപ്പമിരുന്ന് മോഹിനിയാട്ടം ആസ്വദിക്കുന്ന അറിനെയും കഥകളി വേഷങ്ങളും മറ്റും കണ്ട് ആസ്വദിക്കുകയാണ് കുഞ്ഞ് അറിന്‍ ചിത്രങ്ങളും പങ്ക് വച്ചത്.
2017 ഒക്ടോബറിലാണ് അസിന് പെണ്‍കുഞ്ഞ് പിറന്നത്.
വ്യവസായിയും മൈക്രോമാക്‌സ് സ്ഥാപകനുമായ രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ലായിരുന്നു ഇവര്‍ വിവാഹിതരായത്.
'ഹൗസ്ഫുള്‍ ടു' എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തില്‍നിന്നും അസിന്‍ തെലുങ്കിലേക്ക് പോയി. തെലുങ്കില്‍ ആദ്യമായി അഭിനയിച്ച 'അമ്മ നന്ന ഓ തമിള അമ്മായി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.
തെലുങ്കില്‍നിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിന്‍ പോയി. തമിഴിലെ ആദ്യ ചിത്രം 'എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി' ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച 'ഗജിനി' എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളില്‍ അസിന്‍ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.