ലൈം ലൈറ്റില്‍ നിന്നും അസിന് മാറി നില്ക്കാന് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ പ്രിയ നടിയെ ആരാധകര്‍ മറന്നിട്ടില്ല.സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത്, കുടുംബത്തിനൊപ്പം സന്തോഷം കണ്ടെത്തുകയാണ് നടി സോഷ്യല്‍ മീഡിയില്‍ പൊതുവേ ആക്ടീവ് അല്ലെങ്കിലും, മകള്‍ അറിന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്
ഇപ്പോഴിതാ, പതിവ് പോലെ അറിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഏഴാം പിറന്നള് ആഘോഷിക്കുന്ന മകളുടെയും പിറന്നാള്‍ കേക്കിന്റെയും ഒന്നിലേറെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. 'ഹണീ ബീ' തീമിലാണ് പിറന്നാള്‍ ആഘോഷം നടത്തിയത്.
2017 ഒക്ടോബറിലാണ് അസിന് പെണ്‍കുഞ്ഞ് പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. 'ഹൗസ്ഫുള് ടു' എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ 'നരേന്ദ്രന് മകന് ജയകാന്തന്‍ വക' എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന് സിനിമാ ലോകത്തേക്ക് എത്തുന്നത്. മലയാളത്തില്‍നിന്നും അസിന് തെലുങ്കിലേക്ക് പോയി. തെലുങ്കില്‍ ആദ്യമായി അഭിനയിച്ച 'അമ്മ നന്ന ഓ തമിള അമ്മായി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.
തെലുങ്കില്‍നിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിന് പോയി. തമിഴിലെ ആദ്യ ചിത്രം 'എം. കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി' ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച 'ഗജിനി' എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളില്‍ അസിന് അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.