തെന്നിന്ത്യയിലും ബോളിവുഡിലും ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് അസിന്. വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട് താരം. മകളുടെ വിശേഷങ്ങള്‍ പതിവായി പങ്കുവയ്ക്കാറുണ്ട് അസിന്. ഇപ്പോഴിതാ, ക്രിസ്മസ് വേളയില്‍ രസകരമായ ചില പങ്കുവെച്ചിരിക്കുകയാണ് നടി.
ക്രിസ്മസ് ആഘോഷത്തിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് അസിന് ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വീട്ടിലെ മനോഹരമായ ക്രിസ്മസ് അലങ്കാരങ്ങളും വീഡിയോയില്‍ കാണാം. അലങ്കാര വസ്തുക്കള്‍ ഉപയോഗിച്ച് കമ്മലുണ്ടാക്കി കളിക്കുന്ന കുഞ്ഞ് അറിനെയും കാണാനാകും.
2017 ഒക്ടോബറിലാണ് അസിന് പെണ്‍കുഞ്ഞ് പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. 'ഹൗസ്ഫുള് ടു' എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ ;നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന് സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തില്‍നിന്നും അസിന് തെലുങ്കിലേക്ക് പോയി. തെലുങ്കില്‍ ആദ്യമായി അഭിനയിച്ച 'അമ്മ നന്ന ഓ തമിള അമ്മായി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.
തെലുങ്കില്‍നിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിന് പോയി. തമിഴിലെ ആദ്യ ചിത്രം 'എം. കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി' ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച 'ഗജിനി' എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളില്‍ അസിന് അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.