ടെലിവിഷന്‍ പരിപാടിയായ 'ബഡായി ബംഗ്ലാവി'ലൂടെയാണ് ആര്യ മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിക്കുന്നത്. അതിനുശേഷം പിന്നീട് ബിഗ് ബോസിലും നടി മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. ഇതോടെ താരത്തിന്റെ ജീവിതവും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം ആയിരിന്നു. ഇന്ന് അവര്‍ ഒരു സംരംഭക കൂടിയാണ്. ഇപ്പോഴിതാ, താരം തന്റെ മുന്‍ ഭര്‍ത്താവിനെ കുറിച്ച് ആദ്യമായി മനസ് തുറന്നിരിക്കുകയാണ്. അതില്‍ വേര്‍പിരിയാനുള്ള കാരണവും ആര്യ വ്യക്തമാക്കുന്നുണ്ട്.
ആര്യയുടെ വാക്കുകള്‍ എങ്ങനെ... 'ഞാനും അദ്ദേഹവും ഒന്നിക്കേണ്ടിയിരുന്ന ആളുകളല്ല എന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ. അദ്ദേഹമിപ്പോള്‍ മറ്റൊരു വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുന്നു. ഞങ്ങളെ തമ്മില്‍ കണക്ട് ചെയ്യുന്ന ബോണ്ടാണ് ഞങ്ങളുടെ മകള്‍ ഖുഷി. അത് ദൈവം ഞങ്ങള്‍ക്കു നല്‍കിയ വലിയൊരു അനുഗ്രഹമാണ്. കഴിഞ്ഞ ജന്‍മത്തിലൊക്കെ ചെയ്ത എന്തോ വലിയ പുണ്യത്തിന് ഞങ്ങള്‍ക്കു ലഭിച്ച സമ്മാനം. അവളെ സംബന്ധിക്കുന്ന തീരുമാനങ്ങളെല്ലാം ഞങ്ങള്‍ ഒരുമിച്ചാണ് എടുക്കാറ്. അവള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഞാന്‍ ആദ്യം വിളിച്ചു പറയുന്നതും അദ്ദേഹത്തോടാണ്.
അങ്ങനൊരു സ്‌പേസ് മക്കള്‍ക്ക് ഒരുക്കിക്കൊടുക്കണം. ഞങ്ങള്‍ക്കു തമ്മില്‍ ഒത്തുപോകാന്‍ പറ്റാത്തത് ഞങ്ങളുടെ മാത്രം പ്രശ്‌നമാണ്. അതിന്റെ പേരില്‍ മകള്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ല. അവള്‍ക്കു വേണ്ട ഹാപ്പി സ്‌പേസ് ഉണ്ടാക്കിക്കൊടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഒരു മക്കളും അച്ഛനോ അമ്മയോ കാരണം മാനസികമായ ബുദ്ധിമുട്ട് അനുഭവിക്കാന്‍ പാടില്ല. എന്റെ മകളുടെ കാര്യത്തില്‍ അതെനിക്കൊരു വാശിയായിരുന്നു. അത്തരമൊരു ബുദ്ധിമുട്ട് ഇതുവരെ ഞങ്ങള്‍ അവള്‍ക്ക് വരുത്തിയിട്ടില്ല. ഇനി വരുത്തുകയുമില്ല' ആര്യ പറഞ്ഞു നിര്‍ത്തി.
അതേസമയം വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാന്‍ തനിക്കിപ്പോള്‍ ആഗ്രഹമുണ്ടെന്നും ആര്യ പറയുന്നു. ''സെറ്റില്‍ ഡൗണ്‍ ചെയ്യാന്‍ സമയമായി എന്ന് തോന്നുന്നുണ്ട്. രണ്ടു വര്‍ഷത്തോളമായി എന്റെ മനസില്‍ ഈ ആഗ്രഹം ഉണ്ട്. ജോലി ചെയ്ത് മടുത്ത് വീട്ടില്‍ വരുമ്പോള്‍ ഒരു ചായ ഉണ്ടാക്കി ഒന്നിച്ചിരുന്ന് കുടിക്കാനും അന്ന് സംഭവിച്ച കാര്യങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാനുമൊക്കെ എനിക്കൊപ്പം ഒരാള്‍ വേണമെന്ന് തോന്നിയിട്ടുണ്ട്. കരയുമ്പോള്‍ തോള്‍ ചാരാനും ഒരാള്‍ വേണം'', ആര്യ പറഞ്ഞു. ചിലപ്പോള്‍ ഡിവോഴ്‌സ് മാട്രിമോണിയില്‍ കൊടുത്താലോ എന്നുവരെ താന്‍ ആലോചിക്കാറുണ്ടെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
ഒരാളുമായി കമ്മിറ്റ് ചെയ്താല്‍ എന്റെ 200 ശതമാനം കൊടുക്കുന്ന ആളാണ്. 90 ശതമാനം ഞാനിട്ടാല്‍ പത്ത് ശതമാനമിട്ട് ബാലന്‍സ് ചെയ്യാന്‍ പറ്റുന്ന കംപാനിയന്‍ ആയിരിക്കണം. ഇതുവരെ എനിക്കങ്ങനെ ഒരു കംപാനിയനെ കിട്ടിയിട്ടില്ല. റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ ഞാനൊരു വിഡ്ഢി ആണെന്ന് തോന്നാറുണ്ട്. ആളുകളെ അന്ധമായി വിശ്വസിക്കും. എന്റെ ഭാഗത്തു നിന്നുള്ള ഇമോഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് കൂടുതലാണ്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളാണ് എന്നെ എപ്പോഴും കുഴിയില്‍ ചാടിക്കുന്നത്. ഇത്രയൊക്കെ ചെയ്യുമ്പോള്‍ നമ്മുടെ പ്രതീക്ഷയും കൂടുതലായിരിക്കും. റിലേഷന്‍ഷിപ്പ് എന്ന സങ്കല്‍പ്പം എനിക്ക് മടുത്തു. ഒരാളോട് അടുപ്പം തോന്നി, പ്രേമിച്ച് പിന്നെ ലിവിംഗ് ടുഗെദര്‍ ട്രൈ ചെയ്ത് നോക്കാനൊക്കെ ഇനി സമയമില്ല. അതൊക്കെ എനിക്ക് മടുത്തു'', ആര്യ പറഞ്ഞു.
അമ്മ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് മകളോട് ചോദിക്കാറുണ്ടെന്നും ''സൂപ്പറായിരിക്കും'' എന്നാണ് അവള്‍ പറയാറെന്നും ആര്യ പറഞ്ഞു. ''അവളുടെ പപ്പ ഇന്ന് ഒരു ഹാപ്പി സ്‌പേസിലാണെന്ന് അവള്‍ക്കറിയാം. പപ്പയുടെ കല്യാണം കഴിഞ്ഞു, ഭാര്യയും കുഞ്ഞുമുണ്ടെന്ന് അവള്‍ മനസിലാക്കുന്നു. അതുപോലെ അമ്മയും ജീവിക്കണമെന്ന് അവള്‍ക്ക് ആഗ്രഹമുണ്ട്. അതുപോലെ തന്നെ എന്റെ അനിയത്തിയും അനിയത്തിയുടെ ഭര്‍ത്താവുമെല്ലാം ഞാനൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുണ്ട്'', ആര്യ പറഞ്ഞു.