തമിഴിലെ യുവനടന്മാരില്‍ ശ്രദ്ധേയമായ താരമാണ് അരുണ്‍ വിജയ്. കഴിഞ്ഞ പൊങ്കലില്‍ അരുണ്‍ വിജയ് കേന്ദ്ര കഥാപാത്രത്തില്‍ എത്തിയ മിഷന്‍ ചാപ്റ്റര്‍ 1 പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഒരു ചിത്രത്തിന്റെ ഷൂട്ടംഗിനിടെ സംഭവിച്ച പരിക്കുകളോടെയാണ് മിഷന്‍ ചാപ്റ്റര്‍ 1ന്റെ പ്രചാരണ പരിപാടിയില്‍ താരം പങ്കെടുത്തത്. തന്റെ മുറിവുകള്‍ ഇപ്പോള്‍ മറക്കുന്നുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് അരുണ്‍ വിജയ്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പിലാണ് തന്റെ പരിക്കുകളേക്കുറിച്ച് അരുണ്‍ വിജയ് വ്യക്തമാക്കിയത്. 'ഒന്നിലേറെ ഒടിവുകളും ലിഗമെന്റ് പ്രശ്നങ്ങളുംകാരണം കഴിഞ്ഞ രണ്ടുമാസമായി അനുഭവിച്ചുവന്നിരുന്ന വേദന മിഷന്‍ -ചാപ്റ്റര്‍ 1 ന് നിങ്ങള്‍ നല്‍കിയ വിജയത്തിലൂടെ മറക്കാന്‍ സഹായിച്ചു. ഉടന്‍ ജോലിയിലേക്ക് തിരികെയെത്താന്‍ നിങ്ങള്‍ നല്‍കുന്ന സ്നേഹം നിര്‍ബന്ധിതനാക്കുന്നു, എല്ലാവര്‍ക്കും നന്ദി.' അരുണ്‍ വിജയ് കുറിച്ചു.
തമിഴ് സിനിമയില്‍ ഡ്യൂപ്പില്ലാതെ സംഘട്ടനരംഗം ചെയ്യുന്ന നടനാണ് അരുണ്‍ വിജയ്. അത്തരത്തില്‍ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പക്കുകള്‍പറ്റിയത്. അനങ്ങാന്‍ പറ്റാതെ സ്ട്രെച്ചറില്‍ കിടക്കുന്നതിന്റെയും ഡോക്ടര്‍മാര്‍ പരിചരിക്കുന്നതിന്റെയും ഫിസിയോ തെറാപ്പി ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പരിക്കുകളുമായാണ് അദ്ദേഹം മിഷന്റെ പ്രചാരണത്തിനുമെത്തിയത്.
എ.എല്‍. വിജയ് ആണ് മിഷന്‍ചാപ്റ്റര്‍ 1 ന്റെ സംവിധാനം. എമി ജാക്സണ്‍, നിമിഷാ സജയന്‍, അബി ഹസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ബാല സംവിധാനംചെയ്യുന്ന വാടിവാസല്‍ ആണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു അരുണ്‍ വിജയ് ചിത്രം.