ഇന്നലെയാണ് നടി അനുമോള്‍ ആ സന്തോഷ വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവച്ചത്. തന്റെ ഇത്രയും കാലത്തെ അധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും ഭാഗമായി ആ വിശേഷം തേടിയെത്തിയപ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു നടി. ആ വിശേഷം മറ്റൊന്നുമല്ല. ഒരു അവാര്‍ഡാണ്. ഇന്നലെ രാവിലെ പ്രഖ്യാപിച്ച സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിയായാണ് അനുമോളെ തെരഞ്ഞെടുത്തത്. സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലെ അഭിനയത്തിലാണ് അനുമോളെ തേടി അസുലഭ നേട്ടം എത്തിയത്. അവാര്‍ഡ് പ്രഖ്യാപനം എത്തും നേരം സീ കേരളത്തിലെ സൂപ്പര്‍ ഷോയുടെ ഷൂട്ടിംഗിലായിരുന്നു നടി ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അനുമോള്‍ക്ക് അവാര്‍ഡ് കിട്ടിയെന്ന വാര്‍ത്ത എത്തിയപ്പോള്‍ നിറകണ്ണുകളോടെ നിന്ന നടിയെയാണ് ആരാധകര്‍ വീഡിയോയിലൂടെ കണ്ടത്.
ലക്ഷ്മി നക്ഷത്രയാണ് ആ വീഡിയോ പകര്‍ത്തിയത്. സന്തോഷം കൊണ്ട് കണ്ണീരിന്റെ നനവോടെ നിന്ന അനുവിനെ ചേര്‍ത്തുപിടിച്ച് ഉമ്മ കൊടുക്കുകയും മൃദുലയ്ക്കൊപ്പം നിന്ന് ആ വിശേഷം പങ്കുവെക്കുകയുമായിരുന്നു ലക്ഷ്മി നക്ഷത്ര. ഇവരെ കൂടാതെ, ഫ്ളവേഴ്സും ബിനീഷ് ബാസ്റ്റിനുമെല്ലാം അനുമോള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പോസ്റ്റുകള്‍ ഇട്ടിരുന്നു. സ്റ്റാര്‍ മാജിക് പോലെ തന്നെ അനുമോളെ മിനിസ്‌ക്രീന്‍ ആരാധകര്‍ക്ക് പരിചിതമാക്കിയ പരമ്പരകളാണ് സുരഭിയും സുഹാസിനിയും അഭി വെഡ്‌സ് മഹിയുമെല്ലാം.
നടി മല്ലികയ്‌ക്കൊപ്പം നിറഞ്ഞാടിയ അനുമോളെ സുരഭിയും സുഹാസിനിയും പരമ്പരയില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. മല്ലികാമ്മയ്ക്ക് സുഖമില്ലാതായതോടെ സുരഭിയും സുഹാസിനിയും പരമ്പര നിര്‍ത്തിവെച്ചിരുന്നു. മല്ലികാമ്മ ആരോഗ്യം വീണ്ടെടുത്തതോടെ വീണ്ടും ആരംഭിച്ച പരമ്പരയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുനരാരംഭിച്ചത്. അതുകൊണ്ടു തന്നെ രണ്ടാം വരവിലെ സുരഭിയ്ക്ക് കുറച്ചു തടിയും വണ്ണവും ഒക്കെ വേണമെന്ന നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്നാണ് നടിയെ മാറ്റിയത്. എന്നാല്‍ ഏറെ ഹിറ്റായി സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയില്‍ സുരഭിയായി അനുമോള്‍ എത്തിയില്ലെങ്കില്‍ പിന്നെന്തിനു കൊള്ളാം എന്ന് ആരാധകരും പറഞ്ഞതോടെയാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനം മാറ്റിയത്. അങ്ങനെ പരമ്പരയിലേക്ക് അനുമോള്‍ തിരിച്ചെത്തുകയും ചെയ്തു.
സുരഭിയും സുഹാസിനിയും സംവിധാനം ചെയ്യുന്ന ഡയറക്ടര്‍ തന്നെയാണ് അഭി വെഡ്‌സ് മഹിയും സംവിധാനം ചെയ്യുന്നത്. പരമ്പരയില്‍ ഇനിയുണ്ടാകില്ലെന്ന് അനു തന്നെ തുറന്നു പറഞ്ഞ വീഡിയോ പുറത്തുവന്നപ്പോള്‍ അതിനു താഴെ അനു ഇല്ലെങ്കില്‍ ഇനി സീരിയല്‍ കാണില്ലെന്നും തിരിച്ചു വരണം എന്നുമൊക്കെയാണ് നൂറുകണക്കിന് പേര്‍ കമന്റു ചെയ്തത്. വിവിധ പരമ്പരകളില്‍ മുന്നേ അഭിനയിച്ചിട്ടുള്ള അനുമോള്‍ക്ക് ഏറെ പ്രേക്ഷക പ്രീതി നേടിക്കൊടുത്ത പരമ്പരയാണ് സുരഭിയും സുഹാസിനിയും. പാവങ്ങളുടെ പ്രയാഗ മാര്‍ട്ടിന്‍ എന്നൊക്കെ ആരാധകര്‍ക്കിടയില്‍ പേരുകളുള്ള നടിയാണ് അനു. സോഷ്യല്‍ മീഡിയയില്‍ എല്ലാം വളരെ സജീവമാണ് താരം.
കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ മിനിസ്‌ക്രീനില്‍ എത്തിയ അനുമോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ എത്തിയതോടെയാണ്. ഷോയിലൂടെ അനു മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സ്റ്റാര്‍ മാജിക് ആരാധകരെ സംബന്ധിച്ച് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് അനു. പ്രേക്ഷകര്‍ക്ക് അത്രയേറെ ഇഷ്ടമാണ് താരത്തെ. തന്റെ നിഷ്‌കളങ്കതയും എനര്‍ജിയുമൊക്കെ കൊണ്ടാണ് അനു ആരാധകരെ നേടിയെടുത്തത്.
പത്തു വര്‍ഷത്തോളമായി ടെലിവിഷന്‍ രംഗത്തുള്ള അനുവിനെ ആളുകള്‍ കൂടുതല്‍ അറിഞ്ഞതും സ്‌നേഹിച്ചതും സ്റ്റാര്‍ മാജിക്ക് പ്രോഗ്രാം തുടങ്ങിയ ശേഷമാണ്. പരിപാടിയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരവും അനുവാണ്. തിരുവനന്തപുരം സ്വദേശിനിയാണ് അനു. സ്വന്തമായി ഒരു യുട്യൂബ് ചാനലും നടിക്കുണ്ട്. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയുമെല്ലാം അനു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ധാരാളം അഭിമുഖങ്ങളിലും നടി എത്താറുണ്ട്. പലപ്പോഴും അഭിമുഖങ്ങളില്‍ താരത്തിന്റെ വിവാഹത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്.
2023ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. അമൃത ടിവിയില്‍ പ്രക്ഷേപണം ചെയ്ത ആണ്‍പിറന്നോള്‍ മികച്ച ടെലിവിഷന്‍ പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടു.കണ്‍മഷി എന്ന ടെലി ഫിലിമിലൂടെ അനൂപ് കൃഷ്ണന്‍ മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി.മികച്ച നടിക്കുള്ള പുരസ്‌കാരം റിയ കുര്യാക്കോസ് (ആണ്‍പിറന്നോള്‍), മറിയം ഷാനൂബ് (ലില്ലി) എന്നിവര്‍ പങ്കിട്ടു.
ഫ്‌ലവേഴ്‌സ് ടിവിയിലെ സുസു സുരഭിയും സുഹാസിനിയും മികച്ച രണ്ടാമത്തെ ടെലിവിഷന്‍ പരമ്പരയ്ക്കുള്ള പുരസ്‌കാരം .നേടി. മികച്ച ടെലി ഫിലിമിനുള്ള പുരസ്‌കാരം അനൂപ് കൃഷ്ണന്‍ സംവിധാനം ചെയ്ത കണ്‍മഷിക്ക് ലഭിച്ചു . മികച്ച ഹ്രസ്വചിത്രമായി മറിയം ഷനൂബ സംവിധാനം ചെയ്ത ലില്ലി തെരഞ്ഞെടുക്കപ്പെട്ടു.