ഫോബ്സ് ഇന്ത്യ പുറത്തിറക്കിയ 30 വയസിന് താഴെയുള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ച് നടി അപര്‍ണ ബാലമുരളി. എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തിലാണ് അപര്‍ണ മുരളി പട്ടികയില്‍ ഇടം നേടിയത്. ധനുഷ് നായകനായ രായന്‍, ആസിഫ് അലിക്കൊപ്പം അഭിനയിച്ച കിഷ്‌കിന്ധ കാണ്ഡം എന്നീ ചിത്രങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ഫോബ്‌സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
സ്‌റ്റൈലിഷായി ഒരുങ്ങിയ അപര്‍ണയുടെ ചിത്രസഹിതമാണ് ഫോബ്സ് ഇന്ത്യ ഈ വാര്‍ത്ത സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചത്.30 വയസ്സിന് താഴെയുള്ളവരുടെ പട്ടികയില്‍ നടന്‍ രോഹിത് സറഫ്, ഫാഷന്‍ ഡിസൈനര്‍ നാന്‍സി ത്യാഗി, കലാകാരനും സംരംഭകനുമായ കരണ്‍ കാഞ്ചന്‍, ചെസ്സ് ചാംപ്യന്‍ ഡി ഗുകേഷ് എന്നിവരും ഇടം നേടിയിട്ടുണ്ട്. സംരംഭകര്‍, ഇന്‍ഫ്‌ലൂവന്‍സന്മാര്‍, ഡിസൈനര്‍മാര്‍ തുടങ്ങി, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തിത്വങ്ങളെയാണ് ഫോബ്‌സ് ഈ പട്ടികയിലേക്ക് പരിഗണിക്കുന്നത്.
ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ 2015ല്‍ പുറത്തിറങ്ങിയ ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് എത്തിയത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്.