എറണാകുളം ലോ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനായി എത്തിയ നടി അപര്‍ണ ബാലമുരളിയോട് കോളേജിലെ ഒരു വിദ്യാര്‍ത്ഥി മോശമായി പെരുമാറിയ സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരുന്നു. വേദിയില്‍ പൂവ് കൊടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥി കയ്യില്‍ കയറി പിടിക്കുകയായിരുന്നു. കൂടാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തോളില്‍ കയ്യിടാനും ശ്രമിച്ചു. എന്നാല്‍ നടി പരസ്യമായി തന്നെ ഇതിനോട് അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു.സംഭവത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരുന്നു
ഇപ്പോഴിതാ അറിയപ്പെടുന്ന ബുദ്ധിജീവിയില്‍ നിന്ന് താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സജിത മഠത്തില്‍. ഫോട്ടോ എടുത്താലോ എന്ന് ചോദിച്ചുകൊണ്ട് തോളില്‍ കൈയിട്ട് ചേര്‍ത്ത് പിടിച്ചെന്നും ഒന്നു പ്രതികരിക്കാന്‍ പോലും സമയം കിട്ടിയില്ലെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയില്‍ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയില്‍ ഒരു ഫോട്ടോ എടുത്താലോ എന്നു അയാള്‍ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാന്‍ പോലും സമയമില്ല
തോളില്‍ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങള്‍ തമ്മിലില്ല. പിന്നെ അന്നു മുഴുവന്‍ ആ അസ്വസ്ഥത എന്നെ പിന്തുടര്‍ന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള ശരികേട് നമ്മള്‍ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക?
അപര്‍ണ്ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോള്‍ ഓര്‍ത്തത്!