പതിവ് തെറ്റിക്കാതെ ഇത്തവണയും ഭാരതാബയാകാൻ നടി അനുശ്രീയെത്തി. സിനിമ തിരക്കുകളുടെ ഇടവേളയിലാണ് താരം സ്വന്തം നാട്ടിൽ നടക്കുന്ന ശോഭയാത്രയിൽ പങ്കെടുക്കാൻ എത്തിയത്. ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. താരജാഡകൾ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് അനുശ്രീ പലവട്ടം തെളിയിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തന്റെ നാട്ടിൽ നടക്കുന്ന പരിപാടികളിൽ അനുശ്രീയുടെ സജീവ പങ്കാളിത്തവും.
നാട് മറ്റൊരു ശ്രീകൃഷ്ണജയന്തി ആഘോഷിക്കുമ്പോൾ ശോഭായാത്രയിൽ താനും പങ്കാളിയാകുന്നുണ്ടെന്നും ഭാരതാംബയുടെ വേഷം കെട്ടുന്നുണ്ടെന്നും ആരും തന്നെ അതിൽ രാഷ്ട്രീയം കാണരുതെന്നും അഭ്യർത്ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് അനുശ്രീ. ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്. ഈ നാട്ടിൽ ജനിച്ചു വളർന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാൻ പാടുള്ളൂ. ഞാൻ ഒരുങ്ങിയ വർഷമാണ് ഇതിനൊക്കെ രാഷ്ട്രീയ ചിന്തകൾ ഉണ്ടെന്ന് ഞാൻ കേട്ടത് പോലും. ശ്രീകൃഷ്ണജയന്തി എന്നല്ല ക്രിസ്തുമസ് ആണെങ്കിലും വേറെ എന്ത് ആഘോഷമാണെങ്കിലും ഞങ്ങൾ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്. കരോളിനൊക്കെ പോകാറുണ്ട്. എല്ലാവരുടെയും പരിപാടികൾക്കും ഞങ്ങൾ പോവാറുണ്ടെന്നും നടി പറഞ്ഞു.
പോയ വർഷം നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽ ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. എന്നാൽ അതിന് പിന്നാലെ വിവാദങ്ങളും മുളപൊട്ടി. അനുശ്രീയെ സംഘിയെന്നും ആർ.എസ്.എസ്‌കാരിയെന്നും മുദ്രകുത്തി സോഷ്യൽ മീഡിയയിലൂടെയും മറ്റും അസഭ്യ വർഷം നടത്തുകയും അവഹേളിക്കുകയും ചെയ്തു. ഒടുവിൽ താരം തന്നെ അതിന് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ പാർട്ടി പ്രവർത്തകയല്ലെന്നും ബാലഗോകുലത്തിൽ കുഞ്ഞുനാൾ മുതലേ പോകുന്നതാണെന്നും അനുശ്രീ പറഞ്ഞിരുന്നു
അനുശ്രീയുടെ വാക്കുകൾ
നമസ്‌കാരം...എല്ലാവർക്കും അറിയാം ഇന്ന് ശ്രീകൃഷ്ണ ജയന്തി ആണ്. ഈ വട്ടവും ഞാൻ നാട്ടിലുണ്ട്. അതുകൊണ്ടു ഞാൻ അതിൽ ഭാരതാംബയായിട്ട് ഒരുങ്ങുന്നുണ്ട്. ഇനി ഞാൻ ലൈവിൽ വന്ന കാര്യം പറയാം. ഞാൻ ഇത് ഒരു രാഷ്ട്രീയത്തിന്റെയും പുറത്ത് ചെയ്യുന്നതല്ല. ഈ കമുകുംചേരി എന്ന് പറയുന്ന നാട്ടിൽ ജനിച്ചു വളർന്ന ആളാണ് ഞാൻ. പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും എപ്പോഴാണെങ്കിലും ശ്രീകൃഷ്ണജയന്തി എന്നൊക്കെ പറയുന്നത് ഞങ്ങൾ നാട്ടുകാരൊക്കെ ചേർന്ന് ആഘോഷിക്കുന്ന ഒന്നായി മാത്രമേ കണ്ടിട്ടുള്ളു. അമ്മമാരൊക്കെ അവരുടെ മക്കളെ മത്സരിച്ച് കൃഷ്ണനും രാധയുമൊക്കെ ആക്കുന്നത് കണ്ടാണ് ഞങ്ങൾ വളർന്നിട്ടുള്ളത്. ഞങ്ങളും അതിൽ പെട്ട ആൾക്കാരാണ്. അതുകൊണ്ടാണ് ഈ ഒരു ചടങ്ങിനും ആഘോഷത്തിനും ഞാൻ ഇവിടെ ഉള്ളതുകൊണ്ട് പങ്കാളി ആകുന്നത്.
ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്. ഈ നാട്ടിൽ ജനിച്ചു വളർന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാൻ പാടുള്ളൂ. ഞാൻ ഒരുങ്ങിയ വർഷമാണ് ഇതിനൊക്കെ രാഷ്ട്രീയ ചിന്തകൾ ഉണ്ടെന്ന് ഞാൻ കേട്ടത് പോലും. ശ്രീകൃഷ്ണജയന്തി എന്നല്ല ക്രിസ്തുമസ് ആണെങ്കിലും വേറെ എന്ത് ആഘോഷമാണെങ്കിലും ഞങ്ങൾ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്. കരോളിനൊക്കെ പോകാറുണ്ട്. എല്ലാവരുടെയും പരിപാടികൾക്കും ഞങ്ങൾ പോവാറുണ്ട്.
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും പോസറ്റീവ് സൈഡും മാത്രേ എനിക്കിതിൽ ആവശ്യമുള്ളൂ. അല്ലാതെ ഒരു രാഷ്ട്രീയ ചിന്തയും പറയരുത്. എന്റെ നാട്ടിലെ ഒരു പരിപാടിക്ക് ഞാൻ നാട്ടിൽ ഉള്ള സമയമായതുകൊണ്ട് പങ്കെടുക്കുന്നു...അത്രയേ ഉള്ളൂ അനുശ്രീ വ്യക്തമാക്കി.