താരജാടകളില്ലാത്ത മലയാളത്തിലെ ചുരുക്കം നായികമാരില്‍ ഒരാളാണ് അനുശ്രീ. താരം ഫുള്‍ജാര്‍ സോഡ കുടിക്കാന്‍ പോയതിന്റെ കഥയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ഫുള്‍ജാര്‍ കുടിക്കുന്ന ടിക്ടോക്ക് എടുക്കാനെത്തിയ നടി അനുശ്രീ രക്ഷകയായി മാറിയതിനെക്കുറിച്ചുളള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.റംഷാദ് ബക്കര്‍ എന്ന യുവാവാണ് തന്റെ അനുഭവകഥ ഫേസ്ബുക്കില്‍ പങ്കുവച്ചത്. അനുശ്രീയുടെ സമയോചിതമായ ഇടപെടല്‍ മൂലം തനിക്ക് കാഴ്ച തിരിച്ചുകിട്ടിയ കഥയാണ് റംഷാദ് വെളിപ്പെടുത്തുന്നത്. ബില്ലുവരെ അടച്ച് തന്നോടൊപ്പം നിന്ന അനുശ്രീക്ക് നന്ദി പറയുന്നുമുണ്ട് റംഷാദ്.
റംഷാദിന്റെ കടയില്‍ ഫുള്‍ജാര്‍ സോഡ കുടിക്കാനെത്തിയതായിരുന്നു അനുശ്രീ. ഇതിനിടെ സോഡ എടുക്കുന്ന തിരക്കിനിടയില്‍ കൈയബദ്ധത്താല്‍ കുപ്പികള്‍ കൂട്ടി അടിച്ചു പൊട്ടി അതില്‍ നിന്ന് ചില്ല് കഷ്ണം റംഷാദിന്റെ കണ്ണില്‍ തറച്ചു. എല്ലാവരും ഞെട്ടിനിന്നപ്പോള്‍ അനുശ്രീ ആശുപത്രിയില്‍ എത്തിക്കാനുളള ശ്രമം തുടങ്ങിയെന്ന് റംഷാദ് പറയുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴി അനുശ്രീ ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാല്‍ കൊടുങ്ങല്ലൂര്‍ ഉള്ള രണ്ട് ആശുപത്രികളും റംഷാദിനെ കൈയ്യൊഴിഞ്ഞു. എത്രയും പെട്ടന്ന് അങ്കമാലിയിലേക്ക് എത്തിക്കൂ എന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
അനുജന്‍ വന്നിട്ട് അങ്കമാലിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞിട്ടും അനുശ്രീ താന്‍ തന്നെ റംഷാദിനെ അങ്കമാലിയിലെത്തിക്കാമെന്നും അനുജനോട് അങ്ങോട്ട് എത്തിയാല്‍ മതിയെന്ന് പറഞ്ഞ് വേഗം ആശുപത്രിയില്‍ എത്തിച്ചുവെന്നും റംഷാദ് പറയുന്നു. തനിക്ക് വേണ്ട എല്ലാ കാര്യങ്ങളും അനുശ്രീ തന്നെ നേരിട്ട് ഇടപെട്ട് ഡോക്ടര്‍മാരെ കൊണ്ട് ചെയ്യിക്കുന്നുണ്ടായിരുന്നു. കണ്ണില്‍ സര്‍ജ്ജറിക്ക് നിര്‍ദ്ദേശിച്ചൂ അത്യാഹിത വിഭാഗത്തില്‍ നിന്നും തന്നെ ഡോക്ടര്‍മാര്‍ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ അതു വരെയുളള എല്ലാ ബില്ലും കുറച്ച് പണം അഡ്വാന്‍സായും അനുശ്രീ അടച്ചു. യാത്ര പറയും നേരം വീണ്ടും റംഷാദിന്റെ അടുത്തെത്തി ആശ്വസിപ്പിക്കാനും എന്തുണ്ടെങ്കിലും വിളിക്കണേ എന്നു പറഞ്ഞ് നമ്പറും നല്‍കിയ ശേഷമാണ് താരം അശുപത്രിയില്‍ നിന്നും പോയത്.
പിന്നീട് തന്റെ ഹോസ്പിറ്റലിലെ ഓരോ കാര്യങ്ങളും അനുജനോട് അനുശ്രീ അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസം അനു തന്നെ കാണാന്‍ വന്നുവെന്നും റംഷാദ് പോസ്റ്റില്‍ പറയുന്നു. താന്‍ സുഖമായി വരുന്നതറിഞ്ഞ് സന്തോഷത്തോടെയാണ് അനു തിരിച്ച് പോയയെന്നും മുടങ്ങി പോയ ഫുള്‍ജാര്‍ കുടിക്കാന്‍ താന്‍ വരുമെന്നും പറഞ്ഞാണ് അനുശ്രീ മടങ്ങിയതെന്നും റംഷാദ് പറയുന്നു. അനുശ്രീയുടെ ആ നേരത്തെ സമയോചിതമായ ഇടപെടലും സര്‍വ്വേശ്വരന്റ കരുണ്യവുമാണ് തന്റെ ചികിത്സപെട്ടന്നായത്.ഒരു പക്ഷേ ചികിത്സ കിട്ടാന്‍ വൈകിയിരുന്നാല്‍ ചിലപ്പോള്‍ എന്റെ കാഴ്ച്ച തന്നെ നഷ്ടപ്പെട്ടേനെയെന്നും അനുശ്രീക്കും ഒപ്പമുണ്ടായിരുന്ന മേക്ക്പ ആര്‍ട്ടിസ്റ്റ് പിങ്കിക്കും നന്ദി പറഞ്ഞുകൊണ്ടാണ് റംഷാദ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.